കോഴിക്കോട്: സമകാലിക മലയാളം വാരികയില്‍ സംഘ്പരിവാര്‍ താല്‍പര്യങ്ങളെ താലോലിക്കുന്ന രീതിയില്‍ തന്റേതായി വന്ന അഭിമുഖത്തിന്റെ വിശദാംശങ്ങളും ആധികാരികതയും പുറത്തുവിടാന്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ തയ്യാറാവണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന തകരുകയാണെന്നും മുസ്്‌ലിംകള്‍ ഭൂരിപക്ഷമാവാന്‍ പോവുന്നുവെന്നുമുള്ള പഴകിപുളിച്ച നുണയെ ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നത്. 27 ശതമാനമുള്ള മുസ്്‌ലിം ജനസംഖ്യ പെരുകുന്നതായും നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്്‌ലിം കുട്ടികളാണെന്നും ഒരു പഠനവും റിപ്പോര്‍ട്ടും പറയുന്നില്ല. അത്തരം സംഘ്പരിവാര്‍ പ്രചാരങ്ങളില്‍ കഴമ്പില്ലെന്നാണ് പുറത്തുവന്ന വിവരങ്ങളത്രയും. എന്നിട്ടും, ദുസ്സൂചനകളോടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തി പറയുന്നത്.
മതമേതായാലും എല്ലാ പൗരന്മാരെയും ഒരേപോലെ കാണാനാവാത്തതാണ് അത്തരം ചിന്തകളുടെ കാരണം. ജിഹാദിനെക്കുറിച്ച് കേരളത്തിലെ മുസ്്‌ലിം സമുദായം ശരിയായിതന്നെയാണ് മനസ്സിലാക്കിയത്. തീവ്രവാദഭീകരവാദജിഹാദി ചിന്താധാരകളെ കയ്യൊഴിയാനും തള്ളിപ്പറയാനും മുഖ്യധാരാ സംഘടനകളെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഐ.എസിനെതിരെ സഊദിയു നേതൃത്വത്തിലുള്ള സഖ്യ രാജ്യങ്ങളാണ് യുദ്ധം ചെയ്യുന്നത്. എന്നിട്ടും സ്വര്‍ഗത്തില്‍ പോവാന്‍ ജിഹാദ് നടത്തണമെന്നും അമുസ്്‌ലിംകളെ കൊല്ലണമെന്നുമുള്ള ഐ.എസ് ആശയങ്ങളെ ഇന്ത്യന്‍ മുസ്്‌ലിം സമൂഹത്തിനുമേല്‍ കെട്ടിവെക്കാനുള്ള അദ്ദേഹത്തിന്റെ അധര വ്യായാമം ലജ്ജാകരമാണ്.
സ്‌നേഹത്തിന്റെ പേരില്‍ ഇസ്്‌ലാമിലേക്ക് ഏകപക്ഷീയ മതംമാറ്റമുണ്ടെന്ന വാദം വിചിത്രമാണ്. കോടതികളില്‍ ചീറ്റിപ്പോയ ലൗ ജിഹാദിന് ആധികാരികത നല്‍കാനുള്ള ശ്രമം വര്‍ത്തമാനകാല സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ്. പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റമസാന്‍ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്നത് വാദിയെ പ്രതിയാക്കുന്ന പഴയ പൊലീസ് മുറയാണ്. ബീഫിന്റെ പേരില്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും തല്ലിക്കൊല്ലുന്നതിനെതിരെ മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തുന്നത്, പൂച്ച് പുറത്തുചാടിയതാണോയെന്ന സംശയം ബലപ്പെടുത്തുന്നു. അഭിമുഖത്തില്‍ പലതും അര്‍ധസത്യങ്ങളാണെന്ന് പ്രതികരിച്ച സെന്‍കുമാര്‍ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ചട്ടുകമാവാതിരിക്കാന്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്തണം.
മതതീവ്രവാദവും ഇടതുപക്ഷതീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്ത നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് പറയുമ്പോഴും ഗാന്ധിവധത്തിലും രാജ്യത്തെ ഒട്ടേറെ കലാപങ്ങളിലും പങ്കുള്ള ആര്‍.എസ്.എസിനെ വെള്ളപൂശുന്നതിന് ഒരു മടിയും കാണിക്കുന്നുമില്ല. മതത്തെ തീവ്രവാദത്തിന്റെ ചതുപ്പു നിലയങ്ങളിലേക്ക് ആനയിക്കുന്ന ആര്‍.എസ്.എസും ഐ.എസ്.ഐ.എസുമെല്ലാം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളും എതിര്‍ക്കപ്പെടേണ്ടതുമാണ്. സംസ്ഥാന സര്‍ക്കാറിന് വിശ്വാസം നഷ്ടപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥന്‍, കേന്ദ്ര ഭരണകൂടത്തിന്റെ അരുക് പറ്റാനുള്ള വിലകുറഞ്ഞ പ്രചാരവേലയാണെന്ന് അബദ്ധജഡിലവും വാസ്തവ വിരുദ്ധവും പ്രകോപനപരവും യുക്തിക്ക് നിരക്കാത്തതുമായ അഭിമുഖത്തിലെ നിരീക്ഷണങ്ങള്‍. പ്രബുദ്ധ ജനത ഇത്തരം അവസരവാദങ്ങളെയും നുണപ്രചാരണങ്ങളെയും വേര്‍തിരിച്ചറിയുകയും തള്ളിക്കളയുമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.