Connect with us

Video Stories

വീണ്ടും സി.പി.എം സെല്‍ ഭരണം

Published

on

എം.എം ഹസന്‍
(കെ.പി.സി.സി പ്രസിഡന്റ്)

വാഗ്ദാനലംഘനങ്ങളുടെയും ജനവഞ്ചനയുടെയും രണ്ടു വര്‍ഷം പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം കൂടി എങ്ങനെ ഇവരെ സഹിക്കും എന്നാണു ജനം ചിന്തിക്കുന്നത്. ജനരോഷത്തിന്റെ ആഴവും പരപ്പും കാണാന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ചെന്നാല്‍ മതി. ഒരു സര്‍ക്കാരിന്റെ ആദ്യത്തെ അളവുകോല്‍ ക്രമസമാധാനപാലനം തന്നെയാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം 25 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. പൊലീസ് കൊന്നത് ഏഴു പേരെയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരൊറ്റ കസ്റ്റഡി മരണം പോലും ഉണ്ടായിട്ടില്ല. കണ്ണൂരില്‍ 29 കാരനായ ഷുഹൈബിനെ പാതിരാത്രിയില്‍ അറവുമാടിനെ വെട്ടുന്നപോലെ 41 വെട്ടുകള്‍ വെട്ടിയാണു കൊലപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മൂക്കിനു താഴെ നടന്ന അരുംകൊല സി.പി.എമ്മുകാരാണ് നടത്തിയത് എന്നു കേട്ട് കേരളം വിറങ്ങലിച്ചുപോയി. പിന്നീട് കേരളം കാണുന്നത് സി.പി.എം പ്രതികളെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും രക്ഷാപ്രവര്‍ത്തനമാണ്. യഥാര്‍ത്ഥ പ്രതികളെയും കൊല്ലിച്ചവരെയും പിടികൂടാനായി കേസ് സി.ബി.ഐക്കു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇടതുസര്‍ക്കാരും സി.പി.എമ്മും അതിന് തയാറായില്ല.
വരാപ്പുഴയില്‍ നിരപരാധിയായ ശ്രീജിത്തിനെ എസ്.പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രാത്രിയില്‍ പിടിച്ചുകൊണ്ടുപോയി ചവിട്ടിയും ഇടിച്ചും കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ പൊലീസിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചത്. ഈ കേസും സി.ബി.ഐക്കു വിടാനുള്ള അപേക്ഷയെ സര്‍ക്കാര്‍ സര്‍വശക്തിയുമെടുത്ത് എതിര്‍ക്കുകയാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കുട്ടം പിടിച്ചുകെട്ടിയിട്ട് അടിച്ചുകൊല്ലുകയായിരുന്നു. വിശന്നപ്പോള്‍ ആഹാര സാധനങ്ങള്‍ മോഷ്ടിച്ചു എന്നതായിരുന്നു മധുവിനുമേലുള്ള ആരോപണം. നിരപരാധികളുടെ ജീവനെടുക്കുക, കൊന്നവരെ സംരക്ഷിക്കുക. അതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ പൊലീസ് നയം.
സ്ത്രീത്വത്തിനു നേരേ ഉയരുന്ന കരങ്ങള്‍ ഏതു പ്രബലന്റേതാണേലും പിടിച്ചുകെട്ടും എന്നാണല്ലോ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ സംഭവിക്കുന്നത് നേരേ തിരിച്ചും. സ്വാശ്രയ കോളജ് മാനേജ്‌മെന്റിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരണമടഞ്ഞ ജിഷ്ണു പ്രണോയി എന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ അമ്മ മഹിജയെ പൊലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു. കോഴിക്കോട് കോടഞ്ചേരിയില്‍ സി.പി.എമ്മുകാരുടെ ചവിട്ടേറ്റ് ജ്യോത്സനയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. കണ്ണൂര്‍ പയ്യന്നൂരില ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്ക് സി.പി.എമ്മുകാരില്‍നിന്നു തുടര്‍ച്ചയായി നേരിടുന്ന പീഡനം കേട്ടാല്‍ തലമരവിച്ചുപോകും. നിരന്തരമായ ഭീഷണിമൂലം സ്വന്തം സ്ഥലം വിട്ടോടേണ്ടി വന്ന അവര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ മറ്റൊരിടത്ത് വീടുവെക്കാന്‍ നല്‍കിയ അഞ്ചു സെന്റ് സ്ഥലം പിണറായി സര്‍ക്കാര്‍ തിരിച്ചെടുക്കുകയാണ്. വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അവരെ സഹായിച്ച അശ്വതി ജ്വാലയെ പൊലീസ് വേട്ടയാടി. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജ ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ എസ്.എഫ്.ഐക്കാര്‍ ആദരാഞ്ജലി അര്‍പ്പിക്കുകയിരുന്നു.
