ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രണ്ടാം വട്ടവും ജനവിധി തേടുന്ന അഖിലേഷ് യാദവിന് ഒടുവില്‍ സൈക്കിള്‍ ചിഹ്നം ലഭിച്ചു. അച്ഛനും മുതിര്‍ന്ന നേതാവുമായ മുലായത്തിന്റെ വാദം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. അദ്ദേഹത്തിന് പുതിയ ചിഹ്നം തെരഞ്ഞെടുക്കാന്‍ കമ്മീഷന്‍ അനുമതി നല്‍കി. നാലാഴ്ചയോളം നീണ്ടുനിന്ന ആകാംക്ഷക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെ തീര്‍പ്പായത്. സൈക്കിള്‍ ചിഹ്നവും കൈവിട്ടതോടെ മുലായം ക്യാമ്പ് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായി.

സൈക്കിള്‍ ചിഹ്നത്തിനായി രണ്ടുകൂട്ടരും ശക്തമായ വാദങ്ങളാണ് കമ്മീഷന് മുമ്പാകെ അവതരിപ്പിച്ചത്. രണ്ട് കൂട്ടര്‍ക്കും ലഭിക്കാത്ത രീതിയില്‍ ചിഹ്നം മരവിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു. നിലവിലെ എം.എല്‍.എമാരില്‍ ഭൂരിഭാഗവും അഖിലേഷിനൊപ്പമായിരുന്നു. പാര്‍ട്ടി അണികളും അഖിലേഷിനൊപ്പമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് നസീം സെയ്ദി അദ്ധ്യക്ഷനായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. പരസ്പരം പുറത്താക്കിയും തിരിച്ചെടുത്തും സമാജ് വാദി പാര്‍ട്ടി കളം നിറഞ്ഞിരുന്നു. കോണ്‍ഗ്രസുമായുള്ള അഖിലേഷ് വിഭാഗത്തിന്റെ സഖ്യമാണ് ഇനി ചര്‍ച്ചയാവുക.

ഫെബ്രുവരി പതിനൊന്നിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമര്‍പ്പണം നാളെ മുതലാണ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് പതിനൊന്നിന് പ്രഖ്യാപിക്കും. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് യു.പി തെരഞ്ഞെടുപ്പ്. അധികാരത്തില്‍ തിരിച്ചെത്താന്‍ മായാവതിയുടെ ബിഎസ്പിയും കച്ചമുറുക്കി രംഗത്തുണ്ട്.