തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മിതമാണെന്ന ആരോപണം ശരിവെച്ച് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ തെരഞ്ഞെടുപ്പ് രംഗത്ത് എല്‍.ഡി.എഫ് പ്രതിരോധത്തിലായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല. മുന്നറിയിപ്പില്ലാത്ത ഡാമുകള്‍ തുറന്നവിട്ടതാണ് പ്രളയത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇത് സര്‍ക്കാരിനും ഇടതുപക്ഷത്തിനും വെല്ലുവിളി സൃഷ്ടിക്കും.
സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ വികസനപദ്ധതികളോ മറ്റോ ഇല്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രളയത്തെ അതിജീവിച്ച സര്‍ക്കാരിന്റെ സാഹസികതയാണ് എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് വന്നതോടെ ഈ വാദവുമായി വോട്ടര്‍മാരെ സമീപിക്കാനാകാത്ത സ്ഥിതിയാണ്. മഹാപ്രളയത്തിലും തളരാത്ത നേതൃത്വമായി പിണറായി വിജയനെ ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരെ സമീപിക്കുന്നത്. പ്രളയം മനുഷ്യനിര്‍മിതമാണെന്ന് വ്യക്തമാക്കുന്ന ആധികാരിക റിപ്പോര്‍ട്ട് വന്നതോടെ എല്‍.ഡി.എഫിന് തിരിച്ചടിയായെന്നു മാത്രമല്ല, മറ്റ് കക്ഷികള്‍ ഇത് പ്രചരണായുധമാക്കുകയും ചെയ്യും.
വേണ്ടത്ര മുന്‍കരുതലുകളോ പഠനങ്ങളോ കൂടാതെ ഡാമുകള്‍ തുറന്നുവിട്ടതിലൂടെ കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുകയാണുണ്ടായത്. ഇതുമൂലം കേരളത്തിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുകയും പുനര്‍നിമ്മാണം ആവശ്യമായി വരികയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വഴിമുട്ടാന്‍ ഇടയായ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന ആരോപണത്തെ തത്വത്തില്‍ ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
ഡാമുകള്‍ ഇല്ലാത്ത നദികളില്‍ പോലും വെള്ളപ്പൊക്കമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഡാമുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമെന്ന വാദത്തെ സര്‍ക്കാരും ഇടതുപക്ഷവും അന്ന് പ്രതിരോധിച്ചത്. എന്നാല്‍ ഡാമുകള്‍ തുറന്നുവിട്ടത് തന്നെയാണ് പ്രളയത്തിന് കാരണമെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. ‘നവകേരള നിര്‍മാണ’ത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനത്തെ സമീപിച്ചപ്പോഴും ഇതുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും സഹായം തേടിയപ്പോഴും മനുഷ്യനിര്‍മിത പ്രളയം എന്ന ആരോപണം നിലനിന്നിരുന്നു. എന്നാല്‍ സംഭവിച്ച ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനായി എല്ലാപേരും ഒരുമിച്ചു നില്‍ക്കുയാണുണ്ടായത്.
2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത് എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ മന്ത്രി എം.എം മണി ആട്ടിയോടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച മന്ത്രി, തനിക്കൊന്നും പറയാനില്ലെന്നും മേലാല്‍ തന്റെ വീട്ടില്‍ വന്ന് കയറിപ്പോകരുതെന്നും ആക്രോഷിച്ചു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി.ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.