Connect with us

Video Stories

കപട ദേശീയതയില്‍ പൊതിഞ്ഞ വിജയം

Published

on


കെ.പി ജലീല്‍


പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കേരളത്തില്‍ കണ്ട ബംഗാളികളില്‍ ചിലരോട് തെരഞ്ഞെടുപ്പു വിഷയങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരില്‍ മിക്കവരും ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി മോദി, മോദി എന്നായിരുന്നു. എന്‍.ഡി.ടി.വിയെയും ദ് ഹിന്ദുവിനെയും പോലുള്ള പ്രതിപക്ഷത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണവാര്‍ത്തകളില്‍ അധികവും മോദി സ്തുതികളാണ് നിഴലിച്ചുകണ്ടത്. മോദി മല്‍സരിക്കുന്ന വാരാണസിയില്‍ മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ ജനക്കൂട്ടത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് കേട്ടു. നോട്ട് നിരോധനത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു അത്. അതിനെല്ലാം പക്ഷേ മോദിയുടെ ബാലക്കോട്ട് മാത്രമായിരുന്നു അവരുടെ മറുപടികള്‍. പുല്‍വാമ സംഭവം മോദിയുടെയും ബി.ജെ.പിയുടെയും ഗ്രാഫ് മേലോട്ടുയര്‍ത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രചാരണത്തിനിടയിലെ ജനങ്ങളുടെ പ്രതികരണങ്ങള്‍.
ഇതോടൊപ്പം സമര്‍ത്ഥമായ തെരഞ്ഞെടുപ്പ് പ്രചാരണ യന്ത്രസംവിധാനമാണ് മോദിക്കുണ്ടായിരുന്നതെന്ന ്‌തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെയും അമിത്ഷായുടെയും ഭാഷയില്‍ കണ്ട മണ്ടത്തരങ്ങളെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയയാളെ സ്ഥാനാര്‍ത്ഥിയാക്കിയതും സ്വന്തം എം.പി ഗാന്ധിജിയെ പാക് രാഷ്ട്രപിതാവെന്ന് വിളിച്ചതുമെല്ലാം ബി.ജെ.പിയുടെ സമര്‍ത്ഥമായ രാഷ്ട്രീയ നീക്കങ്ങളായിരുന്നു. വിലക്കയറ്റം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവ്, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയമായ പ്രശ്‌നങ്ങളെ അതിസമര്‍ത്ഥമായി ജനശ്രദ്ധയില്‍നിന്ന് തിരിക്കാന്‍ ഇവക്കായി. മോദിയും കൂട്ടരും ഇത്തരം വിഷയങ്ങള്‍ സ്പര്‍ശിച്ചതേയില്ല. മോദി എന്ന വാക്ക് മാത്രം മോദി പറഞ്ഞത് 250 ഓളം തവണയായിരുന്നു. പുല്‍വാമ നൂറിലധികം തവണയും. തൊഴില്‍ എന്ന വാക്കുദ്ധരിച്ചത് വെറും ഇരുപതില്‍ താഴെയും. ഇതാണ് മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ജനങ്ങളിലേക്കെത്തിച്ചത്. നാല്‍പതിനായിരം കോടിയുടെ റഫാല്‍ അഴിമതി പോലും രാഹുല്‍ഗാന്ധിയുടെ പ്രതിഷേധ സ്വരങ്ങളായി മാത്രമേ ജനം കണ്ടുള്ളൂ.
ഇതിനിടെ രാമക്ഷേത്രത്തെക്കുറിച്ചും മറ്റും നടത്തിയ പ്രസ്താവനകള്‍ വേറെ. രാജസ്ഥാനിലെ ഒരു യോഗത്തില്‍ ഇന്ത്യയുടെ കയ്യിലെ അണുബോംബ് ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന്പറഞ്ഞ മോദി അക്ഷരാര്‍ത്ഥത്തില്‍ യുവാക്കളുടെ പള്‍സ് മനസ്സിലാക്കുകയായിരുന്നു. മോദിയുടെ ഓരോ പ്രസ്താവനക്കിടയിലെയും ഇടവേളകള്‍ ജനങ്ങളില്‍ അവ ഏതുവിധം സ്വാധീനിച്ചു എന്ന്പഠിക്കാനായിരുന്നുവെന്ന് പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പക്ഷേ രാഹുല്‍ഗാന്ധി നടത്തിയ ക്ഷേത്ര സന്ദര്‍ശനങ്ങള്‍പോലും ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടക്ക് സഹായകമായെന്ന ്‌വിലയിരുത്തുന്നവരുണ്ട്.
ഇന്ത്യന്‍ ജനതയുടെ വിധിയെഴുത്തില്‍ ശ്രദ്ധേയമായത് ഭോപ്പാലിലെ മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ബി.ജെ.പിയുടെ വിജയം തന്നെ. ആര്‍. എസ്.എസ്സിനെതിരെ നിരന്തരം ശബ്ദിക്കുന്ന, രാജ്യത്തെ മതേതര നേതാക്കളില്‍ പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് മധ്യപ്രദേശിലെ ദിഗ് വിജയ് സിംഗാണ് പ്രജ്ഞാസിംഗിനോട് തോറ്റത് എന്നത് ഇന്ത്യന്‍ ജനത ഏതുവിധമാണ് ചിന്തിക്കുന്നതെന്നതിന്റെ സൂചനയാണ്. ഉത്തര്‍പ്രദേശില്‍ അമേത്തിയില്‍ എല്ലാ കക്ഷികളും സഹകരിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി നേരിട്ട പരാജയം മറ്റൊരു ചൂണ്ടുപലകയാണ്- ഇന്ത്യ പോകുന്നത് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പാതയിലല്ല, മറിച്ച് മോദിയുടെയും ആര്‍.എസ്.എസ്സിന്റെയും പാതയിലാണെന്ന്.
