ദോഹ: വിമാന ടിക്കറ്റ് നിരക്കില്‍ നിലവിലെ കുറഞ്ഞ നിരക്കിനെ മറികടക്കാന്‍ എയര്‍ ഇന്ത്യാ എക്‌സപ്രസ് യാത്രക്കാരെ പിഴിഞ്ഞ് പുതിയ തട്ടിപ്പു നടത്തുന്നതായി പരാതി. സീസണല്ലാത്തതിനാല്‍ വില കുറച്ച് നല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിപ്പിക്കുകയും അധികമായി വരുന്ന ചെറിയ സാധനങ്ങള്‍ക്ക് പോലും ഡ്യൂട്ടി അടയ്പ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് എയര്‍ ഇന്ത്യാ അധികൃതര്‍ നടത്തുന്നതെന്ന് യാത്രക്കാരനായ റുബിനാസ് കൊട്ടേടത്ത്് പരാതിപ്പെട്ടു.
സീസണ്‍ സമയമല്ലാത്തതിനാല്‍ ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കുറഞ്ഞ നിരക്കിനെ യാത്രക്കാരില്‍ നിന്ന് മറ്റു രൂപത്തില്‍ വസൂലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത് അദ്ദേഹം പറഞ്ഞു. ഇന്നലെ ദോഹയില്‍ നിന്ന് കോഴിക്കോട് വഴി കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാരില്‍ നിന്ന് അന്യായമായി പണം ഈടാക്കിയത്. സാധാരണ ലാപ്‌ടോപ് സൂക്ഷിക്കുന്ന ബാഗുകള്‍ക്ക് ഒരു വിമാനത്തിലും ഡ്യൂട്ടി അടയ്ക്കാന്‍ ആവശ്യപ്പെടാറില്ലെങ്കിലും ഇന്നലെ എയര്‍ ഇന്ത്യാ എക്പ്രസിലെ യാത്രക്കാരുടെ ലാപ്‌ടോപ്പനും ഡ്യൂട്ടി അടപ്പിച്ചതായി റുബിനാസ് കൊട്ടോടത്ത് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
ദോഹയില്‍ നിന്നു കോഴിക്കേടേക്കുള്ള ടിക്കറ്റ് നിരക്ക്് 390 റിയാലായിരുന്നു. 30 കിലോ ലഗേജും ഏഴ് കിലോ ഹാന്‍ഡ്‌ബേഗുമാണ് അനുവദിച്ചിരുന്നത്. ഹാന്‍ഡ് ബേഗില്‍ ഒരു കിലോ കൂടിയതിനാല്‍ അതിന്റെ ഡ്യൂട്ടി അടയ്ക്കാന്‍ ഞാന്‍ തയാറായി. എന്നാല്‍ ലാപ്‌ടോപും ക്യാമറയും ഡ്യൂട്ടിയടക്കാതെ വിടില്ലെന്നായിരുന്നു ഉദ്യേഗസ്ഥരുടെ പ്രതികരണമെന്ന് റുബിനാസ് പറഞ്ഞു. 230 റിയാല്‍ തന്റെടുത്ത് നിന്ന് അധികം വാങ്ങിച്ചതായും വര്‍ഷങ്ങളായി യാത്രചെയ്യുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്നും ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. സ്ത്രീകളടക്കമുള്ള ആളുകളുടെ ചെറിയ ഹാന്‍ഡ് ബേഗിന് പോലും ഡ്യൂട്ടി അടപ്പിച്ചതായും ടിക്കറ്റിലെ നിരക്ക് കുറവ് നികത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഖത്തര്‍ സമയം ഉച്ചക്ക് 2.30ന് പുറപ്പെട്ട് രാത്രി 11.5ന് കൊച്ചിയിലെത്തേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് എക്‌സ് 0374 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അധികൃതരില്‍ നിന്നും മോശമായ രീതിയിലുള്ള അനുഭവം ഉണ്ടായത്.