ബാംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ മണ്ണിന്റെ മകനാണെന്ന് പുകഴ്ത്തി ബി.ജെ.പി നേതാവ് എ.എച്ച്. വിശ്വനാഥ്. കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സില്‍ അംഗമാണ് എ.എച്ച്. വിശ്വനാഥ്. നേരത്തെ ടിപ്പുവിനെതിരെ വ്യാപകമായി വ്യാജപ്രചാരണങ്ങള്‍ നടത്തിയവരാണ് ബിജെപിക്കാര്‍. കര്‍ണാടകയിലെ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തില്‍നിന്ന് ടിപ്പുവിനെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു.

ടിപ്പുവിനെ കന്നട മണ്ണിലെ സ്വാതന്ത്ര്യസമര വീരനായകനായ സെങ്കാള്ളി രായണ്ണയോടാണ് വിശ്വനാഥ് ഉപമിച്ചത്. ടിപ്പു സുല്‍ത്താന്‍ ഒരു പാര്‍ട്ടിയുടെയും മതത്തിന്റേയും ജാതിയുടെയും ആളല്ല. അദ്ദേഹം ഈ മണ്ണിന്റെ മകനാണ്. അദ്ദേഹത്തെ ഏതെങ്കിലും മതത്തിലേക്ക് ചുരുക്കരുതെന്നും വിശ്വനാഥ് പറഞ്ഞു.

‘കുട്ടികള്‍ ടിപ്പു സുല്‍ത്താന്‍, മഹാത്മാഗാന്ധി, തുടങ്ങിയവരെ കുറിച്ച് പഠിക്കണം. അത് അവരില്‍ രാജ്യാഭിമാനമുയര്‍ത്തും.’ കര്‍ണാടകയിലെ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തില്‍നിന്ന് ടിപ്പുവിനെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയതു സംബന്ധിച്ച ചോദ്യത്തിന് വിശ്വനാഥന്റെ മറുപടി ഇതായിരുന്നു.

ടിപ്പു സുല്‍ത്താന്‍ വിഷയത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തുറന്ന പോരിലാണ്. 2013ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ടിപ്പു ജയന്തി കന്നട സാംസ്‌കാരിക വകുപ്പിന് കീഴില്‍ ഔദ്യോഗിക ആഘോഷമായി സംഘടിപ്പിച്ചിരുന്നു. ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യസമര സേനാനിയായി കോണ്‍ഗ്രസ് കണക്കാക്കുേമ്പാള്‍ ടിപ്പു ദേശദ്രോഹിയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

2019ല്‍ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ ടിപ്പു ജയന്തി റദ്ദാക്കി. പിന്നീടാണ് ടിപ്പുവിനെ കുറിച്ച പാഠഭാഗങ്ങള്‍ സ്‌കൂള്‍ പുസ്തകങ്ങളില്‍നിന്ന് നീക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. പാഠപുസ്തകങ്ങളില്‍നിന്ന് ടിപ്പുവിനെ കുറിച്ച ഭാഗങ്ങള്‍ നീക്കേണ്ടതില്ലെന്നായിരുന്നു ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.