ഡല്‍ഹി: ട്രെയിന്‍ ടിക്കറ്റും ഇനി ആമസോണ്‍ വഴി ബുക്ക് ചെയ്യാം. ഐആര്‍സിടിയും ആമസോണുമായി ഇതുസംബന്ധിച്ച് കരാറിലെത്തി. ആദ്യ ബുക്കിങ്ങില്‍ പരമാവധി 100 രൂപ വരെ ടിക്കറ്റ് നിരക്കിന്റെ 10% ആണ് ആമസോണ്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരികെ ലഭിക്കും. പ്രൈം അംഗങ്ങള്‍ക്ക് പരമാവധി 120 രൂപ വരെ ടിക്കറ്റ് നിരക്കിന്റെ 12% തിരികെ ലഭിക്കും. തുടക്കമെന്ന നിലയില്‍ സര്‍വീസ് ആന്‍ഡ് പേയ്‌മെന്റ് ഗേറ്റ്‌വെ നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

ട്രെയിനിലെ എല്ലാ ക്ലാസുകളിലെയും സീറ്റുകള്‍, ക്വോട്ട ലഭ്യത തുടങ്ങിയവയും ആമസോണ്‍ ആപ്പില്‍നിന്ന് അറിയാം. ലൈവ് പിഎന്‍ആര്‍ സ്റ്റാറ്റസ്, ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും റദ്ദാക്കാനുമുള്ള ഓപ്ഷനുകള്‍ എന്നിവയും ഉണ്ടാകും. ആമസോണ്‍ പേ ബാലന്‍സ് വഴി ഇടപാടു നടത്തുന്നവര്‍ക്ക് ബുക്കിങ് റദ്ദാക്കുകയോ ബുക്കിങ് തകരാറില്‍ പണം നഷ്ടമാകുകയോ ചെയ്താല്‍ ഉടനടി റീഫണ്ട് ലഭിക്കും.

ബസ് ടിക്കറ്റുകളും വിമാന ടിക്കറ്റുകളും മുമ്പ് തന്നെ ആമസോണ്‍ വഴി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.