ആഗോള മലയാള സഭ തന്നെ ഉണ്ടാക്കി പ്രവാസികളെ കയ്യിലെടുക്കാന്‍ നോക്കുന്ന ഈ സര്‍ക്കാരിന്റെ കാലത്താണ് പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തത്. 40 വര്‍ഷം പ്രവാസിയായിരുന്ന പുനരൂലിലെ സുഗതന്‍ ഒരു ചെറുകിട വര്‍ക്ക്‌ഷോപ്പ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ എ.ഐ.വൈ.എഫുകാര്‍ അവിടെ ചുവപ്പന്‍ കൊടികുത്തി. ഇതില്‍ മനംനൊന്താണ് ആത്മഹത്യ. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന കെ.പി.എസി ലളിതയയേയും ഇന്നസെന്റിനേയും ഉപയോഗിച്ച് നടത്തിയ പരസ്യം വീണ്ടും കേള്‍ക്കുന്നവര്‍ ചിരിച്ചുമണ്ണുകപ്പുകയാണ്. കേരളത്തിലിപ്പോള്‍ മദ്യം ഒഴുകുകയാണ്. പ്രവേശനോത്സവം നടത്തിയാണല്ലോ ബാറുകള്‍ തുറന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ ഈ സര്‍ക്കാര്‍ തുറന്നു. കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ കളമൊരുക്കിയിട്ടിരിക്കുന്നു. പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകളിലും മദ്യശാലകള്‍ തുറക്കാം. മദ്യശാല സ്ഥാപിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കി. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സമയം നീട്ടിക്കൊടുക്കുകയും ചെയ്തു. വീട്ടിലൊരു വിധവ, നാട്ടിലൊരു ബാര്‍ എന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ നയം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മുഖമുദ്രയായിരുന്ന സാമൂഹികക്ഷേമ പദ്ധതികളെല്ലാം തന്നെ നിലച്ചിരിക്കുന്നു. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പാക്കേജ്, കാരുണ്യ പദ്ധതി തുടങ്ങിയ പദ്ധതികള്‍ വേണ്ടെന്നുവെക്കാന്‍ കണ്ണില്‍ചോരയില്ലാത്തവര്‍ക്കു മാത്രമേ സാധിക്കൂ. അതിവേഗം നടപ്പാക്കിയ സ്വപ്‌ന പദ്ധതികളെല്ലാം ഇപ്പോള്‍ ഒച്ചിഴയുന്നപോലെ നീങ്ങുകയാണ്. ചില പദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ ആദരിക്കുന്ന മെട്രോമാന്‍ ഇ. ശ്രീധരനെ അപമാനിച്ച് പുറത്താക്കി. അതോടെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി എന്നന്നേക്കുമായി ഇല്ലാതായി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് പോലും മെട്രോമാനെ അനുവദിച്ചില്ല. 2019ല്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മുങ്ങിത്താഴുന്നു.
അഞ്ചു വര്‍ഷത്തേക്ക് കേരളത്തില്‍ വിലക്കയറ്റമില്ലെന്നു പ്രഖ്യാപിച്ചാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ അധികം വൈകാതെ തന്നെ സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ കടകളില്‍ വില അമ്പതു ശതമാനത്തിലേറെ വര്‍ധിപ്പിച്ചു. ഇന്ന് അരിവില അമ്പതു രൂപ കടന്നു. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചു കയറി. യു.ഡി.എഫ് സര്‍ക്കാര്‍ ബി.പി.എല്‍- എ.എ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന അരിക്കും ഗോതമ്പിനും ഈ സര്‍ക്കാര്‍ ഒരു രൂപ കൂട്ടി. എ.പി.