കമല്‍ഹാസന്‍ പറഞ്ഞ ഗോഡ്‌സെ വിരുദ്ധ പ്രസ്താവനയില്‍ പിടിച്ചാണ് പ്രജ്ഞാസിംഗ് താക്കൂര്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് തട്ടിവിട്ടത്. അതിനുമുമ്പ് മുംബൈയില്‍ പാക് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹേമന്ദ് കര്‍ക്കറെയെ തന്റെ ശാപമേറ്റാണ് മരണപ്പെട്ടതെന്ന് ആക്ഷേപിച്ചു. പിന്നീട് ബാബരി മസ്ജിദ് തകര്‍ത്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. ഇപ്പോഴെല്ലാം പ്രജ്ഞയുടെ വോട്ടുകള്‍ അവരില്‍നിന്ന് പിറകോട്ടുപോകുകയല്ല, അവരിലേക്ക് അടുക്കുകയാണെന്നാണ് വ്യക്തമായിരിക്കുന്നത്. യു.പിയിലെ എസ്.പി-ബി.എസ്.പി മഹാസഖ്യം കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് മുന്നണിക്ക് ഇപ്പോള്‍ ബി.ജെ.പിക്ക് കിട്ടിയ അറുപതിലധികം സീറ്റുകള്‍ ലഭിക്കുമായിരുന്നുവെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ മറ്റുള്ളവര്‍ അതിനെ ഖണ്ഡിക്കുന്നത് അമേത്തിയുടെ ഉദാഹരണം കാട്ടിയാണ്. എന്നാല്‍ രാഹുലിനെതിരെ പോലും മായാവതിയും അഖിലേഷും രാഹുല്‍ അങ്ങോട്ടും ആരോപണങ്ങള്‍ ഉന്നയിച്ചത് ജനങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഭിന്നതകള്‍ തുറന്നുകാട്ടുകയാണ് ചെയ്തത്. ഇത് നല്‍കിയ സന്ദേശം പ്രതിപക്ഷം ഒരുമിച്ച് സര്‍ക്കാരുണ്ടാക്കിയാല്‍പോലും അത് നിലനില്‍ക്കില്ലെന്ന തോന്നലായിരിന്നു. ഇതാണ് സത്യത്തില്‍ രാജ്യത്തെ വീണ്ടുമൊരവസരത്തിന് മോദിയെ ജനം ഏല്‍പിക്കാനുള്ള കാരണമെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. മറിച്ച് നേരത്തെ തന്നെ ഒരുതോര്‍ത്തിലെ നൂലിഴകള്‍ പോലെ കെട്ടുറപ്പോടെയും പരസ്പരാരോപണമില്ലാതെയും പ്രതിപക്ഷം മുന്നോട്ടുപോയിരുന്നെങ്കില്‍ മോദി തരംഗമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന അവസ്ഥ സംഭവിക്കില്ലായിരുന്നു. യു.പിയിലും ബീഹാറിലും മഹാസഖ്യം വലിയ ഫലം ഉണ്ടാക്കിയേനേ. ഡല്‍ഹിയില്‍ ആം ആദ്മിയുമായും സഖ്യം ആവാമായിരുന്നുവെന്നാണ് ഫലം വിളിച്ചുപറയുന്നത്. മുന്‍മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെയും മുഖ്യമന്ത്രി കെജ്‌രിവാളിന്റെയും പിടിവാശികളാണ് അവിടെയും വിനയായത്. ഇരുവരും തമ്മില്‍ മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി കടിപിടി കൂടുകയാണെന്ന് ഇതോടെ ജനം തിരിച്ചറിഞ്ഞു.
ഈ തെരഞ്ഞെടുപ്പിനുശേഷം ഇനിയൊരു തെരഞ്ഞെടുപ്പേ ഉണ്ടാകില്ലെന്ന ്‌വിളിച്ചുപറഞ്ഞ സാക്ഷിമഹാരാജിന്റെ വിജയവും പ്രതിപക്ഷ ഭിന്നതയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യകുമാര്‍ തോറ്റതും മോദി വിരുദ്ധനായ മുന്‍ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ തോല്‍വിയുമൊക്കെ വിളിച്ചുപറയുന്നത് മോദിയുടെ രണ്ടാം യുഗം ഹിന്ദുത്വത്തിന്റെ രണ്ടാംഘട്ട പരീക്ഷണശാലയായിരിക്കുമെന്നാണ്. രാമക്ഷേത്ര നിര്‍മാണത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ മോദിയും കൂട്ടരും ശ്രമിക്കുമെന്ന ്തീര്‍ച്ചയാണ്. രാഷ്ട്രപതി ഭവനിലും ഉപരാഷ്ട്രപതി പദവിയിലും സ്പീക്കര്‍, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി പദവികളിലുമൊക്കെ ആര്‍.എസ്.എസ്സുകാര്‍ അവരോധിക്കപ്പെട്ടിരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിലേക്കടുക്കുന്ന ഇന്ത്യന്‍ ഹിന്ദുത്വ പ്രയോഗത്തിന് യഥേഷ്ടം വളം ലഭിക്കുമെന്നത് തീര്‍ച്ചയാണ്.
പഴയകാലത്തെ ഇന്ത്യ, അതായത് ഭരണഘടന ഉദ്‌ഘോഷിച്ച മതേതരത്വ, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക് ഇനിയെത്ര നാളെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം തേടേണ്ടത്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending