ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ചെന്നൈ എഫ്‌സിയെ തുരത്തിയപ്പോള്‍ കേരളാ ബ്ലാസ്റ്റേര്‍സ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നത് ടീമെന്ന നിലയിലുള്ള താരങ്ങളുടെ ഒത്തിണക്കമാണ്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ടുപോയ ഒരുമ ഇത്തവണ ടീം വീണ്ടെടുത്തിരിക്കുന്നു. ടീമില്‍ നിന്ന് ഒരു പ്രശ്‌നവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കളിക്കളത്തിലും ഈ ഒരുമ ഏറെ പ്രകടമാകുന്നു.

പോസ്റ്റിനു തൊട്ടുമുന്നില്‍ നിന്നുപോലും പന്ത് പാസ് ചെയ്യാന്‍ മുന്നേറ്റക്കാര്‍ ശ്രമിക്കുന്നു. ചെന്നൈയിനെതിരെ ബ്ലാസ്റ്റേര്‍സിന്റെ മൂന്നു ഗോളുകളും പിറന്നത് ഈ ടീം സ്പിരിറ്റിലൂടെ തന്നെ. കോച്ച് സ്റ്റീവ് കൊപ്പല്‍ ടീമില്‍ നിറച്ച പോസിറ്റീവ് എനര്‍ജി തന്നെ ഈ ടീമിന്റെ കുതിപ്പിനു പിന്നില്‍.

മത്സരത്തില്‍ 28ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിനു പകരക്കാരനായി ആന്റോണിയോ ജര്‍മനെ ഇറക്കിയതാണ് മത്സരം കേരളത്തിനനുകൂലമായി മാറ്റി മറിച്ചത്. ആദ്യ ഗോളിന് വഴിയൊരുക്കിയ ജര്‍മന്‍ തന്നെ വിനീതിന്റെ മൂന്നാം ഗോളിനും പിന്നില്‍. മധ്യനിരയില്‍ നിന്ന് ജര്‍മന്‍ നീട്ടിനല്‍കിയ പന്താണ് വിനീത് ഗോളിലേക്ക് തിരിച്ചുവിട്ടത്. വിനീതിന്റെ ആദ്യ ഗോളിലും ഈ ബ്രിട്ടീഷ് കാല്‍സ്പര്‍ശമുണ്ടായിരുന്നു.

അസാധ്യ പ്രതിഭയാണെന്ന് പലതവണ ഈ 24കാരന്‍ തെളിയിച്ചതാണ്. പക്ഷെ, ഒരു സ്‌ട്രൈക്കറെന്ന നിലയില്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞ സീസണില്‍ കഴിഞ്ഞില്ല. ഈ സീസണിലും പലപ്പോഴും പകരക്കാരുടെ ബഞ്ചിലായിരുന്നു സ്ഥാനം. പക്ഷെ, ചെന്നൈയിനെതിരായ മത്സരത്തിലൂടെ ആദ്യ ഇലവനിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുന്നു ഈ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേര്‍സ് യൂത്ത് താരം.

സ്‌ട്രൈക്കറെന്നതിലുപരി പ്ലേമേക്കറാവാനും തനിക്കാവുമെന്നാണ് ഒരൊറ്റ മത്സരത്തിലൂടെ ജര്‍മന്‍ തെളിയിച്ചത്. പന്തും കാലും തമ്മിലുള്ള ആ താളം വീണ്ടെടുക്കാനും ജര്‍മനായി.
ഗോളടിച്ചില്ലെങ്കിലും ഗോളടിപ്പിക്കുകയെന്ന നിലപാടിലേക്കുള്ള ഈ മാറ്റം ബ്ലാസ്റ്റേര്‍സിന്റെ പ്രയാണത്തിന് ഏറെ കരുത്തുപകരും. അതെ, ആന്റോണിയോ ജര്‍മന്‍.. മലയാളികള്‍ ആ പേര് വീണ്ടും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.

പ്രതിഭാ ധാരാളിത്തമുള്ള ഈ കളിക്കാരന്‍ സീസണില്‍ ഫോമിലേക്ക് ഉയരുമ്പോള്‍ കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ മോഹങ്ങളും ചിറകടിച്ചുയരുകയാണ്.

https://www.youtube.com/watch?v=pe6Xqa5YLac