Connect with us

Video Stories

ആഭ്യന്തര യുദ്ധം ‘ഐക്യ’യമന്‍ തകരുന്നു

Published

on

കെ. മൊയ്തീന്‍കോയ

യമന്‍ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 2015 മുതല്‍ തുടരുന്ന ആഭ്യന്തര യുദ്ധം രാജ്യത്തെ നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന പ്രസിഡണ്ട് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിലാണ് നാല്‍പത് ശതമാനം ഭൂപ്രദേശവും. ഹൂഥി വിഭാഗം മുപ്പത് ശതമാനവും അല്‍ഖാഇദ സ്വാധീനത്തില്‍ ഇരുപതും തെക്കന്‍ യമന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പോരാടുന്ന എസ്.ടി.സി വിമതര്‍ പത്ത് ശതമാനവും പ്രദേശങ്ങള്‍ കയ്യടക്കി. 2014-ല്‍ യസ്ദി ഷിയാ വിഭാഗക്കാരായ ഹൂഥി സായുധ വിഭാഗം തലസ്ഥാനമായ സന്‍അ ആക്രമിച്ച് കീഴടക്കിയതോടെ ആഭ്യന്തര യുദ്ധം രൂക്ഷമായി. പ്രസിഡണ്ട് ഹാദിയും ഭരണകര്‍ത്താക്കളും സഊദിയില്‍ അഭയം തേടി. പതിനായിരങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അഭയാര്‍ത്ഥികള്‍. നിരവധി തവണ സമാധാന ശ്രമങ്ങള്‍ നടന്നുവെങ്കിലും പരാജയപ്പെട്ടു.
ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, ബാഹ്യശക്തികളാണ് ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. തലസ്ഥാനമായ സന്‍അ നഷ്ടപ്പെട്ട സഊദിയില്‍ അഭയം തേടിയിരുന്ന ഹാദിയെയും ഭരണകൂടത്തെയും പ്രധാന നഗരമായ ഏദന്‍ കേന്ദ്രമായി തിരിച്ചുകൊണ്ടുവന്നത് സഊദി നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങളാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാം, ആഗസ്ത് 11-ന് ‘പഴയ തെക്കന്‍ യമന്റെ’ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ പോരാടുന്ന എസ്.ടി.സി (സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍) സായുധ വിഭാഗം ഏദന്‍ കയ്യടക്കി. പ്രസിഡണ്ടിന്റെ കൊട്ടാരവും സൈനിക ക്യാമ്പുകളും എസ്.ടി.സി കയ്യടക്കിയതോടെ ‘യമന്‍’ ഭരണകൂടം അനിശ്ചിതത്വത്തിലായി. ഹാദി ഭരണകൂടത്തെ സൈനികമായി സഹായിക്കുന്നത് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് അറബ് രാഷ്ട്രങ്ങള്‍ അടങ്ങുന്ന സഖ്യസേനയാണ്. അമേരിക്കയും ബ്രിട്ടനും സഖ്യസേന സഹായിക്കുന്നു. സഖ്യസേനയിലെ രണ്ടാമത്തെ പ്രബലരായ യു.എ.ഇ ആണ് എസ്.ടി.സിയെ സഹായിക്കുന്നത്. ഇവരുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് പതിനായിരക്കണക്കിനാളുകള്‍ക്ക് എസ്.ടി.സി സായുധ പരിശീലനം നല്‍കിക്കഴിഞ്ഞു. ഹൂഥികള്‍ക്കെതിരായ യോജിച്ച നീക്കങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ സംഭവ വികാസം. ഹാദി ഭരണകൂടത്തിന് രണ്ടാമത്തെ ആസ്ഥാന നഗരവും നഷ്ട്ടപ്പെട്ടതോടെ ആഭ്യന്തര യുദ്ധം വഴിത്തിരിവിലാണ്. വെടിനിര്‍ത്തലിന് നീക്കം നടക്കുന്നുണ്ടെങ്കിലും എസ്.ടി.സി നീക്കം ഹാദി ഭരണകൂടത്തെ അട്ടിമറിക്കുന്നതാണെന്ന് അറബ് സഖ്യസേനയുടെയും ഹാദി ഭരണകൂടത്തിന്റെയും വിലയിരുത്തല്‍ 2014-ല്‍ ഹൂഥി സായുധ ഗ്രൂപ്പ് സന്‍അ കീഴടക്കി, അന്നത്തെ പ്രസിഡണ്ട് അലി അബ്ദുല്ല സാലേയെ വധിച്ചു. പിന്നീട് ഹൂഥികളും സാലേ പക്ഷവും യോജിച്ച്് നില്‍ക്കുകയാണുണ്ടായത്. എന്നാല്‍ തെക്കന്‍ യമന് സ്വാതന്ത്ര്യം എന്നാവശ്യം ഉയര്‍ത്തി എസ്.ടി.സി രംഗത്തിറങ്ങിയതോടെ ആഭ്യന്തര യുദ്ധത്തിന്റെ സ്വഭാവവും ഗതിയും മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അറേബ്യന്‍ ഉപദ്വീപില്‍ സഊദി കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമായ യമന് നിരവധി ആഭ്യന്തര കലാപങ്ങളുടെ ചരിത്രമുണ്ട്. ഉസ്മാനിയ ഭരണത്തിന്കീഴില്‍തന്നെ നിരവധി പോരാട്ടം. 