Connect with us

Video Stories

ജനാധിപത്യ കേരളത്തിന് ഗുണകരമായ തീരുമാനം

Published

on

എം.എല്‍.എയുടെ വിയോഗത്തെതുടര്‍ന്ന് ചെങ്ങന്നൂര്‍ നിയമസഭാസീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കാനിരിക്കേ ജനാധിപത്യ മതേതരചേരിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഇന്നലെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 21 മാസമായി ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന് വേറിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിനിന്ന കേരള കോണ്‍ഗ്രസ് (എം) അതേ മുന്നണിയിലേക്ക് തിരിച്ചുവരുമെന്ന സൂചനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതിന് മുന്നോടിയായി ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കളടങ്ങുന്ന ഒന്‍പതംഗ ഉപസമിതിയോഗം ഐകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നു. ഇടതുപക്ഷ-വര്‍ഗീയ ശക്തികള്‍ക്ക് വന്‍തിരിച്ചടിയാണ് ഇത് സമ്മാനിച്ചിരിക്കുന്നത്. 2016ലെ യു.ഡി.എഫിന്റെ നേരിയ പരാജയം ഇക്കുറി തിരുത്തിക്കുറിക്കാനും ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനുമുള്ള ചെങ്ങന്നൂരിലെയും കേരളത്തിലെയും ജനതയുടെ ഇച്ഛാശക്തിക്ക് ഈ തീരുമാനം സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. കെ.എം മാണിയുടെ പ്രഖ്യാപനംപോലെ ഇത് മതനിരപേക്ഷ ശക്തികളെ കൂടുതല്‍ ശാക്തീകരിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയവുമില്ല.
നാലു പതിറ്റാണ്ടായി ഐക്യജനാധിപത്യമുന്നണിയുടെ നെടുംതൂണുകളിലൊന്നായി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ്പാര്‍ട്ടിയുടെ അപ്രതീക്ഷിത വിഛേദനത്തിന് കാരണമായത് പാര്‍ട്ടി ലീഡര്‍ കെ.എം മാണിക്കുനേരെ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഇല്ലാത്ത അഴിമതി ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു. മാണിയെ കരിവാരിത്തേക്കുന്നതിനും അതുവഴി യു.ഡി.എഫിനെ ഇല്ലാതാക്കുന്നതിനും ഉദ്ദേശിച്ചായിരുന്നു അത്. ഒരു ബാറുടമയാണ് താന്‍ കെ.എം മാണിക്ക് ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന് ഒരു ടി.വി ചാനലില്‍ കയറി തട്ടിവിട്ടത്. ഇതപ്പടി ഏറ്റുപിടിക്കാനും കേരളം കാണാത്ത രീതിയിലുള്ള രാഷ്ട്രീയ ദുഷ്പ്രചാരണത്തിനും സി.പി.എമ്മും ഇതര ഇടതുപക്ഷ മുന്നണികക്ഷികളും മുന്നോട്ടുവന്നു. കേരള ഹൈക്കോടതിയുടെ പരോക്ഷമായ ഒരുപരാമര്‍ശത്തിന്റെ പേരില്‍ കെ.എം മാണി മന്ത്രിസ്ഥാനം രാജിവെക്കാനും തയ്യാറായി. അതിനുശേഷവും കേസുമായി മുന്നോട്ടുപോകണമെന്ന പിടിവാശിയിലായിരുന്നു ഇടതുപക്ഷം, വിശിഷ്യാ സി.പി.എം. 2016ല്‍ അധികാരത്തിലേറിയതുമുതല്‍ ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലൊന്നും പക്ഷേ മാണിയെ പ്രതിയാക്കുന്നതിനോ ശിക്ഷിക്കുന്നതിനോ ആയ യാതൊരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. മാണിയെ പാര്‍ട്ടി വേദികളില്‍ ക്ഷണിതാവാക്കി പാര്‍ട്ടിയെ ഏതുവിധേനയും മുന്നണിയിലെടുക്കാനായി പിന്നീടുള്ള സി.പി.എം ശ്രമം. ഇതിനെതിരെ സി.പി.ഐയും മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നത് സി.പി.എമ്മിലെ പിണറായി പക്ഷത്തിന്റെ മോഹങ്ങളുടെ ചിറകരിഞ്ഞു. പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കെതിരെ യു.ഡി.എഫുമായി യോജിക്കാന്‍ തയ്യാറാത്ത സി.പി.എം കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാധീനിച്ച് യു.ഡി.എഫ് ഭരണംഅട്ടിമറിക്കാന്‍ വരെ തയ്യാറായി. കേവലം നാലു ശതമാനംവരുന്ന മുന്നണികളുടെ വോട്ട് വ്യത്യാസത്തെ മാണിയുടെ പാര്‍ട്ടിയെ വിനിയോഗിച്ച് തങ്ങള്‍ക്കനുകൂലമാക്കാമെന്നും അതുവഴി തുടര്‍ഭരണം നേടാമെന്നുമുള്ള വ്യാമോഹമാണ് സി.പി.എമ്മിലെ പ്രബലവിഭാഗത്തെ പ്രേരിപ്പിച്ചത്. പക്ഷേ ഈകെണിയില്‍ വീഴാന്‍ മതേതര ജനാധിപത്യ സഖ്യത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയുമായിരുന്നില്ല. വിരലിലെണ്ണാവുന്ന കേരള കോണ്‍. നേതാക്കളുടെ ഇടതുമുന്നണി ചങ്ങാത്തം മുന്നണിപ്രവേശനത്തിലെത്തിയതുമില്ല.
ഈ പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെക്കൂട്ടാനുള്ള തീവ്ര വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ പരിശ്രമം. മുന്‍കേന്ദ്രമന്ത്രി പി.സി തോമസിനെ ഉപയോഗിച്ചായിരുന്നു അമിത്ഷാ-കുമ്മനാദികളുടെ ചാക്കിടീല്‍. ഇതിലും കൊത്താന്‍ ശക്തമായ മതേതര പാരമ്പര്യമുള്ള കേരളകോണ്‍ഗ്രസിന് കഴിയില്ലെന്നുറപ്പായിരുന്നു. ഇതിനിടയിലും യു.ഡി.എഫിലെ മുസ്്‌ലിംലീഗ് പോലുള്ള കക്ഷികളുമായും നേതാക്കളുമായും അരക്കിട്ടുറപ്പിച്ചിരുന്ന ബന്ധം തുടരാനും മലപ്പുറം ലോക്‌സഭ, വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗിനെ പിന്തുണക്കാനും കേരളകോണ്‍ഗ്രസ് സന്നദ്ധമായി. ഇത് യുഡി.എഫ് അണികളില്‍ വലിയ പ്രതീക്ഷക്ക് വകനല്‍കി. അഭിപ്രായ ഭിന്നതയും ചില്ലറ പരിഭവങ്ങളും മുന്നണിബന്ധത്തില്‍ സ്വാഭാവികമാണെന്നിരിക്കെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പിന്‍മാറ്റത്തെ താല്‍കാലിക പ്രതിഭാസമായിത്തന്നെയാണ് കേരള ജനത ഒന്നടങ്കം വീക്ഷിച്ചതും അവരില്‍ തുടര്‍ന്നും പ്രതീക്ഷവെച്ചതും. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ഉള്‍പ്പെടെ മുന്നണിയുടെ ഭാവി മുന്നില്‍കണ്ട് വിട്ടുവീഴ്ചാമനോഭാവത്തിലൂടെ മാണിയെ നേരില്‍ സമീപിക്കാനും ബന്ധം പൂര്‍വാധികം സുദൃഢമാക്കാനും സന്നദ്ധമായി. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ്‌ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുടെ മാണിയുടെ വസതിയിലെ സംയുക്ത സന്ദര്‍ശനം മഞ്ഞുരുക്കിയെന്നുതന്നെയാണ് ചൊവ്വാഴ്ചത്തെ ഉപസമിതി തീരുമാനം വ്യക്തമാക്കുന്നത്. രാജ്യവും കേരളവും അഭൂതപൂര്‍വമായ നെരിപ്പോടിലൂടെ കടന്നുപോകുമ്പോള്‍ മതേതര ജനാധിപത്യചേരി ശക്തിപ്പെടുക എന്ന കോണ്‍ഗ്രസ്-മുസ്്‌ലിംലീഗാദി കക്ഷികളുടെയും നേതൃത്വങ്ങളുടെയും ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടലുകളാണ് ഈ പുനര്‍കൂടിച്ചേരലിന്റെ മറ്റൊരു പ്രേരകശക്തി. കര്‍ണാടകയും ഗോവയും ബീഹാറുമൊക്കെ നമുക്ക് തരുന്ന സന്ദേശം മതേതര ജനാധിപത്യശക്തികളുടെ അണിമുറിയാത്ത യോജിപ്പാണ്. അത്തരുണത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ തീരുമാനത്തിന് കാലവും നാടും വലിയ പ്രസക്തിയാണ് ഉദ്യുക്തമാക്കുന്നത്.
കേരള സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പൊലീസ്-പാര്‍ട്ടി രാജ് ഉള്‍പ്പെടെയുള്ള ജനദ്രോഹഭരണവും മോദി സര്‍ക്കാരിന്റെ ജനങ്ങള്‍ക്കെതിരായ സകല മേഖലയിലുമുള്ള അരാജകത്വവുമാണ് ചെങ്ങന്നൂരില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. യു.ഡി.എഫിന്റെ മിന്നുന്ന വിജയം അനിവാര്യമായിരിക്കുന്ന ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിന്റെയും വിശിഷ്യാ കെ.എം മാണിയുടെയും പി.ജെ ജോസഫിന്റെയും മറ്റും ഭാഗത്തുനിന്നുള്ള സുചിന്തിതമായ നീക്കം സ്വാഗതാര്‍ഹവും മലയാളികള്‍ക്കാകെ പ്രതീക്ഷാനിര്‍ഭരവുമായിരിക്കുന്നു. കാര്‍ഷികം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ക്ഷേമമാണ് കെ.എം മാണിയെപോലുള്ള നേതാക്കളുടെ എക്കാലത്തെയും ലക്ഷ്യം. അതിനും ഈ തീരുമാനം ഉപകരിക്കുമെന്ന്് പ്രത്യാശിക്കാം. യു.ഡി.എഫിന്റെ നിലനില്‍പിന് ഉതകുന്നതും ജനതക്ക് പ്രയോജനപ്രദവുമായ നിരവധി തീരുമാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന-പാര്‍ലമെന്ററി രംഗത്ത് അര നൂറ്റാണ്ട് സേവിച്ച, ധനകാര്യ വിദഗ്ധന്‍കൂടിയായ കെ.എം മാണിയുടെ സേവന സപര്യ തുടര്‍ന്നും ഐക്യജനാധിപത്യമുന്നണിക്കും കേരളത്തിന്റെ സാമ്പത്തിക രംഗത്തിനും മുതല്‍കൂട്ടാകുമെന്നത് നിസ്സംശയം. മുമ്പ് പലപ്പോഴും ചെയ്തതുപോലെ, കേരളകോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ തുടര്‍ന്നും സി.പി.എമ്മും ഇടതുമുന്നണിയും രംഗത്തെത്തും. അതിനുള്ള ആഘാത ചികില്‍സ കൂടിയാകണം ചെങ്ങന്നൂര്‍.

