ലണ്ടന്‍: പിന്തിരിപ്പന്‍ നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും ഉപയോഗിച്ച് ലോകനേതാക്കള്‍ മനുഷ്യാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങി നിരവധി ലോക നേതാക്കള്‍ പിന്തിരിപ്പന്‍ നയങ്ങളിലൂടെ മനുഷ്യാവകാശങ്ങള്‍ക്ക് തുരങ്കംവെക്കുകയാണെന്ന് ആംനസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈജിപ്ത്, ഫിലിപ്പീന്‍സ്, വെനസ്വേല ഭരണത്തലന്മാരെയും ആംനസ്റ്റി പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ വിദ്വേഷവും ഭീതിയും കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കലുഷിതമായ ഈ കാലത്ത് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ചുരുക്കം ഭരണകൂടങ്ങള്‍ മാത്രമേ ഉള്ളൂ-ആംനസ്റ്റി സെക്രട്ടറി ജനറല്‍ സലീല്‍ ഷെട്ടി പറഞ്ഞു.
ആറ് മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ വിവാദ യാത്രാ വിലക്കും ഫിലിപ്പീന്‍സില്‍ മയക്കമുരുന്നു വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടക്കുന്ന ബലപ്രയോഗങ്ങളും കൊലപാതകങ്ങളും മനുഷ്യാവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണത്തിന്റെ പ്രത്യക്ഷ തെളിവാണ്. 2016 ജൂണില്‍ ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ മയക്കുമരുന്ന് വേട്ട തുടങ്ങിയ ശേഷം ഇരുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ലോകനേതാക്കളുടെ മനുഷ്യാവകാശ വിരുദ്ധ പിന്തിരിപ്പന്‍ സമീപനങ്ങള്‍ വ്യാപക പ്രതിഷേധത്തിനും സാമൂഹിക പ്രശ്‌നങ്ങള്‍ക്കും തിരികൊളുത്തി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അമേരിക്കയില്‍ നടന്ന വനിതാ മാര്‍ച്ച് തന്നെ അതിന്റെ മികച്ച തെളിവാണ്. യു.എസില്‍ തുടങ്ങിയ മാര്‍ച്ച് പിന്നീട് ആഗോള പ്രതിേഷധമായി മാറി. പൊതുജന പ്രതിഷേധത്തിന്റെ ശക്തിയാണ് അതിലൂടെ പ്രകടമായതെന്ന് അമേരിക്കയിലെ ആംനസ്റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ഗരറ്റ് ഗുവാങ് പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ പൊതുജന പിന്തുണയുണ്ടെങ്കില്‍ വിജയത്തിലെത്തിക്കാന്‍ സാധിക്കും.
മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ട്രംപ് അപകടകരമായ കീഴ്‌വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭിന്നലിംഗക്കാരോട് വിവേചനപരമായി പെരുമാറുന്നതും മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതും കുടിയേറ്റ വിരുദ്ധ പ്രസ്താവനകളും ട്രംപിന്റെ മനുഷ്യാവകാശ വിരുദ്ധ സമീപനമാണ് തെളിയിക്കുന്നതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 159 രാജ്യങ്ങളിലെ മനുഷ്യാവകാശ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ആംനസ്റ്റി വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.