എല്ലുകാര്‍ക്ക് 10 കിലോ അരിവരെ നല്‍കിയിരുന്നത് രണ്ടു കിലോയാക്കി വെട്ടിക്കുറച്ചു. ആറു മാസമായി പഞ്ചസാര വിതരണം നടക്കുന്നില്ല. മണ്ണെണ്ണ വില ലിറ്ററിന് 16.80 രൂപയായിരുന്നത് ഇപ്പോല്‍ 23 രൂപ. പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കിയിരുന്ന 35 കിലോ അരി ഇപ്പോള്‍ ഒരംഗത്തിന് നാലു കിലോ എന്നാക്കി. റേഷന്‍ കടകളില്‍ സാധനങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. അങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലായ വൈക്കം താലൂക്കിലെ റേഷന്‍ കടക്കാരന്‍ രമണന്‍ ഈയിടെ ആത്മഹത്യ ചെയ്തു.
ചരിത്രത്തിലാദ്യമായി എല്ലാ കാര്‍ഷികോത്പന്നങ്ങളുടെയും വില ഒന്നിച്ച് ഇടിഞ്ഞു. റബര്‍, കുരുമുളക്, കാപ്പി തുടങ്ങിയ എല്ലാ ഉത്പന്നങ്ങളുടെയും വില കുത്തനെ താഴേക്ക്. പെട്രോളിനും ഡീസലിനും വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയതോടെ വില വര്‍ധന ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത നിലയിലായി. പെട്രോളിന് 19.94 രൂപയും ഡീസലിന് 27.78 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ നികുതി വേണ്ടെന്നുവച്ച് 619.17 കോടി രൂപയുടെ സമാശ്വാസമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അങ്ങനെയൊരു മാതൃക സ്വീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറല്ല. അഴിമതിക്കാരായ മൂന്നു മന്ത്രിമാരാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ രാജിവെക്കാന്‍ നിര്‍ബന്ധിതരായത്. ഇതില്‍ ഒരാളെ വെള്ളപൂശി തിരിച്ചെടുത്തു. നിരവധി വിജിലന്‍സ് കേസുകള്‍ സര്‍ക്കാര്‍ കണ്ണുംപൂട്ടി എഴുതിത്തള്ളുകയും ചെയ്തു. ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍നിന്ന് ഒന്നിലധികം തവണ സസ്‌പെന്‍ഡു ചെയ്തു. ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ, 153 അഴിമതിക്കേസുകളാണ് എഴുതിത്തള്ളിയത്. വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരേയുള്ള കേസ്, മുന്‍മന്ത്രി ഇ.പി ജയരാജനെതിരേയുള്ള ബന്ധുനിയമന കേസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്റെ ലോട്ടറി കേസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനും ചുവന്ന കാര്‍ഡിനും സ്വാഹ.
57 ലെ സി.പി.എമ്മിന്റെ സെല്‍ ഭരണമാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. പാര്‍ട്ടിയായിരുന്നു അന്നു ഭരണം. പാര്‍ട്ടി ഓഫീസുകള്‍ സര്‍ക്കാര്‍ ഓഫീസ് പോലെയും പൊലീസ് സ്റ്റേഷന്‍ പോലെയും പ്രവര്‍ത്തിച്ചു. അതുതന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ നിര്‍ദേശിച്ച പ്രകാരമാണ് വരാപ്പുഴയിലെ ശ്രീജിത്തിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി തൊഴിച്ചു കൊന്നത്. കണ്ണൂരില്‍ ഷുഹൈബിനെ കൊന്നതും പാര്‍ട്ടി നിര്‍ദേശപ്രകാരം തന്നെ. പാര്‍ട്ടിക്കാരെ കൂട്ടിയല്ലാതെ ആര്‍ക്കും പൊലീസ്‌സ്റ്റേഷനില്‍ എത്താനാകില്ല. ഭൂമി കയ്യേറ്റങ്ങളും ക്വാറി, മണല്‍, ബ്ലേഡ് മാഫിയകളും സ്ത്രീപീഡനങ്ങളുമെല്ലാം നടക്കുന്നത് പാര്‍ട്ടിയുടെ തണലിലാണ്. 57ന്റെ തനിയാവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന പിണറായി സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയാണ്. അതിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂരില്‍ കാണുന്നത്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending