ഷംസുദ്ദീന്‍ കൂടാളി
ബംഗളൂരു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ബംഗളൂരുവിലെ അറസ്റ്റിലേക്ക് നയിച്ചത് അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയെന്ന് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ ബിനീഷിനെതിരെ ഉന്നയിച്ചിരിക്കുന്ന തെളിവുകളില്‍ ഭൂരിഭാഗവും നേരത്തെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത അനീഷ് മുഹമ്മദിന്റെ മൊഴിയാണ്. ലഹരി ഇടപാട് കേസില്‍ തന്റെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ പങ്കില്ലെന്ന് പറഞ്ഞ് ബിനീഷ് കോടിയേരി ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ അന്വേഷണം മുറുകുന്തോലും ബിനീഷിനു മേലുള്ള കുരുക്കും മുറുകി. ഇതാണ് ഒടുവില്‍ അറസ്റ്റില്‍ വരെ കൊണ്ടുചെന്നെത്തിച്ചത്.

ബംഗളൂരുവിലെ കമ്മനഹള്ളിയില്‍ അനൂപ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഹയാത്ത് ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നുണ്ടെന്നായിരുന്നു നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് ലഭിച്ച ആദ്യ വിവരങ്ങളില്‍ ഒന്ന്. ലഹരി ഇടപാടിനും ഹോട്ടല്‍ തുടങ്ങുന്നതിനുമുള്ള അനൂപിന്റെ സാമ്പത്തിക സ്രോതസ്സിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ബിനീഷിന്റെ ചിത്രം തെളിഞ്ഞു വന്നത്.

ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് 50 ലക്ഷം രൂപ നല്‍കിയെന്ന് അനീഷ് മൊഴി നല്‍കിയതോടെ അന്വേഷണം എന്‍.സി.ബിയില്‍നിന്ന് ഇ.ഡിയുടെ കൈയിലെത്തി. ഇ.ഡി കൊച്ചി യൂണിറ്റില്‍ ബിനീഷിനെ ചോദ്യം ചെയ്‌തെങ്കിലും അടുത്ത സുഹൃത്ത് എന്ന നിലയില്‍ ആറു ലക്ഷം രൂപ നല്‍കി സഹായിച്ചിരുന്നെന്ന് ബിനീഷ് സമ്മതിച്ചു. ഇതോടെ രണ്ടുപേരും നല്‍കിയ മൊഴികളിലെ ആറും അമ്പതും തമ്മിലുള്ള അന്തരം കണ്ടെത്താനായി ഇ.ഡി ശ്രമം. അനൂപ് മുഹമ്മദിനെ മറയാക്കി നടന്ന വന്‍ ലഹരി, സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കാണ് ഈ അന്വേഷണം എത്തിച്ചത്. ലഹരി ഇടപാടിനായി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടുകളിലേക്ക് വന്‍ തുക എത്തിയതായി ഇ.ഡി കണ്ടെത്തി. 20ഓളം അക്കൗണ്ടുകളില്‍നിന്നാണ് ഈ തുക എത്തിയത്. ഇതോടെ അനൂപ് മുഹമ്മദിനെ ഇ.ഡി ചോദ്യം ചെയ്തു. താന്‍ ബിനാമി മാത്രമാണെന്ന അനൂപിന്റെ മൊഴി ബിനീഷിനു കൂടുതല്‍ കുരുക്കായി. ഇതോടെ ബിനീഷ് ഇ.ഡിയുടെ നിരീക്ഷണത്തിലുമായി. ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതായിരുന്നു അന്വേഷണത്തിന്റെ അടുത്ത ഘട്ടം. ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇ.ഡി ആസ്ഥാനത്ത് തളര്‍ന്നിരുന്ന ബിനീഷിനെ വെള്ളം നല്‍കി അല്‍പ സമയം വിശ്രമിക്കാന്‍ അനുവദിച്ചാണ് ഇ.ഡി തിരിച്ചയച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
ആദ്യ തവണത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലനായാണ് ബിനീഷ് ഇത്തവണ ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനു ശേഷം പതിവു പോലെ മടങ്ങാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇ.ഡി ഒരുക്കിവെച്ചത് അറസ്റ്റ് എന്ന കെണിയായിരുന്നു. ഈ ഘട്ടത്തില്‍ ബിനീഷ് ഒരിക്കലും അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സി.പി.എം കേന്ദ്രങ്ങളും പെട്ടെന്നുള്ള അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. ബിനീഷിനു മേല്‍ കുരുക്ക് മുറുകുന്നത് അറിയാമായിരുന്നെങ്കിലും ആദ്യ രണ്ടുതവണ നടത്തിയ ചോദ്യം ചെയ്യലിനെ അവ്യക്തകള്‍ നീക്കാന്‍ വിളിപ്പിച്ചതെന്ന് മാത്രമേ കരുതിയിരൂന്നുള്ളൂ. എന്നാല്‍ അപ്രതീക്ഷിത അറസ്റ്റ് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായത് ന്യായീകരണം കണ്ടെത്താനുള്ള സാവകാശം പോലും സി.പി.എമ്മിനു നല്‍കാതെയായിരുന്നു.