Video Stories
കയറെടുക്കുന്ന കര്‍ഷകരും മൗനം തുടരുന്ന സര്‍ക്കാറും
കര്‍ഷകരുടെ നിലയ്ക്കാത്ത രോദനം ഇന്ത്യയുടെ ചങ്കു തകര്‍ക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കയറിലും കീടനാശിനിയിലുമൊക്കെ ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം പിടഞ്ഞുതീരുന്നു. ഒരു വര്‍ഷം ശരാശരി 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഔദ്യോഗിക കണക്ക്. 70 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷിക മേഖലയില്‍ നിന്നാണ് നിലവിളി ഉയരുന്നത്. അത് കര്‍ഷക രോഷമായി രാജ്യമൊട്ടാകെ ഇരമ്പുകയാണ്.
ഈ വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കര്‍ഷക ആത്മഹത്യകള്‍മൂലം തരിച്ചിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ പകുതിയിലേറെയും. മധ്യപ്രദേശില്‍ ജൂണ്‍ എട്ടിനുശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 17 ആയി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയായ സെഹോറില്‍ മാത്രം ആത്മഹത്യ ചെയ്തത് അഞ്ചു പേരാണ്. കടക്കെണിയില്‍ കുടുങ്ങിയാണ് മിക്ക കര്‍ഷകരും ആത്മഹത്യ ചെയ്തത്.
മധ്യപ്രദേശില്‍ ജീവിത സമരത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരെ പൊലീസ് വെടിവച്ചു വീഴ്ത്തിയാണ് പ്രതികരിച്ചത്. ആറുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സമരത്തില്‍ ഏര്‍പ്പെട്ട കര്‍ഷകരെ തല്ലിച്ചതച്ചു. 80 വയസുള്ള കമലാഭായ് മെവഡെയും 100 വയസുള്ള അവരുടെ ഭര്‍ത്താവും തല്ലിച്ചതക്കപ്പെട്ടവരില്‍ ഉണ്ട്. ട്രക്കിനു തീയിടാന്‍ നീയല്ലേ ഉത്തരവിട്ടത് എന്നു പറഞ്ഞാണ് ഈ വയോധികയെ അവരുടെ വീട്ടില്‍ കയറി തല്ലിച്ചതച്ചത്. കാലൊടിഞ്ഞ് ഒന്നര വര്‍ഷമായി കട്ടിലില്‍ കിടക്കുന്ന താന്‍ സമരമുഖത്ത് ഉണ്ടായിരുന്നില്ലെന്ന് അവര്‍ കെഞ്ചിയിട്ടും പൊലീസ് അവരെ മര്‍ദിക്കുകയായിരുന്നു. പൊലീസ് വെടിവെച്ചപ്പോള്‍ സമരക്കാര്‍ ഈ സ്ത്രീയുടെ വീടിന്റെ കോമ്പൗണ്ട് ചാടിക്കടന്ന് രക്ഷപ്പെട്ടതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. കമലാഭായിയുടെ മകനേയും നാലു പേരക്കുട്ടികളെയും പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു. മധ്യപ്രദേശിലേത് രാജ്യത്ത് നടക്കുന്ന കര്‍ഷക വിരുദ്ധ നടപടികളുടെ പരിച്ഛേദമാണ്. പൊലീസ് വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്.
