ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് സിദ്ധരാമയ്യ. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു സിദ്ധരാമയ്യയുടെ ഇക്കാര്യം പറഞ്ഞത്.

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് അമിത് ഷാ കര്‍ണാടകയിലെത്തുന്നത്. ഗുജറാത്തിനും ഹിമാചലിനും ശേഷം കര്‍ണാടകയിലും അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി മുന്നോട്ടുപോകുന്നത്.

ഇന്ന് കര്‍ണാടകയിലെത്തുന്ന അമിത്ഷാ സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ ഗ്രൂപ്പ് നേതാക്കള്‍, ജില്ലാ അധ്യക്ഷന്‍മാര്‍ തുടങ്ങിയവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

224 അംഗ നിയമസഭയില്‍ അധികാരം പിടിച്ചെടുക്കാന്‍ 113 സീറ്റുകളാണ് സ്വന്തമാക്കേണ്ടത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നേടിയ വിജയം കര്‍ണാടകയിലും ആവര്‍ത്തിക്കാനാണ് ബി.ജെ.പി ശ്രമം. എന്നാല്‍ എന്ത് വില കൊടുത്തും ഭരണം നിലനിര്‍ത്തി അധികാരം ഉറപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായിരിക്കും രാഹുലും സംഘവും കര്‍ണാടകയിലിറങ്ങുക.