ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം മണ്ടത്തരവും മനുഷ്യത്വരഹിതവുമെന്ന് നൊബേല്‍ പുരസ്‌കാര ജേതാവും ഭാരതരത്‌നയുമായ അമര്‍ത്യാസെന്‍. കള്ളപ്പണം പിടിച്ചെടുക്കാനുള്ള നീക്കം പ്രശംസനീയമാണ്. എന്നാല്‍ കള്ളപ്പണം തടയാനുള്ള ഫലപ്രദമായ നീക്കമായിരുന്നോ ഇതെന്ന് അദ്ദേഹം ചോദിച്ചു. കുറച്ചുമാത്രം മെച്ചവും കൂടുതല്‍ ദുരിതവുമാണ് നോട്ട് അസാധുവാക്കലിലൂടെ ഉണ്ടായത്.

എന്‍ഡിടിവിക്ക് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നല്‍കിയ അഭിമുഖത്തിലാണ് സെന്‍ നിലപാടു വ്യക്തമാക്കിയത്. മുന്നറിയിപ്പില്ലാതെ നോട്ട് പിന്‍വലിച്ച നടപടി ഏകാധിപത്യപരമാണ്. കള്ളപ്പണം പിടികൂടുകയെന്ന ലക്ഷ്യത്തെ കുറിച്ച് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും രണ്ട് അഭിപ്രായമുണ്ടാവില്ല. എന്നാല്‍ ഇപ്രകാരമാണോ അത് നടപ്പില്‍വരുത്തേണ്ടതെന്ന് നമ്മള്‍ ചോദിക്കേണ്ടതുണ്ട്. വളരെ ചെറിയ നേട്ടത്തിനായി വളരെ വലിയ ബുദ്ധിമുട്ടുകള്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്ന രീതിയാണിതെന്നും സെന്‍ പറഞ്ഞു.

 
നോട്ട് അസാധുവാക്കലിലൂടെ പിടിച്ചെടുക്കാവുന്ന കള്ളപ്പണത്തിന്റെ അളവ് പത്തു ശതമാനത്തിലും കുറവായിരിക്കും. ഏകദേശം ആറു ശതമാനം മാത്രമായിരിക്കുമത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നാശം വരുത്തുന്നതാണ് നോട്ടു നിരോധനം. പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും എന്നാല്‍ തീരുമാനം നടപ്പിലാക്കിയതില്‍ വീഴ്ച സംഭവിച്ചുവെന്നും സെന്‍ പറഞ്ഞു. സര്‍ക്കാറിനെതിരെ സംസാരിക്കുന്നതു കൊണ്ട് ആരെയും രാജ്യദ്രോഹികളാക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 31 ശതമാനം പേരുടെ മാത്രം പിന്തുണയാണ് കേന്ദ്ര സര്‍ക്കാറിനുള്ളതെന്നു ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.