Connect with us

Video Stories

കേര കര്‍ഷകര്‍ക്ക് കണ്ണീരൊരുക്കുന്ന ഇടതുസര്‍ക്കാര്‍

Published

on

കെ.കെ നഹ

കേരം തിങ്ങും കേരളനാട്ടില്‍ കേര കര്‍ഷകന്‍ തീരാദുരിതം അനുഭവിക്കുകയാണിന്ന്. കുത്തകകളെയും വ്യവസായികളെയും സഹായിക്കുക എന്ന ഒളിയജണ്ട മാത്രം കൈമുതലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തിലെ തൊണ്ണൂറ് ശതമാനത്തോളംവരുന്ന (പരോക്ഷമായും പ്രത്യക്ഷമായും) നാളികേര കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുകയാണ്. ഉദ്്പാതനച്ചെലവും കിട്ടുന്ന വിലയും തമ്മില്‍ പൊരുത്തപ്പെടാതെ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് നാളികേര കര്‍ഷകര്‍.
2008ല്‍ മന്‍മോഹന്‍സിങിന്റെ കാലത്ത് കേന്ദ്രം കൊണ്ടുവന്ന നാളികേര സംഭരണം അന്ന് നിലവിലുണ്ടായിരുന്ന അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. നാളികേര കര്‍ഷകരുടെ തീരാത്ത രോദനം കേള്‍ക്കാന്‍ തയ്യാറായില്ല. ആയിടെ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമായിരുന്നു.
തെരഞ്ഞെടുപ്പിന്‌ശേഷം വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മുമ്പില്‍ കര്‍ഷകരുടെ പ്രയാസങ്ങളും പ്രതിസന്ധികളും സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് 2012ല്‍ 14 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതിന് തീരുമാനമെടുത്തു. നാളികേര സംഭരണം തുടങ്ങുന്നതിന്മുമ്പ് പൊതുമാര്‍ക്കറ്റില്‍ രണ്ട് രൂപയുണ്ടായിരുന്നത് അഞ്ച് രൂപയിലേക്ക് പെട്ടെന്നുയര്‍ന്നു. കര്‍ഷകര്‍ക്ക് തെല്ലൊരാശ്വാസം ലഭിക്കാന്‍ ഇത് കാരണമായി. സംഭരണം ആരംഭിക്കുകയും ഘട്ടംഘട്ടമായി വില ഉയര്‍ത്തി 38 രൂപവരെ എത്തുകയും ചെയ്തു. കൃഷിഭവനിലൂടെ നാളികേര സംഭരണം നടത്തുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായത് പൊതുവിപണിയില്‍ നാളികേര വില 45 രൂപവരെ എത്തുന്നതിന് കാരണമായി. പച്ചത്തേങ്ങ സംഭരണം അന്ന് 400റോളം സംഭരണകേന്ദ്രങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. അത് മതിയായതല്ല എന്ന് മുഴുവന്‍ കര്‍ഷകര്‍ക്കുമറിയാം. കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളിലൂടെയും നാളികേര സംഭരണം നടത്തണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം നിരന്തരമായി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ ശക്തമായ ഇടപെടലുകളും നടന്നു. മറ്റിതര കര്‍ഷക സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇടതു കര്‍ഷക സംഘടനകള്‍ ശക്തമായി ഈ ആവശ്യവുമായി സമരരംഗത്തുണ്ടായിരുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ശേഷം വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന സംഭരണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നത് പോയിട്ട് ഉള്ളതുതന്നെ ഇല്ലാതാക്കി സംഭരണം തന്നെ അട്ടിമറിച്ചു. അതോടെ നാളികേര വിപണിയില്‍ വില കുത്തനെ താഴോട്ട് വന്നു. മൂന്ന് വര്‍ഷത്തോളമായി കേരളത്തില്‍ പച്ചത്തേങ്ങ സംഭരണം നിലച്ചിട്ട്. ഒട്ടേറെ മുറവിളികളുണ്ടായിട്ടും നാളികേര വില ഇരുപത് രൂപയിലേക്ക് താഴ്ന്നിട്ടും ഇടത്‌സര്‍ക്കാര്‍ കനിഞ്ഞില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ ഇപ്പോഴിതാ മുഖംമിനുക്കുന്നതിന്റെ ഭാഗമായി സംഭരണത്തിന് തയ്യാറെടുത്തിരിക്കുന്നു. സംഭരണോദ്ഘാടനം കെങ്കേമമായി നടത്തിയിട്ടും ഇന്നും സംഭരണമാരംഭിച്ചിട്ടില്ല.
