മൂന്നാറില്‍ റവന്യൂഭൂമിയുടെ കയ്യേറ്റം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ സംസ്ഥാന ഭരണമുന്നണിയില്‍ തുടരുന്ന ചക്കളത്തിപ്പോര് രൂക്ഷമായ രീതിയില്‍ ഭരണ തലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ജൂലൈ ഒന്നിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഉപയോഗിച്ച് വിളിച്ചുചേര്‍ത്തുവെന്ന് പറയുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റവന്യൂ മന്ത്രിയെ പങ്കെടുപ്പിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം തീരുമാനിച്ചതോടെ കടുത്ത ഭരണ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇടുക്കിയില്‍നിന്ന് തന്നെ വന്നു കണ്ട സര്‍വകക്ഷി സംഘത്തിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി ബന്ധപ്പെട്ട അധികാരികളുടെ യോഗം വിളിച്ചിരിക്കുന്നതത്രെ. എന്നാല്‍ പ്രശ്‌നത്തിലെ കക്ഷികളിലൊന്നായ ദേവികുളം സബ്കലക്ടര്‍ ശ്രീറാംവെങ്കട്ടരാമനെ മാറ്റുകയാണ് സി.പി.എമ്മിന്റെ ഉദ്ദേശ്യമെന്നാണ് സി.പി.ഐ ഉന്നയിക്കുന്ന ആരോപണം. ഇതുവഴി മൂന്നാറില്‍ റവന്യൂവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കലിന് തടയിടുകയാണ് അവരുടെ ലക്ഷ്യമെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു.
പ്രശ്‌നത്തില്‍ ഒരുപടികൂടി കടന്ന്, സി.പി.എം മാത്രമല്ല ഇവിടുത്തെ സര്‍ക്കാരെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. പ്രശ്‌നത്തെ കേരള ഭൂ സംരക്ഷണ നിയമപ്രകാരം സമീപിക്കുകയാണ് വേണ്ടതെന്നും കാനം പറയുന്നു. ഇതിന് മറുപടിയായി സി.പി.എമ്മിന്റെ ഇടുക്കിയിലെ എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്, ഭരിക്കാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോയി വേറെ ആളെ ചുമതലയേല്‍പിക്കട്ടെ എന്നാണ്. പരസ്യവും ഹീനവും നിയമ വിരുദ്ധവുമായ രീതിയിലുള്ള ഈ വാക്‌പോരാട്ടം സംസ്ഥാനത്തെ സംബന്ധിച്ച് ആശങ്കാജനകമായ അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്.
തൊഴിലാളി വര്‍ഗ മുന്നണിയുടെ സര്‍ക്കാര്‍ എന്നഭിമാനം കൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനത്തിന് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു മൂന്നാറിലേതടക്കമുള്ള സര്‍ക്കാര്‍ ഭുമി കയ്യേറ്റക്കാരില്‍ നിന്ന് വീണ്ടെടുക്കുമെന്നത്. ഇതനുസരിച്ച് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇ. ചന്ദ്രശേഖരന്റെയും ഇടുക്കി കലക്ടര്‍, മൂന്നാര്‍ പരിധിയിലെ സബ്കലക്ടര്‍ തുടങ്ങിയവരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പ്രസ്തുത നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ടുപോയി. ഈ സമയം കള്ളന്‍ കപ്പലില്‍തന്നെ എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സി.പി.എം ജില്ലാനേതാക്കളുടെ ഭാഗത്തുനിന്ന് പുറത്തുവന്നത്. സബ്കലക്ടറുടെ കാലൊടിക്കും, നേരെ ചൊവ്വെ പോവൂല്ല എന്നീ വാക്കുകളാണ് ഇപ്പോഴത്തെ മന്ത്രി കൂടിയായ സി.പി.എം നേതാവ് എം.എം മണി അടക്കമുള്ളവരില്‍നിന്ന് ജനം ശ്രവിച്ചത്. സ്വാഭാവികമായും അല്‍പം പിറകോട്ടു പോയെങ്കിലും രണ്ടുമാസം മുമ്പ് കുരിശ് ഇളക്കിമാറ്റി അര്‍ധരാത്രി റവന്യൂഭൂമി ഒഴിപ്പിച്ച നടപടി കേരളീയരുടെ ആകെ പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ മുഖ്യമന്ത്രിതന്നെ ഇതിനെതിരെ പരസ്യമായ എതിര്‍ നിലപാടാണ് സ്വീകരിച്ചത്. കുരിശ് പൊളിച്ചത് സര്‍ക്കാരിനെതിരെ മതവികാരം തിരിച്ചുവിടാനാണെന്നുവരെ മുഖ്യമന്ത്രി പറഞ്ഞുകളഞ്ഞു. ക്രിസ്ത്യന്‍ മതമേധാവികള്‍ക്കുവരെ ഒരുവിധ ആക്ഷേപവും ഇല്ലാതിരിക്കെയായിരുന്നു പൊതുവേദിയിലെ തന്റെ സര്‍ക്കാരിനെതിരെതന്നെയുള്ള പിണറായി വിജയന്റെ കമന്റ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തുടര്‍ന്നുനടന്ന ഉന്നതതലയോഗം ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം മണിയോട് ആലോചിച്ചുമാത്രമേ റവന്യൂവകുപ്പ് നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന് തീരുമാനിച്ചതുതന്നെ സി.പി.ഐയെയും വകുപ്പിനെയും വരുതിയിലാക്കാനായിരുന്നു. ഇതോടെയാണ് നടപടികള്‍ നിലച്ചത്. ഐ.എ.എസുകാര്‍ മുഖ്യമന്ത്രിയുടെ കീഴിലാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നത്. അതിനര്‍ഥം സര്‍ക്കാര്‍ രണ്ടു തട്ടിലായിക്കഴിഞ്ഞുവെന്നുതന്നെയാണ്. മുഖ്യമന്ത്രി റവന്യൂഭൂമി കുടിയൊഴിപ്പിക്കലിന് അനുകൂലമാണോ അതോ ഏതാനും ഭൂവുടമകള്‍ക്കുവേണ്ടി തന്റെ പാര്‍ട്ടിയുടെ വക്താവായി മാറുകയാണോ എന്ന ചോദ്യമാണ് ഇപ്പോഴുയര്‍ന്നിരിക്കുന്നത്. യോഗം തന്റെ അറിവോടെയല്ലെന്നും ഇതില്‍ പങ്കെടുക്കില്ലെന്നും റവന്യൂമന്ത്രി അറിയിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ യോഗനടപടികളുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുമോ എന്നാണ് അറിയേണ്ടത്. വകുപ്പുമന്ത്രിയും സി.പി. ഐയും വിട്ടുനില്‍ക്കുന്നത് തങ്ങളുടെ ഇച്ഛക്ക് ഗുണകരമാകും എന്ന ചിന്തയും സി.പി.എമ്മിനുണ്ടായിരിക്കണം. അതാണ് സി.പി.ഐയെ പരമാവധി പ്രകോപിപ്പിക്കാനുള്ള അവരുടെ തുടരെയുള്ള ശ്രമം.
നിരവധി കോടതി വിധികളുടെ തുടര്‍ച്ചയായാണ് മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ തയ്യാറായിരുന്നത്. നാലും അഞ്ചുംസെന്റ് ഭൂമി കിടപ്പാടത്തിനായി കയ്യേറിയവരുടെ കാര്യത്തില്‍ പെട്ടെന്നുള്ള കുടിയൊഴിപ്പിക്കല്‍ പ്രതിപക്ഷം പോലും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് റിസോര്‍ട്ട് മാഫിയകള്‍ കയ്യേറി വന്‍കിട നിര്‍മാണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെകാലത്ത് മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നേരിട്ടിടപെട്ടും നടത്തിയ കുടിയൊഴിപ്പിക്കലിലാണ് സി.പി.എം പരസ്യമായി ഇടഞ്ഞത്. അന്ന് അച്യുതാനന്ദനെ കൈവിട്ട നേതാവാണ് വിവാദനായകനായ ഇപ്പോഴത്തെമന്ത്രി. എം.എല്‍.എയാകട്ടെ കയ്യേറ്റാരോപിതനായ നേതാവും. അന്ന് സി.പി.ഐ ആരുടെ പക്ഷത്തായിരുന്നുവെന്നതും മറക്കരുത്. വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളുടെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലാണിത്.
സി.പി.ഐയെ തങ്ങള്‍ക്ക് എല്ലാ കാലവും ചുമന്നുകൊണ്ട് നടക്കേണ്ടതില്ലെന്ന് പറയുന്ന സി.പി.എം എം.എല്‍.എ, കൂട്ടുത്തരവാദിത്തമില്ലാത്ത ഇത്തരമൊരു സര്‍ക്കാരിനെ ജനങ്ങളെന്തിന് ചുമക്കണമെന്നുകൂടി പറയണം. മന്ത്രിസഭായോഗതീരുമാനങ്ങള്‍ ചോരുന്നുവെന്ന പരാതി മുഖ്യമന്ത്രി തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായ മൂന്നാറിനെ അതേനിലയില്‍ സംരക്ഷിക്കാനായില്ലെന്ന തോന്നലാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ അടക്കമുള്ളവരുടെ തുടര്‍റിപ്പോര്‍ട്ടുകളിലായി സര്‍ക്കാരിന്റെ പക്കലുള്ളതെന്നിരിക്കെ അത് സംരക്ഷിക്കുന്നതിനുള്ള ആത്മാര്‍ഥതയോടെയുള്ള സമീപനം ആരുടെ ഭാഗത്തുനിന്നായാലും ശുഭോദര്‍ക്കമാണ്. തടസം നില്‍ക്കുന്നവരുടെ സ്ഥാനം മറിച്ചും. മൂന്നാര്‍ തര്‍ക്കംവഴി റവന്യൂവകുപ്പിലും ആഭ്യന്തരവകുപ്പിലും മറ്റും നടക്കുന്ന അഴിമതികളും കെടുകാര്യസ്ഥതകളും മറച്ചുപിടിക്കാനാണ് ശ്രമമെങ്കില്‍ അതു തിരിച്ചറിയാനുള്ള വിവേകവും ജനങ്ങള്‍ക്കുണ്ടാകുമെന്ന് ഓര്‍ക്കുക.
കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാര്‍

Be the first to write a comment.