Connect with us

Video Stories

ഭയം അടിസ്ഥാന വികാരമായി മാറുന്ന ഇന്ത്യ

Published

on

റസാഖ് ആദൃശ്ശേരി

സമകാലീന ഇന്ത്യയില്‍ എല്ലാം നിഷ്‌ക്കരുണം അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സത്യവും ധര്‍മ്മവും നീതിയും അഹിംസയും മാനവികതയുമെല്ലാം. വന്‍ ഭൂരിപക്ഷത്തോടെയുള്ള നരേന്ദ്രമോദിയുടെ രണ്ടാംവരവ് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയായാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്. തങ്ങളുടെ സംഘടനാശക്തിയും മുന്നോട്ടുവെച്ച ആശയങ്ങളുടെ സ്വീകാര്യതയുമാണ് ഇത് കാണിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം. അതെന്തായാലും ഹിന്ദുത്വത്തിന്റെ അമിതമായ ആവേശ സ്വരങ്ങളാണ് ഇപ്പോള്‍ ഇന്ത്യയാകെ മുഴങ്ങികൊണ്ടിരിക്കുന്നത്.
‘ഹിന്ദുത്വ’ ലക്ഷ്യംവെക്കുന്ന രീതിയിലേക്ക് ഇന്ത്യന്‍ ജനതയെ പരിവര്‍ത്തിപ്പിക്കാന്‍ സമയമായെന്നു സംഘ്പരിവാര്‍ നേതൃത്വം പ്രത്യാശിക്കുന്നു. ഭരണഘടനാറിപ്പബ്ലിക്കില്‍നിന്നു മതഭൂരിപക്ഷ രാഷ്ട്രത്തിലേക്കുള്ള മാറ്റം ഭരണഘടനാചട്ടക്കൂടിലോ ദേശീയ ചിഹ്നങ്ങളിലോ മാറ്റംവരുത്താതെതന്നെ സാധ്യമാവുമെന്ന് സമീപകാല രാഷ്ട്രീയ സംഭവങ്ങള്‍ തെളിയിക്കുന്നു. പാര്‍ലമെന്റിനെയും ഭരണഘടനയെയും ജനാധിപത്യത്തെയും നിലനിര്‍ത്തികൊണ്ടുതന്നെ പൗര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ കഴിയുമെന്നു ഭരണകൂടം കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കാന്‍ അവസരം കിട്ടിയതില്‍ തീവ്ര ഹിന്ദുത്വം ചിരിച്ചു നില്‍പ്പാണ്.
നരേന്ദ്ര മോദിയുടെ ‘പുതിയ ഇന്ത്യ’യില്‍ ഉന്മൂലനത്തെകുറിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിനു തടസ്സം നില്‍ക്കുന്നവര്‍ എന്ന പേരില്‍ ആര്‍.എസ്.എസിന്റെ പട്ടികയിലുള്ളവരെയൊക്കെ ഉന്മൂലനം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇടതു തീവ്രവാദികളെ തുടച്ചുനീക്കാന്‍ തീരുമാനമായി. രാഷ്ട്രത്തിനെതിരെ ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും രാജ്യത്ത് അരാജകത്വം വിതക്കുകയും ചെയ്യുന്ന സാമൂഹിക ശക്തികളുടെ കൂട്ടത്തില്‍ ആര്‍.എസ്.എസ് വേദഗ്രന്ഥം ‘വിചാരധാര’ ഒന്നാമതായി ചൂണ്ടികാണിച്ചത് മുസ്‌ലിംകളെയാണ്. ഒരു മുസ്‌ലിമിന് എങ്ങനെയാണ് ശരിക്കും രാജ്യസ്‌നേഹിയാവാനാവുക. ഈ രാജ്യത്തിന്റെ സാംസ്‌ക്കാരിക അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് അവനു അന്യമായ സംസ്‌കൃതിയിലാണ്. ഇന്ത്യ, പാകിസ്താന്‍ എന്ന പ്രശ്‌നം വരുമ്പോള്‍ അവന്‍ പാകിസ്താന്‍ ഭാഗത്ത് നില്‍ക്കാനല്ലേ സാധ്യത എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങളാണ് ആര്‍.എസ്. എസ് ഇതിനുവേണ്ടി പ്രചരിപ്പിച്ചത്. അങ്ങനെ മുസ്‌ലിംകളെ അപരവത്ക്കരിക്കാനും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനുമുള്ള ശ്രമങ്ങള്‍ എത്രയോ കാലമായി ഇവര്‍ നടത്തിവരുന്നു. മോദിയുടെ രണ്ടാം ഭരണത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയിരിക്കുന്നുവെന്നു മാത്രം. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, കശ്മീരുമായി ബന്ധപ്പെട്ട പ്രത്യേക പദവി റദ്ദാക്കല്‍, യു.എ.പി. എ ഭേദഗതി ബില്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ അപകടത്തിലാവുന്നതിന്റെ ശക്തമായ സൂചനയാണ്.
രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്‌ലിം – മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ഭീതിയും വളര്‍ത്തുന്നതിനാണ് സര്‍ക്കാരും സംഘ്പരിവാര്‍ ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അസം പ്രശ്‌നം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ മൂലം 19 ലക്ഷം അസം ജനതയാണ് ഇന്ത്യന്‍ പൗരന്മാരല്ലാതായിരിക്കുന്നത്. പ്രകൃതിയോടും പ്രകൃതിക്ഷോഭങ്ങളോടും വര്‍ഷങ്ങളായി മല്ലിട്ടുനേടിയ എല്ലാം ഒരു ദിവസം ഉണര്‍ന്നെണീറ്റപ്പോള്‍ ഒന്നുമല്ലാതാവുന്നു. സ്വന്തം അസ്തിത്വം പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് അസമിലെ ജനത. വിദേശ ട്രിബ്യൂണലിലും കോടതികളിലും അപ്പീല്‍ നല്‍കാന്‍ 120 ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ പാവപ്പെട്ട ജനങ്ങള്‍ക്ക് അപ്രാപ്യമാണ്. ഏത് സമയത്തും തടങ്കല്‍ പാളയത്തിലേക്കുള്ള യാത്രയും കാത്ത് കഴിയുകയാണവര്‍. അധികാര കേന്ദ്രങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ ലോകത്തെ അനേകകോടി രാജ്യമില്ലാ ജനതയുടെ ഭാഗമായി അവരും മാറും. വൈകാതെ അവര്‍ രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളായി മാറും. മാതാപിതാക്കളും മക്കളും വേര്‍പ്പെട്ട്, ഭാര്യയും ഭര്‍ത്താവും വേര്‍പ്പെട്ട്, പരസ്പരം കാണാന്‍ കഴിയാതെ അവര്‍ നീറി നീറി കഴിയും. ഭരണകൂടം ആ മനുഷ്യരെ മൃഗങ്ങളെ പോലെ കൈകാര്യം ചെയ്യും.
ദേശീയവാദി പാര്‍ട്ടികളായ ബി.ജെ.പിയിലെയും ശിവസേനയിലെയും നേതാക്കള്‍ അസമിലെ എന്‍.ആര്‍.സിയുടെ ചുവടുപിടിച്ചു വിവിധ സംസ്ഥാനങ്ങളിലും ഇത്തരം പട്ടികയുണ്ടാക്കണമെന്നു ആവശ്യപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന, ബംഗാള്‍, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അക്കൂട്ടത്തിലുണ്ട്. എന്‍.ആര്‍.സിയില്‍പെടാത്ത ‘ഹിന്ദു അഭയാര്‍ത്ഥി’കള്‍ക്ക് പൗരത്വം നല്‍കാനായി പ്രത്യേക ബില്‍ കൊണ്ടുവരുമെന്നു പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഉത്തരവാദപ്പെട്ട മന്ത്രി തന്നെ ഇത്തരത്തില്‍ പ്രസ്താവിക്കുന്നത് എന്നത് എത്രമാത്രം അപലപനീയമാണ്. സമീപഭാവിയില്‍ കശ്മീമീരിനെപോലെ അസമിനെയും വെട്ടിമുറിച്ചു കേന്ദ്ര പ്രദേശങ്ങളാക്കാന്‍ മോദി തയ്യാറായേക്കും.
മനുഷ്യത്വം ഇല്ലാത്തവരായി ഭരണാധികാരികള്‍ മാറുന്നുവെന്നതിനു അസമിനെ പോലെ കാശ്മീരില്‍ നടക്കുന്ന സംഭവങ്ങളും സാക്ഷിയാണ്. പ്രത്യേക പദവി റദ്ദാക്കിയതിനെതുടര്‍ന്നു കശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. കശ്മീര്‍ താഴ്വരയെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ തടവറയായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. എണ്‍പത് ലക്ഷം പേരെയാണ് അടച്ചുപൂട്ടിവെച്ചിരിക്കുന്നത്. നേതാക്കളെ പോലും തടങ്കലിലാക്കിയിരിക്കുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ കശ്മീരികള്‍ക്ക് സാധ്യമാവുന്നില്ല. ഭരണകൂട ഭീകരതയുടെ യഥാര്‍ത്ഥ ചിത്രമാണ് അവിടെനിന്നും പുറത്ത്‌വരുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ അധികാര നൈരന്തര്യത്തിനും അവരുടെ വികസനതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനും പുതിയ ഭീകരനിയമങ്ങള്‍ സൃഷ്ടിക്കുന്നു. അതിലൂടെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഭരണകൂട ഭാഷ്യങ്ങളോടു മറുവാദം ഉന്നയിക്കുന്നവരെയും സംഘ്പരിവാറിനെ വിമര്‍ശിക്കുന്നവരെയും തീവ്ര വാദികളും ഭീകരവാദികളുമായി മുദ്രകുത്തി ജയിലില്‍ അടക്കുന്നു. ഇതിനുവേണ്ടി യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ കൂടുതല്‍ കര്‍ശന വകുപ്പുകള്‍ ചേര്‍ത്ത് ചുട്ടെടുക്കുന്നു. ആരെയും ഭീകരനായി ചിത്രീകരിക്കാനുള്ള അധികാരം എന്‍.ഐ.എക്ക് നല്‍കുന്നു. ലഷ്‌കറെ ത്വയ്ബ ഭീകരനായി ചിത്രീകരിച്ചു തൃശൂര്‍ സ്വദേശി കെ.എ റഹീം എന്ന പ്രവാസിയെ കസ്റ്റഡിയിലെടുത്ത് 30 മണിക്കൂര്‍ ചോദ്യം ചെയ്ത് ഒടുവില്‍ നിരപരാധിയാണെന്നു കണ്ടെത്തി എന്‍.ഐ.എ വിട്ടയച്ചത് ഈയിടെയാണ്. വ്യാജ സന്ദേശത്തിന്റെ പേരില്‍ അന്താരാഷ്ട്ര ഭീകര സംഘടനയുടെ ആളായി ചിത്രീകരിച്ച് കുറ്റവാളിയെ പോലെ കസ്റ്റഡിയിലെടുത്ത് അവസാനം വിട്ടയക്കുമ്പോള്‍ ആ മനുഷ്യനു സമൂഹത്തില്‍ ഉണ്ടാകുന്ന അപമാനത്തിനു ആരാണ് ഉത്തരം പറയുക.
ജയ് ശ്രീറാം, ജയ് ഹനുമാന്‍, ഭാരത് മാതാ കീ ജയ് എന്നിവയെല്ലാം ഇന്ന് മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന വിളികളായി മാറിയിരിക്കുന്നു. ആള്‍കൂട്ടക്കൊലകളുടെ താളമായി ഇവയെല്ലാം മാറുകയാണ്. ഹിന്ദുത്വ വികാരത്തിന്റെയും ഹിന്ദു വിജയത്തിന്റെയും ധ്വനിയായി ഭൂരിപക്ഷത്തിന്റെ അധികാരശബ്ദമായി ‘ജയ് ശ്രീറാം’ വളര്‍ന്നു. ന്യൂനപക്ഷങ്ങളുടെ ഇടമല്ല ഇന്ത്യയെന്ന താക്കീതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സംഘ് ആള്‍ക്കൂട്ടം പ്രാവര്‍ത്തികമാക്കുന്നത്.
സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കാനും അവര്‍ക്ക് എതിര് നില്‍ക്കാനും പാടില്ലയെന്ന അലിഖിത നിയമം നിലനില്‍ക്കുന്നുണ്ട്. 2014ലെ മോദി ഭരണത്തിന്റെ ആദ്യ പകുതിയില്‍ സംഘ്പരിവാര്‍ അജണ്ടകളെയും ഭരണത്തെയും വിമര്‍ശിച്ച ബുദ്ധിജീവികളെയും എഴുത്തുകാരെയും കൊല്ലുകയായിരുന്നുവെങ്കില്‍, 2019ലെ മോദി ഭരണത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ഭരണത്തെയും മറ്റും വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ കള്ളകേസിലും മറ്റും കുടുക്കി നിശബ്ദരാക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. മുന്‍ ധനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരത്തെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റിനു അകത്തും പുറത്തും മോദിയെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുന്ന ആളാണ് ചിദംബരം. കര്‍ണാടക കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കം ഒരു പരിധി വരെ തടഞ്ഞു നിറുത്തിയത് ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. 2017 ലെ രാജ്യസഭാതെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി-കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ കര്‍ണ്ണാടകയില്‍ കൊണ്ടുവന്നു സംരക്ഷിച്ചത് ശിവകുമാറായിരുന്നു. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുക്കാനുള്ള ഇ.ഡിയുടെ ശ്രമത്തിനു പിന്നില്‍ ബി.ജെ.പി പ്രതികാരം തീര്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വലിയ അഴിമതിയും തട്ടിപ്പും നടത്തിയ ബി.ജെ.പി നേതാക്കന്മാര്‍ പുറത്ത് വിലസുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ക്കു നേരെ ഭരണകൂടം തിരിയുന്നത് എന്ന് ഓര്‍ക്കണം.
പ്രമുഖ ചരിത്ര പണ്ഡിതയായ റൊമീലാഥാപ്പറോട് എമരിറ്റസ് പ്രെഫസറായി തുടരുന്നതിനു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ചോദിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ നടപടിയും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഫാസിസത്തെയും മോദിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ചരിത്രകാരിയാണ് റൊമീലാ ഥാപ്പര്‍. ചാനല്‍ ചര്‍ച്ചയില്‍ കശ്മീരിന്റെ പ്രത്യേക വകുപ്പ് നീക്കം ചെയ്തതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ഉപേന്ദ്ര കൗളിനെ എന്‍.ഐ.എ ചോദ്യം ചെയ്തതും ഇക്കൂട്ടത്തില്‍ വായിക്കേണ്ടതാണ്. തന്റെ രോഗിയായ കശ്മീരി വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനു അദ്ദേഹത്തിന്റെ രക്ത പരിശോധന ഫലം എസ്.എം.എസായി അയച്ചുകൊടുത്തതിന്റെ പേരില്‍ ഭീകര സംഘടനകള്‍ക്ക് പണം കൈമാറിയെന്നു ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഈ രൂപത്തില്‍ മോദിയുഗം മുന്നോട്ടുവെക്കുന്ന സവിശേഷ രാഷ്ട്രീയ കാലാവസ്ഥ എല്ലാ ഭരണകൂട സംവിധാനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പൊലീസും പട്ടാളവും കോടതിയുമൊന്നും മുക്തമല്ല. വ്യവസായ ലോകം പോലും ഭയത്തോടെയാണ് ഭരണകൂടത്തെ വീക്ഷിക്കുന്നത്. ഭരിക്കുന്നവരുടെ സ്തുതി പാടാന്‍ വന്‍ വ്യവസായികള്‍ മത്സരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആഭ്യന്തര മന്ത്രി അമിത് ഷായെ ‘ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍’ എന്നാണ് ഈയിടെ വിശേഷിപ്പിച്ചത്. 2016ല്‍ ടാറ്റ വ്യവസായ ശൃംഖലയുടെ അധിപന്‍ രത്തന്‍ ടാറ്റ ആര്‍.എസ്. എസ് മേധാവി മോഹന്‍ ഭഗവതിനെ നാഗ്പൂരില്‍ സന്ദര്‍ശിച്ചിരുന്നു. മതേതര സ്വഭാവം കാത്തുസൂക്ഷിക്കേണ്ട വ്യവസായിക സംവിധാനത്തിനു പോലും ഹിന്ദുത്വ സങ്കുചിതത്തിനുമുന്നില്‍ ശിരസ്സ് നമിക്കേണ്ടിവരുന്നു എന്ന സന്ദേശമാണ് ഇതെല്ലാം ഇന്ത്യന്‍ ജനതക്ക് നല്‍കുന്നത്.
ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങളാവട്ടെ, ഭയം ജനിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഭരണകൂടം ഔദ്യോഗികമായി ഇതിനുവേണ്ടി ചുമതലപ്പെടുത്തിയവരാണിവര്‍ എന്നു സംശയിച്ചു പോകുന്ന രീതിയിലാണ് മാധ്യമങ്ങളുടെ പോക്ക്. ന്യൂനപക്ഷങ്ങളോടുള്ള വര്‍ഗീയത ദിനംപ്രതി വായുസഞ്ചാരത്തിലൂടെ പ്രചരിപ്പിക്കുന്നു. മുസ്‌ലിംകളുടെ ഭക്ഷണ രീതി, വിവാഹ ആചാരങ്ങള്‍, മത വിശ്വാസങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നത് സമകാലീന ടി.വി വാര്‍ത്തകളിലെ ഏറ്റവും ജനപ്രിയ പരിപാടികളാണ്. താടിവെച്ച മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ അവതാരകന്റെ ആക്രോശങ്ങള്‍ കൊണ്ടു ചാനലുകള്‍ നിറയുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും ഹിന്ദുത്വ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രചാരണ വിഭാഗമായി ചില മാധ്യമങ്ങള്‍ തരം താണിട്ടുണ്ട്.
അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിദമായ സ്ഥിതിയിലേക്ക് രാജ്യം എത്തിപ്പെട്ടിരിക്കുന്നു. എവിടെയും ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം നിലനില്‍ക്കുന്നു. മതസൗഹാര്‍ദ്ദവും മതസഹിഷ്ണുതയും മതേതരത്വവും തകര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. ബഹുസ്വരതയുടെ ശക്തിയും സൗന്ദര്യവും മൂല്യവും തകര്‍ക്കപ്പെടുന്നു. രാജ്യത്തെ പൗരന്മാരെ ഒരേ ദൃഷ്ടിയോടെ കാണാനുള്ള വിശാലമനസ്‌ക്കത ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. പൗരാവകാശങ്ങളെ തീരെ പരിഗണിക്കാത്ത, ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനം ഹോബിയായി കൊണ്ടുനടക്കുന്ന സര്‍ക്കാരില്‍ നിന്നു എന്താണ് ഇനിയും പ്രതീക്ഷിക്കേണ്ടത്. ശ്രീരാമന്റെ വനവാസകാലത്ത് അദ്ദേഹത്തെ മടക്കി വിളിക്കാനായി സഹോദരന്‍ ഭരതന്‍ കാട്ടിലേക്ക് ചെന്നപ്പോള്‍ ശ്രീരാമന്‍ ചോദിച്ചത് നാട്ടിലെ പ്രജകളില്‍ ചാര്‍വാകന്‍മാര്‍ക്ക് സുഖമല്ലെ എന്നായിരുന്നു. അന്നു ന്യൂനാല്‍ ന്യൂനപക്ഷമായ ചാര്‍വാകന്മാരുടെ ക്ഷേമം അന്വേഷിച്ച ശ്രീരാമനെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തിയ ബി.ജെ.പിയുടെ അധികാര വാഴ്ചയില്‍ ന്യൂനപക്ഷങ്ങളെ രാജ്യത്ത്‌നിന്നും ആട്ടിയോടിക്കുകയാണ്. അവരുടെ ക്ഷേമം നശിപ്പിക്കുകയാണ്. രാജ്യത്ത് ഭയം അടിസ്ഥാന വികാരമായി മാറുകയാണ്.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending