X

അലനും താഹയും സിപിഎമ്മിന്റെ ഇരട്ട നിലപാടിന്റെ ഇരകള്‍; ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് ചെന്നിത്തല

 

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ചിരുന്ന അലനും താഹയ്ക്കും പത്ത് മാസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവര്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് ദേശീയ തലത്തില്‍ പ്രസംഗിക്കുകയും ,ഭരണത്തിലേറിയാല്‍ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് സിപിഎമ്മിന്റെ രീതിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.

അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലാക്കിയതിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിവാശി ഉപേക്ഷിച്ചില്ല. യുഎപിഎ ചുമത്തുന്നത് സിപിഎം നയമല്ലെന്ന് ഇപ്പോള്‍ പറയുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നാണ് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം എന്നീ നിബന്ധനകള്‍ക്ക് പുറമെ ഒരു ലക്ഷം രൂപയുടെ ബോണ്ടുമാണ് ജാമ്യം നല്‍കാന്‍ കോടതി വെച്ച നിബന്ധനകള്‍.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കൊച്ചിയിലെ എന്‍ഐഎ കോടതി വിധി പറഞ്ഞത്. എന്‍ഐഎ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്. ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം. 2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 ന് കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.

 

web desk 1: