ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. ഒരാഴ്ചക്കിടെ നടത്തിയ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവാണ്. കോവിഡ് ഭേദമായ ശേഷം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനേഴിനാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

ഫലം നെഗറ്റീവാണെങ്കിലും ഗുരുതര പ്രമേഹരോഗിയായ അമിത് ഷാ എയിംസില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. ആശുപത്രിയില്‍ നിന്ന് തന്നെ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കും. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് 12 ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.