ന്യൂഡല്‍ഹി: ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് തുടരും. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ റായിഡുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് പകരക്കാരനായി വിജയ് ശങ്കര്‍ ആണ് ടീമിലെത്തിയത്.

ശിഖര്‍ ധവാനും വിജയ് ശങ്കറും ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായപ്പോള്‍ റായിഡു ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ധവാന് പകരം റിഷഭ് പന്തും വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാളുമാണ് ടീമിലെത്തിയത്. ഇതിലുള്ള അതൃപ്തിയാണ് റായിഡു പെട്ടന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

ഇന്ത്യക്ക് വേണ്ടി 55 ഏകദിനങ്ങള്‍ കളിച്ച റായിഡു മൂന്ന് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറികളും അടക്കം 1694 റണ്‍സ് നേടിയിട്ടുണ്ട്.