ആരെ ബോധ്യപ്പെടുത്താനാണ് സംഭരണ പ്രഖ്യാപനമെന്നതാണ് പ്രശ്‌നം. സംഭരണ കേന്ദ്രങ്ങളേതെന്ന്‌പോലും നിശ്ചയിച്ചിട്ടില്ല. സംഭരണവില കുത്തനെ താഴ്ത്തി 27 രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ നാളികേരമുത്പാദിപ്പിക്കുന്ന മലപ്പുറം ജില്ലയില്‍പോലും ആധികാരികമായി കിട്ടിയ വിവരമനുസരിച്ച് 9 സംഭരണ കേന്ദ്രങ്ങള്‍ മാത്രമേ ഉള്ളൂ. കോഴിക്കോട് ജില്ലയിലും വിരലിലെണ്ണാവുന്ന സംഭരണ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അതുതന്നെ സംഭരണത്തിന് വേണ്ട സംവിധാനങ്ങളോ സംഭരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളോ ഇതുവരെ എവിടെയും ലഭ്യമായിട്ടില്ല. ഇത് ആര്‍ക്ക് വേണ്ടിയാണ്. ഇത് കര്‍ഷകരെ രക്ഷിക്കാനല്ല, മറിച്ച് കൃഷിമന്ത്രിയുടെ മുഖം രക്ഷിക്കാന്‍ മാത്രമാണ്. കുത്തകകളെയും വന്‍ വ്യവസായികളെയും മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ് ഈ സംഭരണക്കളി.
2008ല്‍ ഒരു നാളികേരത്തിന് 4.10 രൂപക്ക് സംഭരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ വേതനം 450 രൂപയും തെങ്ങ്കയറ്റത്തൊഴിലാളികളുടെ വേതനം തെങ്ങൊന്നിന് 20 രൂപയും പൊളിക്കൂലി 60 പൈസയുമായിരുന്നു. 2016ല്‍ അത് 600ഉം 30ഉം 75 പൈസയുമായി ഉയര്‍ന്നു. അന്ന് സംഭരണവില കിലോക്ക് 14 രൂപയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് 38 രൂപ വരെയെത്തി. പൊതുമാര്‍ക്കറ്റില്‍ 45ഉം 50 ഉം രൂപക്ക് വരെ വില്‍പന നടന്നു. 2019ല്‍ കര്‍ഷകത്തൊഴിലാളിയുടെ വേതനം 800 രൂപയും തെങ്ങുകയറ്റത്തൊഴിലാളിയുടെ വേതനം 40 രൂപയും പൊളിക്കൂലി ഒരു രൂപയില്‍ കൂടുതലുമായി വര്‍ധിച്ചു. കൂട്ടത്തില്‍ വളം, കീടനാശിനി എന്നിവയുടെ വിലയും ക്രമാതീതമായി വര്‍ധിക്കുകയുണ്ടായി. ഒരു കിലോ നാളികേരത്തിന് 40 രൂപ കിട്ടിയാല്‍പോലും കര്‍ഷകന് മുതലാവില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. അപ്പോഴാണ് 27 രൂപ എന്നത് മതിയായ വിലയാണ് എന്ന കൃഷിമന്ത്രിയുടെ പ്രസ്താവന. ഇത് കര്‍ഷകരെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്.
ഈ അനീതിക്കെതിരെ കേരളത്തിലെ നാളികേരകര്‍ഷകര്‍ പോരാട്ടത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. നാളികേര സംഭരണവില 36 രൂപയെങ്കിലുമാക്കി ഉയര്‍ത്തുക, മുഴുവന്‍ മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലും സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കുക. നാളികേര ഉത്പാദനസംഘങ്ങളെ സംഭരണ ഏജന്‍സികളാക്കുക, സംഭരണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സ്വതന്ത്ര കര്‍ഷകസംഘം മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending