അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സലയിലായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് (45) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. നിലവില്‍ 11 പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതമായി തുടരുകയാണ്. വ്യാഴാഴ്ച മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കൂട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഒരുമാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. താമരശ്ശേരി കോരങ്ങാട് സ്വദേശിനിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് രതീഷിന് മുമ്പ് മരിച്ച മൂന്നുപേര്‍.
രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രതീഷിന്റെ ശ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാളെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വരികയായിരുന്നു.