ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം ഒന്നാം പ്രതി. ചിദംബരം അടക്കം ഒന്‍പത് പ്രതികളാണ് കേസില്‍ ഉള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. കേസ് നവംബര്‍ 26ന് പരിഗണിക്കും.

കഴിഞ്ഞ ജനുവരിയില്‍ ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ സിബിഐയുടെ രഹസ്യ രേഖകള്‍ കിട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്ന് അറിയിച്ചിരുന്നു. എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് അന്ന് കണ്ടെത്തിയത്. ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. രഹസ്യരേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നല്‍കാന്‍ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതെന്നാണ് കേസിലെ ആരോപണം.