Video Stories

സിപിഎം– ആര്‍എസ്എസ് കൂട്ടുകെട്ട്; ചരിത്രത്താളുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനും, സംസ്ഥാന പൊലീസില്‍ ക്രമസമാധാന ചുമലതല വഹിക്കുന്ന എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ആദ്യം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. കണ്ടാല്‍ എന്താ, എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആദ്യ പ്രതികരണം. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി തന്നെ മൗനം വെടിഞ്ഞു. എന്നാല്‍ അജിത് കുമാറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് മാത്രം. പകരം ചരിത്രത്തെ വളച്ചൊടിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്.

എന്താണ് സത്യം? ചരിത്ര വസ്തുത എന്താണ്? പരിശോധിക്കാം…

. 1977 ല്‍ ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ച് ജയിച്ചാണ് പിണറായി വിജയന്‍ നിയമസഭയിലെത്തുന്നത്. അന്ന് ഉദുമയിലെ സി.പി.എം- ആര്‍.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു ആര്‍.എസ്.എസ് നേതാവ് കെ.ജി മാരാര്‍. അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്.

. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തു. ശിവദാസമേനോന് വേണ്ടി വോട്ട് തേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

. 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ വി.പി സിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ചരിത്രമാണ്. അന്ന് വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്‌പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

. 2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. പ്രതിപക്ഷം അതിന് മുന്‍പ് തന്നെ ബിജെപി- സിപിഎം അന്തര്‍ധാരയെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു.

. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുമായി സി.പി.എം സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി കത്തയച്ച് കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയെങ്കിലും, അന്വേഷണം ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായല്ലേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് എന്ന ചോദ്യം ഇന്നും സമൂഹത്തിന് മുന്നില്‍ പ്രസക്തമായി നില്‍ക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇതുവരെയും മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ സാധിച്ചിട്ടില്ല.

. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്ന് മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ മുഖ്യമന്ത്രിയെ കേരളം മറക്കാനിടയില്ല.

. സി.പി.എം- ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതും ചരിത്രം. ഭരണപക്ഷ എംഎല്‍എ ആയ കെ.ടി ജലീല്‍ ശ്രീ.എമ്മിനെ പുകഴ്ത്തി ഫെയ്ബുക്ക് പോസ്റ്റിട്ടതും ഏറെ ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പ്രതിപക്ഷം ചോദിച്ചിട്ട് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല.

. തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ചത് അന്തര്‍ധാരയുടെ ഭാഗമായാണോ എന്ന സംശയം ഇതിനോടകം തന്നെ ബലപ്പെട്ടു കഴിഞ്ഞു. സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും എങ്ങുമെത്താതെ നില്‍ക്കുന്നതും ഒത്തുകളിയുടെ ഭാഗമല്ലേ എന്ന് പൊതുസമൂഹം ചോദിക്കുന്നുണ്ട്.

. തലശേരി കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22 ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ല. അതുമായി ബന്ധപ്പെട്ട കെട്ടുകഥ പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതിനും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ആര്‍.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഇന്ത്യയില്‍ എക്കാലവും പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത് എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

Continue Reading

News

‘കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെ’; പൂരം കലക്കിയ ആള്‍ തന്നെ അന്വേഷിക്കുന്നു, കെ. മുരളീധരന്‍

പൂരം കലക്കിയതിന്‍റെ അന്വേഷണം, കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെയെന്നും മുരളീധരന്‍ പരിഹസിച്ചു.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പൂരം കലക്കിയതിന്‍റെ അന്വേഷണം, കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെയെന്നും മുരളീധരന്‍ പരിഹസിച്ചു.

സിപിഐഎം നിലപാട് അതിശയിപ്പിക്കുന്നതാണ്. സിപിഐഎം സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നുണ്ട്, പക്ഷെ മുഖ്യമന്ത്രിയെ നേരില്‍ കാണുമ്പോള്‍ മിണ്ടുന്നില്ല. വി.ഡി. സതീശന്‍-എഡിജിപി ഗൂഢാലോചന എന്ന ആരോപണം ഞങ്ങള്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല. ഡിജിപി പാവം മനുഷ്യനാണ്. അവരെ ബൊമ്മ പോലെ ഇരുത്തിയിരിക്കുന്നെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

തലസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തൽ വാട്ടർ അതോറിറ്റിയെയും നഗരസഭയെയും മുരളീധരന്‍ വിമർശിച്ചു. വാട്ടര്‍ അതോറിറ്റിക്കും നഗരസഭയ്ക്കും വീഴ്ച പറ്റിയെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അഞ്ച് ദിവസം അനുഭവിച്ചത് ദുരിതം. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥ. മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ വാട്ടര്‍ അതോറിറ്റിക്ക് പണം അടച്ചു. തിരഞ്ഞെടുപ്പ് പേര് പറഞ്ഞു അത് നീട്ടി കൊണ്ട് പോയതാണ്. സമരക്കാര്‍ക്ക് നേരെ പോലും വെള്ളം ചീറ്റാന്‍ ഇല്ലാത്ത അവസ്ഥയാണ്. അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി റോഷി അഗസ്റ്റിന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇതുവരെ ഇങ്ങനെ ഒരു സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Continue Reading

Health

ഇന്ത്യയിൽ എം പോക്‌സ് ഇല്ല, സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

അതേസമയം, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

Published

on

രാജ്യത്ത് ആർക്കും മങ്കിപോക്‌സ്(എംപോക്‌സ്) ബാധയില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളുള്ള എല്ലാവരെയും നിരീക്ഷിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സമാർഗനിർദേശത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്കു മാറ്റണം. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി രോഗം പടരുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എംപോക്‌സ് രോഗികളെ പാർപ്പിക്കാനായി ഉപയോഗിക്കാവുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാൻ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളോട് നിർദേശിച്ചിട്ടുണ്ട്. സർക്കാരുകൾ കൂടുതൽ ജാഗ്രത പാലിക്കണം. അതേസമയം, പൊതുജനങ്ങളിൽ അനാവശ്യമായ ഭീതി പരത്തരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി.

Continue Reading

Trending