രാജ്യവ്യാപകമായി കാര്‍ഷിക മേഖല വലിയ തകര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പല കാരണങ്ങളാല്‍ മുമ്പും കാര്‍ഷിക മേഖലയില്‍ തകര്‍ച്ച ഉണ്ടായിട്ടുണ്ട്. കര്‍ഷക ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണത്തെ കാര്‍ഷിക മേഖലയിലെ തകര്‍ച്ച സ്വയം കൃതാര്‍ത്ഥമായിരുന്നു എന്നു പറയാതെ വയ്യ. അനവസരത്തില്‍ അപ്രതീക്ഷിതമായി കൊണ്ടുവന്ന നോട്ടു നിരോധനമാണ് പ്രതിസന്ധിയുടെ മൂലകാരണം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി കുതിച്ചു കയറിക്കൊണ്ടിരുന്ന സമ്പദ്ഘടന കുത്തനെ താഴേക്കു നിലംപൊത്തി. ഏറ്റവും കനത്ത തിരിച്ചടി ഉണ്ടായത് കാര്‍ഷിക മേഖലയിലാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷത്തെ വരള്‍ച്ചക്കുശേഷം മഴ ലഭിച്ചപ്പോള്‍ വിത്തുവാങ്ങാന്‍ കര്‍ഷകര്‍ക്കു സാധിച്ചില്ല. നിരക്ഷരരായ കര്‍ഷകരില്‍ പലരും തങ്ങളുടെ നോട്ട് അസാധുവായ കാര്യം പോലും അറിഞ്ഞില്ല. വായ്പക്കുവേണ്ടി ബാങ്കുകളെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. അവസാനം സ്വകാര്യ പണമിടപാടുകാരില്‍നിന്ന് കത്തിപ്പലിശക്കാണ് കര്‍ഷകര്‍ വായ്പ സംഘടിപ്പിച്ചത്. അതു കുമിഞ്ഞുകൂടിയപ്പോള്‍ ഗുണ്ടകളും പൊലീസുമായി ബ്ലേഡുകാര്‍ കര്‍ഷകരെ പിഴിഞ്ഞെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയില്‍ ആത്മഹത്യ ചെയ്ത ബന്‍സിലാല്‍ മീണ (55) എന്ന കര്ഷകന് തൂങ്ങിമരിച്ചത് 11 ലക്ഷം രൂപയുടെ കടബാധ്യത കയറിയപ്പോഴാണ്. ബ്ലേഡുകാരില്‍ നിന്നെടുത്ത പണമായിരുന്നു ഇത്.
മോദി സര്‍ക്കാരിന്റെ ഇത്തരം നയങ്ങളിലൂടെ കര്‍ഷകരില്ലാത്ത ഇന്ത്യ (കിസാന്‍ മുക്ത ഭാരത് ) എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നടന്നടുക്കുകയാണ്. ഉത്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം ലാഭം കര്‍ഷകര്‍ക്കു നല്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് യു.പി തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. പക്ഷേ തെരഞ്ഞെടുപ്പ് ജയിച്ചതോടെ കടാശ്വാസ നടപടികള്‍ക്കുള്ള പണം സംസ്ഥാനങ്ങള്‍ തന്നെ കണ്ടെത്തണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് എന്തൊരു കര്‍ഷക വഞ്ചനയാണ്. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള കളിപ്പാട്ടങ്ങളാണോ കര്‍ഷകര്‍? രാജ്യത്തു നടക്കുന്ന ഓരോ കര്‍ഷക ആത്മഹത്യക്കും ബി.ജെ.പി സര്‍ക്കാരാണ് ഉത്തരവാദികള്‍. കര്‍ഷകരുടെ കണ്ണീരും ശാപവും ഈ സര്‍ക്കാരിനെ വിടാതെ പിന്തുടരുമെന്ന് ഉറപ്പാണ്. ഈ സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നത് കര്‍ഷകരുടെ പ്രതിഷേധാഗ്നിയിലായിരിക്കും. ദേശീയ സാമ്പത്തിക സര്‍വെ പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് അസ്ഥിരമായി തുടരുന്നു. 2012-13ല്‍ 1.5 ശതമാനം ആയിരുന്നത് 2013-14ല്‍ 4.2 ശതമാനവും 2014-15ല്‍ 0.2 ശതമാനവുമായി.
കര്‍ഷക കടം ഏകദേശം 12.6 ലക്ഷം കോടി രൂപയാണ്. കോര്‍പറേറ്റുകളുടെ കടം 28 ലക്ഷം കോടിയും. കര്‍ഷകരുടെ കടം എഴുതിത്തള്ളിയാല്‍ ധനകമ്മി കൂടുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മുന്നറിയിപ്പു നല്കുന്നു. എന്നാല്‍, അതിന്റെ ഇരട്ടിയുള്ള കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളാന്‍ യാതൊരു ആശങ്കയുമില്ല. വിരലിലെണ്ണാവുന്ന കോര്‍പറേറ്റുകള്‍ക്കു മുന്നില്‍ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 70 ശതമാനം വരുന്ന കര്‍ഷകര്‍ ദയനീയമായി കീഴടങ്ങി. അവര്‍ക്ക് അഭയം കയറും കീടനാശിനിയും മാത്രം. അവര്‍ ശബ്ദിച്ചാല്‍, സംഘടിച്ചാല്‍ പൊലീസ് അവരെ വെടിവെച്ചുകൊല്ലും. അല്ലെങ്കില്‍ മര്‍ദിച്ചൊതുക്കും. 2008ല്‍ മന്മോഹന് സര്‍ക്കാര്‍ 60,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയിരുന്നു. അന്നും ഇതുപോലെ വിലക്കുമായി ചിലരൊക്കെ രംഗത്തുവന്നു. യു.പി.എ സര്‍ക്കാര്‍ കര്‍ഷകപക്ഷത്തോടു ചേര്‍ന്നുനിന്നു. അങ്ങനെ എഴുതിത്തള്ളിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീണില്ല. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച സ്തംഭിച്ചില്ല. മറിച്ച്, അനേകായിരം കര്‍ഷകരുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു. അത് കര്‍ഷകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുകയും കാര്‍ഷിക മേഖലക്ക് ഉത്തേജനമാകുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത് ബി.ജെ.പി സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കട്ടെ.
കേരളത്തില്‍ കര്‍ഷക ആത്മഹത്യ കുറവാണെങ്കിലും ഭൂരിപക്ഷം കര്‍ഷകരും ആത്മഹത്യാ മുനമ്പിലാണ്. എല്ലാ കാര്‍ഷികോത്പന്നങ്ങളുടെയും വില ഇതുപോലെ ഒന്നിച്ച് കുത്തനെ ഇടിഞ്ഞ അവസരമില്ലെന്നു പറയാം. റബര്‍, നാളികേരം, കുരുമുളക്, കാപ്പി, തേയില, ഏലം തുടങ്ങിയ ഒട്ടുമിക്ക വിളകള്‍ക്കും ഇപ്പോള്‍ ന്യായവിലയില്ല. ഭൂമിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ജീവിതച്ചെലവുകള്‍ കുത്തനെ കയറുമ്പോഴാണ് കര്‍ഷകരുടെ വില ഇടിയുന്നത്. ഇതിനിടയില്‍ പാവപ്പെട്ട ഗ്രാമീണര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളി തൊഴിലുറപ്പ് പദ്ധതിയായിരുന്നു. അതിന് അധോഗതിയും. തൊഴിലുറപ്പ് പദ്ധതിയില്‍ 712 കോടി രൂപയാണ് കുടിശിക. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണം. തൊഴിലുറപ്പ് പദ്ധതിക്ക് മിഷന് ഡയറക്ടറെ വെക്കണമെന്ന് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടതാണ്. അങ്ങനെ വെക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഇതു കേന്ദ്രം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. ഡയറക്ടറെ നിയമിക്കാത്തതിനാല്‍ ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്രം ചെയ്തത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2016ല്‍ പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനത്തില്‍ കൃഷിയെക്കുറിച്ചു പറയുന്നത് ഇപ്രകാരം- ‘കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ ഈ അടുത്ത കാലങ്ങളില്‍ സ്തംഭനാവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ഉത്പന്നങ്ങളുടെയും ഉത്പന്നോപാധികളുടെയും വിലയിലുള്ള ചാഞ്ചാട്ടങ്ങളും അസ്ഥിരതകളും രൂക്ഷമായി വര്‍ധിച്ചുവന്നു. പ്രതികൂല കാലാവസ്ഥാനുഭവങ്ങളും സ്ഥൂല സാമ്പത്തിക ഘടകങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്. വരള്‍ച്ച, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആഘാതം ഉണ്ടാക്കുന്നു. ഈ മേഖലയിലെ പ്രതികൂല ഘടകങ്ങളെ ചെറുക്കുന്നതിനുള്ള നയങ്ങള്‍ ആസൂത്രണം ചെയ്യുകയും വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയുമാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.’
ഇതിന് അനുസൃതമായ ഒരു കാഴ്ചപ്പാടോ പദ്ധതിയോ കാര്‍ഷിക രംഗത്ത് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം. യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതികള്‍ തുടരുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇത്രയും വലിയ കാര്‍ഷിക പ്രതിസന്ധി സംസ്ഥാനത്ത് സംജാതമാകില്ലായിരുന്നു. റബറിന് കിലോക്ക് 150 രൂപ ഉറപ്പാക്കുന്ന 300 കോടി രൂപയുടെ വില സ്ഥിരതാ പദ്ധതി ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേര കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വു പകര്‍ന്ന നീര ഉത്പാദനം നിലച്ചു. പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനേയില്ല. നെല്ലു സംഭരണത്തില്‍ കാര്യമായ പുരോഗതിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ പെന്ഷന് പദ്ധതിയും ഇപ്പോള്‍ മരവിപ്പിക്കപ്പെട്ടിരിക്കുന്നു. 18.77 ലക്ഷം കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ അഗ്രികാര്‍ഡുകൊണ്ട് ഇപ്പോള്‍ ഒരു പ്രയോജനവുമില്ല. പിണറായി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് എന്തു ചെയ്തെന്നു ചോദിച്ചാല്‍ വട്ടപ്പൂജ്യം എന്നാണ് ഉത്തരം.
സംസ്ഥാനത്ത് കാര്‍ഷിക കടാശ്വാസ കമ്മീഷന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമല്ല. പത്തു വര്‍ഷത്തിനിടയില്‍ ആകെ 181. 71 കോടി രൂപയാണ് കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ളത്. നിലവില്‍ 47,105 കര്‍ഷകരുടെ അപേക്ഷ കുമിഞ്ഞുകൂടി കിടക്കുന്നു. കാര്‍ഷിക വായ്പക്ക് മൊറട്ടോറിയം ഇല്ലാത്തതിനാല്‍ ജപ്തി നടപടികള്‍ മുറപോലെ നടക്കുന്നു.
ജനസംഖ്യയുടെ 70 ശതമാനം വരുന്ന കര്‍ഷകരെ, ഈ നാടിനെ തീറ്റിപ്പോറ്റുന്നവരെ ആരു സംരക്ഷിക്കും? കൊടിയ ചൂഷണങ്ങള്‍ക്ക് ഇതുപോലെ വിധേയരാകുന്ന മറ്റൊരു സമൂഹമുണ്ടോ? കടത്തില്‍ ജനിച്ച് കടത്തില്‍ വളര്‍ന്ന് കടത്തില്‍ മരിക്കുന്ന നിസ്സഹായ ജീവിതമാണ് ഓരോ കര്‍ഷകനും. പ്രാരാബ്ദങ്ങളുടെ ഭാരിച്ച നുകം തലമുറ തലമുറകളായി അവര്‍ കൈമാറുന്നു. അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ലാഭം ഉണ്ടായാല്‍ അത് ഇടനിലക്കാര്‍ അടിച്ചുമാറ്റുകയും ചെയ്യുന്നു.
ഒരു ഉത്പന്നത്തിന്റെ ഉത്പാദനച്ചെലവും അതിലെ അധ്വാനത്തിനു പ്രതിഫലമായി അന്‍പതു ശതമാനം ലാഭവും കൂട്ടുമ്പോഴാണ് കര്ഷകന് ന്യായവില ലഭിക്കുന്നത്. ന്യായവില നിശ്ചയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആദ്യം ചെയ്യേണ്ടത് കാര്‍ഷിക വില നിര്‍ണയ കമ്മീഷന് രൂപീകരിക്കുക എന്നതാണ്. കമ്മീഷന് പഠനം നടത്തി നിര്‍ണയിക്കുന്ന വിലക്ക് നിയമപരമായ പരിരക്ഷ നല്‍കാനുള്ള നടപടി സ്വീകരിക്കുകയെന്നതാണ് രണ്ടാമത്തെ ഘട്ടം. ഈ രീതിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് മൊത്തവിലയും ചില്ലറ വിലയും നിശ്ചയിക്കാന്‍ സാധിച്ചാല്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്നു രക്ഷിക്കാന്‍ കഴിയും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതോടെ രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയൊരു യുഗപ്പിറവിക്കു തുടക്കമാകും.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
kerala8 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

