Art
അമാവാസി എന്ന കവിത
പറയാത്ത കഥ / നിധീഷ്. ജി
വലിയ ഒരു അരക്ഷിതാവസ്ഥയില്‍ നിന്നും മോചനം തേടിയാണ് അധ്യാപക ജീവിതം സ്വപ്‌നം കണ്ടുനടന്ന ഞാന്‍ ബിരുദം കഴിഞ്ഞയുടനെ മാര്‍ക്കറ്റിംഗ് ജോലിയിലേക്ക് തിരിഞ്ഞത്. ഒന്നുരണ്ട് പ്രാരാബ്ധക്കമ്പനികളിലെ ചവിട്ടിത്തേക്കലുകള്‍ കഴിഞ്ഞ് ഒടുവില്‍ ജ്യോതി ലബോറട്ടറീസിലെത്തി. ഹൈറേഞ്ചിന്റെ കവാടമായ പട്ടണത്തിലായിരുന്നു അന്നത്തെ പണി. സപ്ലൈ കഴിഞ്ഞ് അടുത്ത ലോഡ് എടുക്കുന്നതിനായി െ്രെഡവര്‍ വര്‍ഗ്ഗീസേട്ടനും സെയില്‍സ്മാന്‍ സത്യേട്ടനും വാനുമായി ഡിപ്പോയിലേക്ക് മടങ്ങി. വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്ന ആ കാലത്ത്, പുതിയ ജോലിയുടെ അന്തരീക്ഷം കുറെയൊക്കെ എന്നെ സമാധാനപ്പെടുത്തിയിരുന്നു. വ്യഥകളുടെ കൂച്ചുവിലങ്ങില്ലാത്ത ഒരു ചെറിയ സ്വാതന്ത്ര്യം മെല്ലെ ആസ്വദിച്ചു തുടങ്ങുന്ന കാലം.
ലോഡ്ജില്‍ ബാഗ് കൊണ്ടുവച്ച് കുളിയൊക്കെക്കഴിഞ്ഞ് എന്തെങ്കിലും കഴിക്കാം, ഏതെങ്കിലുമൊരു സിനിമ കാണാം എന്നിങ്ങനെയുള്ള പദ്ധതികളുമായി ഞാന്‍ പുറത്തിറങ്ങി. പുകയിലയുടെ, ഏലത്തിന്റെ, കുരുമുളകിന്റെ മണത്തിനപ്പുറം ആ ചെറുപട്ടണത്തിന് അഴുക്കുചാലുകളുടെ ഗന്ധവുമുണ്ടായിരുന്നു. പകല്‍ മുഴുവന്‍ നടക്കുകയായിരുന്നുവെങ്കിലും നിശാനടത്തത്തിന് വല്ലാത്ത ഒരു ലഹരി തോന്നി. രാക്കാഴ്ച്ചകളുടെ അപസര്‍പ്പകഭാവം ചുരണ്ടിയെടുക്കാനുള്ള ചോദന അക്കാലത്തേ തുടങ്ങിയിരിക്കണം.
ആകാശം ഒരു നക്ഷത്രം പോലുമില്ലാതെ കറുത്തുകിടന്നു. തട്ടുകടയില്‍ തിരക്കില്ലായിരുന്നു. മൂന്നുദോശയും ഓംലെറ്റുമടിച്ച് ഞാന്‍ പുറത്തിറങ്ങി. ചുറ്റുപാടുമുള്ള മതിലുകള്‍ നിറയെ ഷക്കീലപ്പടങ്ങളുടെ പോസ്റ്ററുകള്‍ മാത്രം. ഏതെങ്കിലും ഒന്നിന് കയറാം എന്നോര്‍ത്ത് നില്‍ക്കുമ്പോഴാണത് കേട്ടത്.
”പറയാം സ്‌നേഹം പൊറാഞ്ഞമ്മയെക്കൊല്ലാന്‍
കത്തും വിറകിന്‍കൊള്ളിക്കാഞ്ഞ പാപിതന്‍ കടങ്കഥ
പറയാം ദുഃഖത്തിലേക്കാദ്യപുത്രനെ തള്ളാ
നരുതായെന്‍ പെണ്ണിന്‍ ഗര്‍ഭമൂറ്റിയ കഥ…’
തട്ടുകടയ്ക്ക് കുറച്ചപ്പുറമുള്ള ഒരു കടത്തിണ്ണയില്‍ ഒരാള്‍ അടഞ്ഞ ഷട്ടറില്‍ ചാരിയിരിക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ കാണാം. അഴുക്കുപിടിച്ച വസ്ത്രങ്ങള്‍, കഷണ്ടിയുള്ള തലയുടെ പിന്‍ഭാഗത്ത് മാത്രമായി ജടകെട്ടിയ മുടി, കീഴ്ത്താടിയില്‍ നിന്നുമാത്രം താഴേക്ക് നീളുന്ന രോമങ്ങള്‍. അയാള്‍ പഴയ ദിനപത്രം പോലെയെന്തോ കൈയ്യില്‍ നിവര്‍ത്തിപിടിച്ച്, അതുനോക്കി ഉറക്കെ ചൊല്ലുകയാണ്. അത്രമാത്രം മനസ്സില്‍ പതിഞ്ഞതെങ്കിലും ആ സമയത്ത് അതേത് കവിതയെന്നോ ആരുടേതെന്നോ ഒട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ആ വരികളത്രയും അയാള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എനിക്കതിന്റെ ബാക്കിയുള്ള വരികള്‍ അറിയാമായിരുന്നു. എത്രയോര്‍ത്തിട്ടും അത് തെളിഞ്ഞു വന്നില്ല. ചിലനേരങ്ങളില്‍ അങ്ങനെയാണ്. ഏറ്റവും പരിചിതമായ ഒരു പുസ്തകത്തിന്റെ പേരോ, ഒരു ഗാനത്തിന്റെ തുടക്കമോ, സുഹൃത്തിന്റെ മുഖമോ പൊടുന്നനെ നമ്മില്‍ നിന്ന് അടര്‍ന്നുപോകും. അത് തിരികെപ്പിടിക്കാനുള്ള നോവും വെപ്രാളവും അനുഭവിച്ചാല്‍ മാത്രമേ അറിയൂ.
ഒരോ തവണ ചൊല്ലി നിര്‍ത്തുമ്പോഴും അയാള്‍ തലയുയര്‍ത്തി റോഡിന്റെ എതിര്‍വശത്തേക്ക് നോക്കി തെറിവാക്കുകള്‍ ഉരുവിടുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെ നോട്ടവും അങ്ങോട്ടേക്ക് നീണ്ടു ചെന്നു. പാഞ്ഞുപോയ ഒരു കാറിന്റെ വെളിച്ചത്തില്‍ രണ്ടു കടമുറികള്‍ക്കിടയിലുള്ള ഇരുട്ടിലായി ഒരു മുഖം മിന്നിത്തെളിഞ്ഞു. മെലിഞ്ഞ്, മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീയായിരുന്നു അത്. ഭിത്തിയില്‍ ചാരി നിന്നിരുന്ന അവര്‍ മുടിയില്‍ നിറയെ മുല്ലപ്പൂക്കള്‍ ചൂടിയിരുന്നു. ഇടവിട്ട് വാഹനങ്ങള്‍ കടന്നുപോകുമ്പോഴൊക്കെ തളര്‍ന്നുതൂങ്ങിയ അവരുടെ മുഖം ഞാന്‍ കണ്ടു. പൊടുന്നനെ അവര്‍ ഭിത്തിയില്‍ നിന്നുമൂര്‍ന്ന് താഴേക്കിരുന്നതും, അയാള്‍ വേഗത്തില്‍ റോഡ് മുറിച്ചുകടന്ന് അവര്‍ക്കരികിലേക്കോടി. ഒരു ബൈക്ക് അയാളെ ഇടിച്ചു ഇടിച്ചില്ലെന്ന മട്ടില്‍ ബ്രേക്കിട്ട് പുലഭ്യം പറഞ്ഞ്, പാഞ്ഞുപോയി. താഴേക്ക് മറിഞ്ഞുപോയ സ്ത്രീയെ അയാള്‍ താങ്ങിയുയര്‍ത്തി ചുമരിലേക്ക് ചാരിയിരിക്കാന്‍ സഹായിച്ചു. അയാള്‍ അവരോട് ചോദിക്കുന്നതെന്തെന്ന് എനിക്ക് കേള്‍ക്കുവാനാകുമായിരുന്നില്ല. ഞാന്‍ അല്‍പം കൂടി നീങ്ങി നിന്നു.
അയാള്‍ അവിടെനിന്നുമെഴുന്നേറ്റ്, തട്ടുകട ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ എന്നിലേക്ക് അലസമായ ഒരു നോട്ടമെറിഞ്ഞു. വിങ്ങി നിറഞ്ഞ കീശയില്‍ നിന്നും ചില്ലറകള്‍ പെറുക്കി കടയില്‍നിന്നും ഒരു പൊതി വാങ്ങി, അതുമായി വീണ്ടും സ്ത്രീക്കരികിലേക്ക് ചെന്ന് അതവര്‍ക്ക് നല്‍കി, പിറുപിറുത്തുകൊണ്ട് ബസ്സ്റ്റാന്‍ഡിന്റെ ഭാഗത്തേക്ക് നടന്നുനീങ്ങി. കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പത്രക്കടലാസ് അയാള്‍ ഓടയിലേക്കെറിഞ്ഞു. പൊടുന്നനെ എന്റെ ഓര്‍മ്മയിലേക്ക് ഒരു നദി ഇരച്ചുവന്നു.
‘കഥയാല്‍ തടുക്കാമോ കാലത്തെ
വിശക്കുമ്പോള്‍ തണുത്ത തലച്ചോറെയുണ്ണുവാനുള്ളൂ കയ്യില്‍
കഷ്ടരാത്രികള്‍ കാളച്ചോര കേഴുമീയോടവക്കില്‍
വേച്ചുപോം നഷ്ടനിദ്രകള്‍…’
കണ്ണില്‍ പതിച്ചാലും വെളുമ്പ് പോലും തെളിഞ്ഞുകിട്ടാത്ത എത്രയെത്ര ജീവിതങ്ങളാണ് ചുറ്റും! പറയാത്തതും കേള്‍ക്കാത്തതുമായ നൂറുനൂറു നോവുകള്‍. ആകാശത്തേക്ക് നോക്കവേ. ഇരുട്ടില്‍ നീങ്ങുന്ന ഒരു നക്ഷത്രം തെളിവായി. അതിനെ പിന്‍തുടര്‍ന്ന്, ഞാന്‍ മെല്ലെ ലോഡ്ജിലേക്ക് നടന്നു.
Art
നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ
Art
നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.
63 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.
ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.
വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ ശ്രുതി ജയന്‍, നര്‍ത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പച്ച,മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ചിനോഷ് ബാലന്‍, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്‍മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി.
രണ്ടാം വേദിയായ ‘പെരിയാറില്‍ ‘ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്‌മാന്‍ വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
-
GULF13 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

