X

മനുഷ്യന് ആംബുലന്‍സ് അനുവദിക്കാത്ത നാട്ടില്‍ ഇതാ പശുക്കള്‍ക്കായി ഒരു ആംബുലന്‍സ് സര്‍വീസ്

ലഖ്‌നൗ: മകന്‍ മരിച്ച അച്ഛന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാത്ത നാടാണിത്. ഏഴ് കിലോമീറ്ററോളം ദൂരെയുള്ള തന്റെ കുഗ്രാമത്തിലേക്ക് പതിനഞ്ചുകാറന്റെ മൃതദേഹം തോളിലും മോട്ടോര്‍ ബൈക്കലുമായി കൊണ്ടുപോകേണ്ടി വന്ന ഹതഭാഗ്യരുടെ നാടാണിത്. ആ നാട്ടില്‍ ഇതാ പശുക്കളെ ചികിത്സിക്കാനും ശുശ്രൂഷിക്കാനുമായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ് നടത്താന്‍ എന്‍.ജി.ഒ രംഗത്തെത്തിയിരിക്കുന്നത്.

അത്യാവശ്യ ഘട്ടത്തില്‍ ശസ്ത്രക്രിയ വരെ നടത്താവുന്ന സൗകര്യങ്ങളുളള ആംബുലന്‍സില്‍ സര്‍വ സന്നദ്ധരായ അഞ്ചു പേര്‍ സദാസമയവുമുണ്ടാവും. കൗതുകമുണര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ.

പ്രധാനമായും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സര്‍ക്കാരിതര സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയിലെ ഗോശാലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഉത്തര്‍പ്രദേശിലെ തന്നെ ഗോമതി നഗറിലാണ ്പശു ഹിന്ദുക്കളുടെ പാവനമൃഗമാണെന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന ഈ സംഘടനയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

കുറഞ്ഞകാലം മുലായം സിങ്ങിന്റെ സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇപ്പോള്‍ ബിജെപിയുമായി നീണ്ടകാലത്തെ ബന്ധം തുടരുന്ന സഞ്ജയ് റായ് ആണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. ഇത്തരം ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാനത്തെ 75 ജില്ലകളില്‍ തുടങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എത്ര കണ്ട് ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നതിനനുസരിച്ച് കൂടുതല്‍ സേവനങ്ങള്‍ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു -സഞ്ജയ് റായ് പറഞ്ഞു.

ദയവ് ചെയ്ത് ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത് എന്ന് അപേക്ഷിച്ച സഞ്ജയ് റായ് ഈ പ്രവര്‍ത്തനത്തിന് പിന്നിലെ പ്രധാന പ്രോത്സാഹനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്ന് തുറന്നുപറയാനും മടിച്ചില്ല.

അതേസമയം, പദ്ധതിക്ക് ചിലവഴിക്കപ്പെടുന്ന ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ സഞ്ജയ് റായ് തയാറായില്ല. പൂര്‍ണ പിന്തുണയുണ്ടെന്നതിനപ്പുറം സര്‍ക്കാറിന്റെ ഫണ്ടൊന്നും പദ്ധതിക്കില്ല. മുമ്പെന്ന പോലെ പശുവിന്റെ പാവനതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനതയുടെ സംഭാവനകള്‍ തന്നെയാണ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ളത്. അതിനാല്‍ തന്നെ പൈസ ഒരു വിഷയമാവുമെന്ന വിചാരം ഇല്ലെന്നും 54കാരന്‍ പറഞ്ഞു.

നാമമാത്ര സ്റ്റൈപന്റ് മാത്രം കൈപ്പറ്റുന്ന 32 മുഴുസമയ സന്നദ്ധ സേവകര്‍ എപ്പോഴും ലഖ്‌നൗ ഓഫീസിലുണ്ടാവും. കൂടുതലാളുകള്‍ സന്നദ്ധതയും താല്പര്യവുമറിയിച്ച് തങ്ങളെ സമീപിക്കുന്നുണ്ടെന്ന് സഞ്ജയ് റായ് പറയുന്നു.

മനുഷ്യര്‍ക്ക് മതിയായ സൗകര്യങ്ങളോ ചികിത്സാ സജ്ജീകരണങ്ങളോ ഇല്ലാത്തിടത്താണ ഇത്തരം വിചിത്രമായ സംഭവങ്ങള്‍ നടക്കുന്നതെന്നതാണ് ഏറെ കൗതുകകരം.

chandrika: