കസാന്‍: അവസാന നിമിഷം വരെ ആവേശം വിതറിയ റഷ്യന്‍ ലോകകപ്പിന്റെ ആദ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ ഗോളടിയില്‍ അര്‍ജന്റീനയോട് പൊരുതി ജയിച്ച് ഫ്രഞ്ച് പട. 3-4 എന്ന ഗോളില്‍ മുങ്ങിയ ഒരുവേള നടക്കുന്നത് ഫൈനല്‍ മത്സരമോ തോന്നിച്ച കസാന്‍ അറീന സ്‌റ്റേഡിയത്തില്‍ ഒടുവില്‍ എംബാപ്പെയുടെ ഫ്രാന്‍സ് ചിരിച്ചപ്പോള്‍ മെസിക്കും കൂട്ടര്‍ക്കും കരഞ്ഞു മടങ്ങേണ്ട കാഴ്ച.
ലോകം മുഴുവനുമുള്ള അര്‍ജന്റീനിയന്‍, മെസ്സി ആരാധകരെ കണ്ണീര് കുടിപ്പിച്ച് കളം നിറഞ്ഞ് കളിച്ച ഫ്രഞ്ച് യുവ നിര ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഏഴു ഗോളുകളാണ് പിറത്. 18-ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലൂടെ ഫ്രാന്‍സാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഇടേവളക്ക് പിരിയുതിന് തൊട്ടു മുമ്പ് 41-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ മനോഹരമായ ഗോളിലൂടെ അര്‍ജന്റീന സമനില പിടിച്ചു. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റായപ്പോഴേക്കും ഗബ്രിയേല്‍ മെര്‍കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. മെസ്സിയുടെ ഷോട്ട് പൊസ്റ്റിന് മുന്നില്‍ നിന്നും ദിശ മാറ്റിവിട്ട മെര്‍കാഡോ പന്ത് വലയില്‍ കടത്തുകയായിരുന്നു. എന്നാല്‍ അര്‍ജന്റീന 2-1 എന്ന ലീഡിന് അല്‍പായുസ്സ് മാത്രമേ ഉണ്ടായുള്ളൂ. 57-ാം മിനിറ്റില്‍ ബെഞ്ചമിന്‍ പാവാര്‍ഡിന്റെ മനോഹരമായ ഗോളിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു, സ്‌കോര്‍ 2-2.
ഇതിനിടെ മഞ്ഞകാര്‍ഡ് ലഭിച്ച റോജൊയെ പിന്‍വലിച്ചതും അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ ഓട്ടവീണ് തുടങ്ങാന്‍ കാരണമായി. പിന്നീട് കിലിയന്‍ എംബപ്പെയുടെ തേരോട്ടമാണ് മൈതാനം കണ്ടെത്. 64, 68 മിനിറ്റുകളില്‍ എംബപ്പെ ഫ്രാന്‍സിനു വേണ്ടി ഗോളുകള്‍ നേടിയതോടെ ഫ്രാന്‍സ് 4-2 എ നിലയില്‍ മുന്നിലെത്തി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മെസിയുടെ നീളന്‍ പാസില്‍ സര്‍ജിയോ അഗ്യൂറോയിലൂടെ ഒരു ഗോള്‍ അര്‍ജന്റീന മടക്കി തോല്‍വിയുടെ ഭാരം 4-3 ആക്കി കുറച്ചെങ്കിലും തോറ്റു മടങ്ങാനായിരുന്നു മിസിഹക്കും കൂട്ടര്‍ക്കും വിധി.