യുണൈറ്റഡ് നാഷന്‍സ്: ആഗോള തലത്തില്‍ ആണവായുധ നിരോധന കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രമേയം കൊണ്ടു വരാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. 122 രാജ്യങ്ങള്‍ കീരുമാനത്തെ അനുകൂലിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സ് തീരുമാനത്തിനെതിരായി വോട്ടു ചെയ്തു. സിംഗപ്പൂര്‍ വിട്ടു വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നപ്പോള്‍ ഇന്ത്യയടക്കം എട്ട് ആണവ രാജ്യങ്ങള്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. ഇന്ത്യക്കു പുറമെ അമേരിക്ക, ബ്രിട്ടണ്‍, ചൈന, പാകിസ്താന്‍, ഉത്തര കൊറിയ, റഷ്യ, ഫ്രാന്‍സ്. ഇസ്രാഈല്‍ എന്നീ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ് കരാര്‍. ആണവ നിരായുധീകരണമല്ല വേണ്ടതെന്നും ആണവായുധം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ആഗോള തലത്തില്‍ ആണവായുധ നിരോധനം കൊണ്ടു വരുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന യു.എന്‍ യോഗം തീരുമാനിച്ചിരുന്നു. അന്ന് 123 രാഷ്ട്രങ്ങള്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ ആണവായുധ ശക്തികളും സഖ്യ രാജ്യങ്ങളുമുള്‍പ്പെടെ 38 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ആണവ നിരായുധീകരണ കരാറിനെപ്പറ്റി 1996ലാണ് അവസാനമായി കൂടിയാലോചന നടന്നത്. അന്ന് രൂപം നല്‍കിയ സമഗ്ര ആണവ പരീക്ഷണ നിരോധന കരാര്‍ (സി.ടി.ബി.ടി) ഏതാനും രാജ്യങ്ങളുടെ എതിര്‍പ്പുമൂലം നിലവില്‍ വന്നിട്ടില്ല. മാരക നശീകരണ ശേഷിയുള്ള ആയുധങ്ങളില്‍ അന്താരാഷ്ട്ര കരാറിലൂടെ നിരോധിക്കാത്തത് ആണാവായുധങ്ങള്‍ മാത്രമാണ്. രാസ, ജൈവ ആയുധങ്ങള്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ആകെ 15,000 ആണവായുധങ്ങളുള്ളതില്‍ ഭൂരിപക്ഷവും അമേരിക്കയുടേയും റഷ്യയുടേയും കൈകളിലാണ്.