1918ല്‍ ഉസ്മാനിയ (തുര്‍ക്കി) സൈന്യം പിന്മാറിയതോടെ ഇമാം യഹ്‌യയുടെ 44 വര്‍ഷത്തെ ഭരണകാലം യമന് പുരോഗതിയുണ്ടായില്ല. 1948 ഫെബ്രുവരി 18-ന് അദ്ദേഹം കൊല്ലപ്പെട്ടു. വിപ്ലവകാരികള്‍ അധികാരം കയ്യടക്കിയെങ്കിലും കൂടുതല്‍ തുടരാനായില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമാം അഹമ്മദ് സ്വാതന്ത്ര്യ സേനാനികളെയും എതിരാളികളെയും മര്‍ദ്ദിച്ചൊതുക്കി. 1958-ല്‍ യമന്‍, ഈജിപ്ത് നേതൃത്വത്തിലുള്ള ഐക്യ അറബ് റിപ്പബ്ലിക്കില്‍ ചേര്‍ന്നു. അധികം വൈകാതെ റിപ്പബ്ലിക്കില്‍ നിന്ന് പുറത്തുകടക്കുകയുണ്ടായി. 1962 സെപ്തംബര്‍ 18-ന് വിപ്ലവത്തില്‍ ഇമാം അഹമ്മദ് വധിക്കപ്പെട്ടു. പിന്നീട് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. രാജഭരണത്തിന് അന്ത്യം. യമനില്‍ ഈജിപ്ത് പിടിമുറുക്കിയതോടെ ബദ്ധവൈരികളായ സഊദിയും രംഗത്തിറങ്ങി. ആഭ്യന്തര യുദ്ധം രൂക്ഷമായി. അഞ്ച് വര്‍ഷം നീണ്ടുനിന്നു. 1967 ആഗസ്തില്‍ ഫൈസല്‍ രാജാവും ജമാല്‍ അബ്ദുനാസറും യമനില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്ന കരാറില്‍ ഏര്‍പ്പെട്ടതോടെ യുദ്ധത്തിന് വിരാമം. തെക്കന്‍ യമന്റെ ചരിത്രം വ്യത്യസ്തം. പുരാതന കാലത്ത് ഹദ്‌റ മൗത്ത് എന്നറിയപ്പെട്ട രാജ്യം. ബ്രിട്ടീഷ് കോളനി. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് ഭരണം. 1972-ല്‍ ഇരു യമനുകളും ഏറ്റുമുട്ടി. റഷ്യയുടെ സ്വാധീനമായിരുന്നു യുദ്ധത്തിന് പിന്നില്‍. കമ്യൂണിസ്റ്റ് ലോകത്തെ തകര്‍ച്ചയെ തുടര്‍ന്ന് തെക്കന്‍ യമന്‍, യമനില്‍ ലയിച്ചു. 1990-ല്‍ ലയനം നടന്നുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം വീണ്ടും തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് നടത്തിയ ശ്രമം അടിച്ചമര്‍ത്തപ്പെട്ടു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. എസ്.ടി.സി സഹായത്തോടെ തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് പോരാടുന്നു. പഴയ (വടക്കന്‍) യമനില്‍ ഹൂഥികള്‍ മേധാവിത്വം പുലര്‍ത്തുന്നുമുണ്ട്. തെക്കന്‍ യമനിന്റെ ഭൂരിപക്ഷം പ്രദേശവും ഹാദി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. അല്‍ഖാഇദ സ്വാധീനം ചില പ്രദേശങ്ങളിലുമുണ്ട്. ആഭ്യന്തര യുദ്ധത്തിന്റെ പരിസമാപ്തിയും ഭാവിയും എന്താകുമെന്നതില്‍ അറബ് ലോകത്തിന് ആശങ്കയുണ്ട്. നാല് വര്‍ഷമായി ഹൂഥികളെ അടിച്ചമര്‍ത്താന്‍ അറബ് സഖ്യം നടത്തിവരുന്ന ശ്രമം വിജയം കാണുന്നില്ല. സഊദിക്ക് നേരെ തിരിച്ചടിയും മിസൈല്‍ വര്‍ഷവും അവര്‍ തുടരുന്നു. വിശുദ്ധ ഹജ്ജ് വേളയില്‍പോലും കുറവുണ്ടായില്ല. ഇറാന്റെ ശക്തമായ പിന്തുണയിലാണ് ഹൂഥികള്‍. അതിലിടക്ക്, യു.എ.ഇ പിന്തുണ അവകാശപ്പെടുന്ന എസ്.ടി.സി ഏദന്‍ കയ്യടക്കിയത് പരോക്ഷമായെങ്കിലും ഹൂഥികള്‍ക്ക് സഹായകമാകും.
ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുകയും കടുത്ത ഉപരോധം നേരിടുകയും ചെയ്യുന്ന ഇറാന്‍, യമന്‍ പ്രശ്‌നത്തില്‍ സമാധാനസന്ധി ആഗ്രഹിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ ഇടപെടല്‍ യമനില്‍ സമാധാനം വീണ്ടെടുക്കാന്‍ സഹായകമാവുമെന്നാണ് അറബ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മറുവശത്ത് സഊദിയും യു.എ.ഇയും ഉള്‍പ്പെട്ട അറബ് സംഖ്യസേനയും സമാധാനത്തിന്റെ പാതയില്‍ തന്നെ. ‘ഭാര’മേറിയ ഈ യുദ്ധം അവസാനിപ്പിക്കേണ്ടത് അറബ് സേനക്കും അനിവാര്യം. സഖ്യസേനയുടെ ഭാഗമായ യു.എ.ഇ മറ്റൊരു സായുധ ഗ്രൂപ്പിന് സഹായം നല്‍കുമ്പോള്‍ ഉടലെടുത്ത അനിശ്ചിതത്വത്തിനും വിരാമമിടാന്‍ യമനില്‍ സമാധാനം പുനഃസ്ഥാപിക്കണം. അനുയോജ്യ സന്ദര്‍ഭം യു.എന്‍ നേതൃത്വം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending