കെ. മൊയ്തീന്‍കോയ

സോവ്യറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം സഹിക്കേണ്ടിവന്നത് മുസ്‌ലിംകള്‍ക്കായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തില്‍ അടിച്ചമര്‍ക്കപ്പെട്ട ഈ സമൂഹം, അതിന്‌ശേഷം മോചനം പ്രതീക്ഷിച്ചതാണെങ്കിലും സ്വാതന്ത്ര്യം അനുവദിക്കാന്‍ മുന്‍ കമ്യൂണിസ്റ്റുകളായ ഭരണാധികാരികള്‍ തയാറായില്ല. റഷ്യയിലെ മുന്‍ കമ്യൂണിസ്റ്റ് വ്‌ളാഡ് മിര്‍ പുട്ടിന്‍ ഭരണത്തില്‍ ചെച്‌നിയന്‍ മുസ്‌ലിംകളും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണത്തില്‍ ഉയിഗൂര്‍ മുസ്‌ലിംകളും നരകതുല്യ ജീവിതമാണ് ഇപ്പോഴും നയിക്കുന്നത്. യൂറോപ്പിലെ പ്രമുഖ രാഷ്ട്രമായ യുഗോസ്ലാവ്യയിലെ സ്ഥിതി ഇതിലേറെ ഭയാനകവും പൈശാചികവുമായിരുന്നു.

രണ്ടാം ലോക യുദ്ധത്തിന്‌ശേഷം യൂറോപ്പ് ദര്‍ശിച്ച ഏറ്റവും വലിയ കൂട്ടകൊലയുടെ മുറിവ് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഉണങ്ങിയിട്ടില്ല. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇടക്കിടെ പുറപ്പെടുവിക്കുന്ന വിധിയിലൂടെ ഈ പൈശാചിക സംഭവം ലോക മനസാക്ഷിയെ വീണ്ടും ഓര്‍മ്മപ്പെടുത്തകയാണ്. ’92-95 കാലഘട്ടം 3 വര്‍ഷം നീണ്ട സെര്‍ബിയന്‍ അതിക്രമത്തിനിടെ 44 ബോസ്‌നിയന്‍ സിവിലിയന്‍മാരെ കൊലപ്പെടുത്തിയ ഏഴ് സെര്‍ബ് സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനാണ് കഴിഞ്ഞാഴ്ചയിലെ ബോസ്‌നിയന്‍ കോടതി വിധി. തെക്ക് കിഴക്കന്‍ നഗരമായ സൊകോലാ കില്‍ വച്ചായിരുന്നു കുരുതി. 14 മുതല്‍ 82 കാരന്‍ വരേ ക്രൂരമായി കൊല്ലപ്പെട്ടു. പുരുഷന്‍മാരെ മാത്രം തെരഞ്ഞുപിടിച്ചായിരുന്നു കൊല നടത്തിയത്. വംശഹത്യക്ക് യു.എന്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ച സൈനിക തലവന്‍ ജാല്‍ റാഡിസ്ലാവ് ക്രസ്റ്റിക്കും ഈ കുറ്റകൃത്യത്തിലും പങ്കാളിയാണ്. മറ്റൊരു കേസില്‍ യു.എന്‍ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ക്രസ്റ്റിക് പോളണ്ടില്‍ തടവില്‍ കഴിയുന്നു. ബോസ്‌നിയയിലെ നരനായാട്ടുമായി ബന്ധപ്പെട്ട ഭൂരിപക്ഷം കേസുകളും യു.എന്‍ കോടതി വിചാരണക്ക് എടുത്തിട്ടില്ല’ 600 ലധികം വരുന്ന കേസുകളില്‍ 4500 പ്രതികള്‍ ഉണ്ട്.

ബോസ്‌നിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഒരു ലക്ഷത്തോളം മരണം സംഭവിച്ചു. 22 ലക്ഷം ഭവനരഹിതരായി. തലസ്ഥാനമായ സരയെവോ നഗരം മൂന്ന് വര്‍ഷത്തോളം ബോസ്‌നിയന്‍ സെര്‍ബുകളും സെര്‍ബിയന്‍ സൈന്യവും ഉപരോധിച്ചു. സെര്‍ബിയന്‍ പ്രസിഡന്റ് സ്ലോ ബോദന്‍ മിലേസെവിച്ച് ആണ് അതിക്രമത്തിന് ചുക്കാന്‍ പിടിച്ചത്. കേസുകളില്‍ ഇയാളും പ്രതിയാണ്. സെര്‍ബ് സൈനിക തലവന്‍ റാറ്റ്‌കോ മഌിച്ച് എല്ലാ പൈശാചിക കുറ്റങ്ങള്‍ക്കും നേതൃത്വം നല്‍കിയതിലൂടെ ‘ബോസ്‌നിയന്‍ കശാപ്പുകാരന്‍’ എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 1992 ജൂലൈ 11 മുതല്‍ അഞ്ച് ദിവസങ്ങളിലായി സെബ്രിനിക നഗരത്തില്‍ നടന്ന മൃഗീയ കൂട്ടകശാപ്പ് ലോകത്തെ നടുക്കുന്നതായിരുന്നു. 8000 പേരെ സെര്‍ബ് പൈശാചികര്‍ കൊന്നൊടുക്കി. കൂട്ട കുഴിമാടങ്ങളില്‍ അടക്കി. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ പെടുന്നു. യു.എന്‍ സേനയുടെ സംരക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് നേരെയായിരുന്നു ഈ അതിക്രമം. യു.എന്‍ സേന സെര്‍ബിയയുടെ പൈശാചികതയെ കണ്ടില്ലെന്ന് നടിച്ചു. സെര്‍ബ് ജനറല്‍ റാറ്റ്‌കോ മഌസിച്ചിന് ആയിരുന്നു നേതൃത്വം. രക്ഷതേടി ബസുകളിലും ട്രക്കുകളിലും യാത്ര ചെയ്തവരെ പിടികൂടി കൊന്നൊടുക്കുകയാണുണ്ടായത്. യൂറോപ്പ് നടുങ്ങിയ സംഭവമായിരുന്നു ഈ സംഭവം.

ഇന്ത്യക്ക് സുപരിചിതനായിരുന്ന മാര്‍ഷല്‍ ജോസഫ് ടിറ്റോയുടെ രാജ്യമാണ് യുഗോസ്ലാവ്യ. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒപ്പം ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ രാഷട്ര നായകന്‍. കൊയേഷ്യ, സെര്‍ബിയ, ബോസ്‌നിയ, സ്ലാവേനിയ, മസിഡോണിയ, മോണ്‍ട്രി നെട്രോ എന്നീ പ്രവിശ്യകള്‍ അടങ്ങുന്നതായിരുന്നു യുഗോസ്ലാവ്യ. ടിറ്റോയുടെ അവസാന നാളുകളില്‍തന്നെ ശൈഥില്യം തുടങ്ങി. സര്‍വ പ്രവിശ്യകളിലും സെര്‍ബ് ആധിപത്യനീക്കം മറ്റ് പ്രവിശ്യകള്‍ക്ക് കടുത്ത വിയോജിപ്പായി. പ്രവിശ്യകളില്‍ സെര്‍ബ് കുടിയേറ്റവും വ്യാപകമായി. ഇതര വിഭാഗങ്ങളെ കീഴടക്കാന്‍ സായുധ പോരാട്ടങ്ങള്‍ വരെ നടന്നു. ഇതിലിടക്ക് കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നപ്പോള്‍ ടിറ്റോയുടെ കമ്യൂണിസ്റ്റ് രാജ്യവും പൊളിഞ്ഞു. ആദ്യം ക്രൊയേഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് മറ്റ് പ്രവിശ്യകളും. പ്രവിശ്യകളെ യുഗോസ്ലാവ്യയില്‍ പിടിച്ച്‌നിര്‍ത്താന്‍ സെര്‍ബിയന്‍ നേതൃത്വത്തിനായിരുന്നു ശാഠ്യം. രാജ്യം മൊത്തം സെര്‍ബുകളുടെ അധീനതയിലാണല്ലോ. എന്നാല്‍ ഏറ്റവും കടുത്ത എതിര്‍പ്പ് സെര്‍ബുകള്‍ പ്രകടിപ്പിച്ചത് ബോസ്‌നിയ സ്വാതന്ത്ര്യം നേടുന്നത് തടയാനായിരുന്നു. ഈ എതിര്‍പ്പ് യൂറോപ്പില്‍ രക്തപ്പുഴ ഒഴുക്കി. ബാല്‍ക്കന്‍ മേഖലയില്‍ വരുന്ന യുഗോസ്ലാവ് പ്രദേശം ദീര്‍ഘകാലം ഓട്ടോമന്‍ തുര്‍ക്കിയുടെ അധീനതയിലായിരുന്നു. പിന്നീട് ബ്രിട്ടന് കീഴില്‍. 1948 ല്‍ സ്വാതന്ത്ര്യം നേടി.

ബോസ്‌നിയ-ഹെര്‍സഗോവിന എന്നാണ് യഥാര്‍ത്ഥ പേര്. അവിഭക്ത യുഗോസ്ലാവ്യയുടെ അവസാന കാലത്ത് തന്നെ (ടിറ്റോയുടെ വിയോഗ ശേഷം) ബഹുകക്ഷി ജനാധിപത്യ സംവിധാനം ശക്തമായി. 1990 ഒക്ടോബറില്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ അലിജ അലി ഇസ്സത്ത് ബെഗോവിച്ച് ബോസനിയയുടെ പ്രഥമ പ്രസിഡന്റായി. ലോക പ്രശസ്ത ഇസ്‌ലാമിക ചിന്തകനും നിയമ പണ്ഡിതനുമായ അലിജയെ നിരവധി തവണ ടിറ്റോയുടെ കമ്യൂണിസ്റ്റ് ഭരണം ജയിലില്‍ അടച്ചു. പല തവണകളായി 10 വര്‍ഷത്തിലേറെ തടവില്‍ കഴിയേണ്ടിവന്ന അലിജയെ തളര്‍ത്താല്‍ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ല. 1990 മേയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടി ഫോര്‍ ഡമോക്രാറ്റിക് ആക്ഷന്‍ മാസങ്ങള്‍ക്കകം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടുകയാണണ്ടായത്. യുഗോസ്ലാവ്യയില്‍ പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു തുടങ്ങിയപ്പോള്‍ 1992 മര്‍ച്ച 11ന് റഫറണ്ടം നടന്നു. ഇതിന്റെ ഫലപ്രഖ്യാപനമായി, സ്വതന്ത്ര റിപ്പബ്ലിക്. ഇതിന് എതിരായി ബോസ്‌നിയയിലെ സെര്‍ബ് വംശജര്‍ സെര്‍ബിയന്‍ സൈന്യവുമായി ചേര്‍ന്ന് നടത്തിയ സംഹാര താണ്ഡവം ലോക മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു.