Video Stories
അമേരിക്കയിലെ മോദി കശ്മീരിലെയും

കെ.പി ജലീല്‍
മുപ്പതുലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യന് രൂപപ്പെട്ടതെന്നാണ് ശാസ്ത്ര സങ്കല്പം. ആഫ്രിക്കക്കാര്‍ മാത്രമാണ് ഗതകാലാന്തരങ്ങളായി സ്വന്തം ജനിതക സ്വത്വവുമായി ഇന്നും നിലയുറപ്പിച്ചിരിക്കുന്ന ജനത. യൂറോപ്പും അറേബ്യയും അമേരിക്കയും ജപ്പാനും ഇന്ത്യയുമെല്ലാം കാലാന്തരങ്ങളിലൂടെ കുടിയേറപ്പെട്ട ജനതകളുടെ പിന്മുറക്കാരാണ്. ഓരോ ഇന്ത്യക്കാരനും ലോകത്തെ ഏതെങ്കിലുമൊരു ജനതയുടെ ജനിതകം പേറുന്നുവെന്ന് ശാസ്ത്രലോകം ലോകത്തോട് വിളിച്ചുപറഞ്ഞത് സിന്ധു നദീതട-ഹാരപ്പന്‍ സംസ്കാരവുമായി ബന്ധപ്പെട്ട പഠനത്തിലൂടെ അടുത്തിടെയാണ്. ഇന്ത്യയിലെ ഇരുപതു ശതമാനത്തോളം വരുന്ന ഇപ്പോഴത്തെ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വാനുകൂല ഭരണകൂടം പേടിസ്വപ്നമായിത്തീര്‍ന്നിരിക്കുമ്പോള്‍ ഈ ശാസ്ത്ര യാഥാര്‍ത്ഥ്യം ഓര്‍ക്കുന്നത് കൗതുകകരമാകും.
സമീപ രാജ്യങ്ങളിലെ മുസ്ലിംകളൊഴികെയുള്ളവരെയെല്ലാം ഇന്ത്യയിലേക്ക് സ്വീകരിച്ച് പൗരത്വം നല്‍കുമെന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി ഭരണകൂടം. രണ്ടാം മോദി സര്‍ക്കാരിന്റെ പോക്ക് രാജ്യത്തെ ഹിന്ദുത്വവല്‍കരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിലേക്കാണെന്നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെമ്പാടും നടപ്പാക്കുമെന്നുള്ള പ്രഖ്യാപനവും അസമിലെ പൗരത്വ പട്ടികയും. നിയമം ഇതിനകം അസമില്‍ നടപ്പാക്കിക്കഴിഞ്ഞു. അവിടെ ബംഗ്ലാദേശില്‍നിന്ന് കാലങ്ങളായി ഇന്ത്യയിലേക്ക് കുടിയേറിയ 16.09 ലക്ഷത്തിലധികം മനുഷ്യരാണ് ബഹിഷ്കരണത്തിന് ഇരയായതെങ്കില്‍ അതിലെ ഹിന്ദുക്കള്‍ക്ക് തുടരഭയം നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് മുസ്ലിംകളൊഴികെയുള്ളവര്‍ക്കെല്ലാം പൗരത്വം നല്‍കാനുള്ള പുതിയ നിയമം. കഴിഞ്ഞ ജനുവരിയില്‍ പ്രസ്തുത നിയമം ലോക്സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയിലേക്ക് വന്നിരുന്നില്ല.
വൈകാതെ രാജ്യത്തൊട്ടാകെ പൗരത്വ നിയമം നടപ്പാക്കിയശേഷമാകും അതിനി പുറത്തെടുക്കുക എന്നാണ് കരുതേണ്ടത്.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഇതാണ് മോദി സര്‍ക്കാരിന്റെ നയമെങ്കില്‍ പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്താനിരിക്കുന്ന ‘ഹൗഡിമോദി’ മാമാങ്കം വെളിപ്പെടുത്തുന്നത് തികച്ചും അജഗജാന്തരമായ ഒരു പരിപാടിയെയാണ്. കൗതുകവും ഏറെ ജിജ്ഞാസയും പകരുന്നതാണ് ഹൗഡി മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുഴലുമ്പോഴാണ് ഒരു ലക്ഷത്തിനാല്പതിനായിരം രൂപ ചെലവിട്ട് മോദി സര്‍ക്കാര്‍ ഹൂസ്റ്റണില്‍ ഇന്ത്യക്കാര്‍ക്കായി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
വിടുവായനെന്നും കഴിവുകെട്ടവനെന്നും അമേരിക്കക്കാര്‍തന്നെ മുദ്രകുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ജനവിധിയെ അഭിമുഖീകരിക്കാന്‍ രണ്ടാമതും തയ്യാറെടുക്കുമ്പോഴാണ് മോദിയുടെ സഹായത്തോടെ അദ്ദേഹത്തെകൂടി പങ്കെടുപ്പിച്ചുകൊണ്ട് അമേരിക്കയില്‍ ഇത്തരമൊരുപരിപാടി സംഘടിപ്പിക്കുന്നതെന്നത് ഇരു നേതാക്കളുടെയും മനസ്സിലിരിപ്പ് വ്യക്തമാക്കുന്നതാണ്. അതോടൊപ്പം കൗതുകരമായിട്ടുള്ളത് നേരത്തെ പറഞ്ഞ മോദിയുടെയും ട്രംപിന്റെയും ന്യൂനപക്ഷങ്ങളോടുള്ള നയ നിലപാടുകളാണ്. 2015ല്‍ ചൈനയിലെ ഷാങ്ഹായില്‍ പ്രസംഗിക്കവെ മോദി പറഞ്ഞത്, തന്റെ ഭരണത്തിനുമുമ്പ് ഇന്ത്യയില്‍ ജീവിക്കുന്നത് നാണക്കേടായിരുന്നെന്നായിരുന്നു.
അമേരിക്കയിലെ അമ്പതിനായിരത്തിലധികംവരുന്ന ഇന്ത്യക്കാരാണ് ഹൂസ്റ്റണിലെ ഹൗഡിമോദി പരിപാടിയില്‍ പങ്കുചേരുക എന്നാണ് അറിയിപ്പ്. ഇവരെല്ലാം പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെയാണെന്നതാണ് രസകരം. ട്രംപും മോദിയും അവരവരുടെ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളോട് എടുക്കുന്ന നിലപാടിന് കടകവിരുദ്ധമാണ് ഹൗഡി മോദിയിലൂടെ വെളിപ്പെടുന്നത്. അമേരിക്കയിലെ മലയാളിയും തമിഴനും ഗുജറാത്തിയും ബംഗാളിയുമൊക്കെ പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും തങ്ങള്‍ക്ക് ഇരട്ടപൗരത്വമുള്ള രാജ്യത്ത് ലഭിക്കേണ്ട ന്യൂനപക്ഷ അവകാശം സംരക്ഷിക്കുമെന്നുള്ള പ്രഖ്യാപനമാണ്. തീര്‍ച്ചയായും മോദിയും ട്രംപും അതുതന്നെയായിരിക്കും ഇവിടെ പ്രസംഗിക്കാന്‍ പോകുന്നതെന്നും ഊഹിക്കാവുന്നതാണ്.
എന്നാല്‍ ഇന്ത്യയില്‍ ഒരു നിലപാടും അമേരിക്കയിലാണെങ്കില്‍ മറ്റൊരു നിലപാടുമെന്നത് വലിയ രാഷ്ട്രീയവഞ്ചനയായേ കാണാന്‍ കഴിയൂ. അവിടെ ട്രംപിന്റെ മുസ്ലിം വിരുദ്ധത പ്രസിദ്ധമാണ്. അധികാരത്തിലെത്തിയയുടന്‍തന്നെ ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ നിഷേധിക്കുന്ന തീരുമാനമാണ് ട്രംപ് കൈക്കൊണ്ടത്. മെക്സിക്കോ അതിര്‍ത്തി വഴി അവിടത്തുകാര്‍ രാജ്യത്തേക്ക് കടക്കുന്നതിനെതിരെ മതില്‍കെട്ടാനും ട്രംപ് പെടാപ്പാട്പെടുന്നു. സമാനമായ അവസ്ഥതന്നെയാണ് അസമിന്റെയും കശ്മീരിന്റെയും കേരളത്തിന്റെയും ഹിന്ദിയുടെയും കാര്യത്തിലൊക്കെ മോദി സര്‍ക്കാര്‍ ഇന്ത്യയിലും പറയുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ആശയവിനിമയംപോലും നിഷേധിക്കപ്പെട്ട ജമ്മുകശ്മീര്‍ ജനത ഒന്നടങ്കം കഴിഞ്ഞ 42 ദിവസമായി അനുഭവിച്ചുവരുന്നത് കടുത്ത അനീതിയാണ്. നാലായിരത്തിലധികം മനുഷ്യരാണ് കശ്മീരില്‍ തടങ്കലിലാക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
ഹിന്ദുത്വചിഹ്നങ്ങളെയും അടയാളങ്ങളെയും ക്ഷേത്രങ്ങളെയും നവീനവല്‍കരിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും മോദി ഭരണകൂടം കാട്ടുന്ന താല്പര്യം മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, അവര്‍ തെരുവുകളില്‍ ദിനങ്ങളെന്നോണം അടയാളങ്ങളുടെ പേരില്‍ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതേ പാര്‍ട്ടിക്കാരുടെയും ആര്.എസ്.എസ് മനോഭാവത്തിന്റെയും ഇരകളായാണ്. അവര്‍ക്ക് വേണ്ടി ചെറുവിരലനക്കാന്‍ പോലും തയ്യാറാകാത്ത മോദി പ്രതിഫലിപ്പിക്കുന്നത് നീഷേയുടെയും ഹിറ്റ്ലറുടെയും പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രമാണ് ബ്രിട്ടീഷുകാരെ പോലെ ബി.ജെ.പിയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സുപ്രീംകോടതി പോലും ഇടപെട്ടിട്ടും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ ജില്ലാതലത്തില്‍ പ്രത്യേക നിരീക്ഷണ വിഭാഗം ആരംഭിക്കണമെന്ന നിര്‍ദേശം പോലും നടപ്പാക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്വേഷ മതവൈരക്കൊലപാതകങ്ങള്‍ നടക്കുന്നത് ഹിന്ദി സംസാരിക്കുന്ന ബി.ജെ.പി ഭരണസംസ്ഥാനങ്ങളിലെന്നാണെന്നത് ആരാണ് ഇതിനൊക്കെ പിന്നിലെന്നതിന് ഒന്നാം തരം തെളിവാണ്. അടുത്തദിവസം പോലും ഉത്തരേന്ത്യയില്‍ ട്രെയിനിറങ്ങിയ നാലംഗ കുടുംബത്തെ മുസ്ലിംകളാണെന്ന ഒറ്റക്കാരണത്താല്‍ ആക്രമിച്ച് പരിക്കേല്പിച്ചതും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കും അന്യരാജ്യക്കാര്‍ക്കുമെതിരെ നടന്നുവരുന്ന അക്രമങ്ങളും തമ്മില്‍ ഏകോപിത സ്വഭാവം കാണുന്നവരെ കുറ്റപ്പെടുത്താനാകില്ല.
അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് വിരുദ്ധരായ ഡെമോക്രാറ്റിക് കക്ഷിക്കാരെ സ്വാധീനിച്ച് ഇന്ത്യക്കാരുടെ സ്വാധീനവും ആനുകൂല്യവും വര്‍ധിപ്പിക്കാനാണ് മോദിയുടെയും മറ്റും നീക്കം. അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുതലേന്ന് മോദിയുടെ സര്‍ക്കാരിലെ ധനമന്ത്രി നിര്‍മല സീതാരാമന് കോര്‍പറേറ്റ് കുത്തകകളുടെ 14 .50 ലക്ഷം കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചതും അമേരിക്കക്കാരെ സുഖിപ്പിക്കുന്നതിനായാണ്. എന്നാല്‍ ഇതേ ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്ന ന്യൂനപക്ഷ അവകാശസംരക്ഷണത്തെക്കുറിച്ച് എന്തുകൊണ്ട് മോദി ഇവിടെ മിണ്ടുന്നില്ല.
ഇന്ത്യയിലേത് ഹിന്ദുക്കളുടെ സംസ്കാരമാണെന്നും അവരാണ് ആത്യന്തികമായി ഇവിടുത്ത അവകാശികളെന്നും അവരാണ് ഇവിടെ കാലങ്ങളായി വാസമുറപ്പിച്ചവരെന്നും വാദിക്കുന്നവര്‍ വായിച്ചിരിക്കേണ്ട വസ്തുത കഴിഞ്ഞദിവസം നരവംശശാസ്ത്ര ലോകം പുറത്തുവിടുകയുണ്ടായി. അതില്‍ പറയുന്നത് ഇന്ത്യയുടെ ഇന്നത്തെ ജനത കാലങ്ങളായി ഇവിടെ എത്തിയത് പല വിദേശ നാടുകളില്‍നിന്ന് ഘട്ടംഘട്ടമായി പലായനം ചെയ്തുകൊണ്ടാണെന്നാണ്. അതില്‍നിന്നുള്ള ജനിതക ഘടനയാണ് ഇവിടെയുള്ള മനുഷ്യരിലോരോരുത്തരിലും കാണുന്നതെന്ന് ശാസ്ത്രം ഉച്ചൈസ്തരത്തില്‍ വിളിച്ചുപറയുന്നു.
ബി.സി കാലത്ത് നിലനിന്ന സിന്ധുനദീതട സംസ്കാരം പോലും ആര്യ- വിദേശ നാടുകളിലെ ജനതയുടെ സംഭാവനയാണ്. അതിനും മുമ്പേ ഇവിടെ ദ്രാവിഡരായ ജനത ജീവിച്ചിരുന്നുവെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. സിന്ധു നദീതടത്തിലെ കലാരൂപങ്ങള്‍ വയനാട്ടിലെ എടയ്ക്കല്‍ ഗുഹാശിലയില്‍ വരച്ചിട്ടിട്ടുള്ളതായി നേരില്‍ കാണാവുന്നതാണ്. ഇവിടെയാണ് ഏകശിലാ സംസ്കാരത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചുമൊക്കെ അമിത്ഷാമാരും മോഹന്‍ഭഗവത്തുമാരും വാചാലരാകുന്നത്. ഹിന്ദി മാത്രമേ രാജ്യത്തെ ഏകോപിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയുള്ളൂ എന്നതും ഏകക്ഷി ഭരണ സമ്പ്രദായമാണ് രാജ്യത്തിന് നല്ലതെന്നുള്ള വിതണ്ഡവാദവും ഉയര്‍ത്തുന്നത് മുമ്പ് അധികാരത്തിന്റെ ഏഴയലത്ത് പോലും ജനത അടുപ്പിക്കാതിരുന്നവരാണ് എന്നതാണ് ഏറെ രസകരവും സ്തോഭജനകവും. ഹൗഡി മോദി പരിപാടി കഴിയുമ്പോഴോ അതിനുമുമ്പെങ്കിലുമോ മോദി ഭരണകൂടവും അതിന്റെ ആശയവക്താക്കളും തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യങ്ങളാണ് ഇവയെല്ലാം. ജാതിയും മതവും ഭൂരിപക്ഷവും ന്യൂനപക്ഷവുമല്ല, ആധുനികജനതയുടെ വികാസത്തിന് വേണ്ടതെന്ന് എത്രയും പെട്ടെന്ന് തിരിച്ചറിയുകയേ വഴിയുള്ളൂ. എന്നാലത് അറിഞ്ഞിട്ടും കുംഭകര്‍ണസേവ നടിക്കുന്നവരെക്കുറിച്ച് പിന്നെന്തുപറയാന്‍ !
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്കൂള്‍ സമയമാറ്റം; മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
kerala2 days ago
കമ്പി മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തു:ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പ് പൂർത്തിയായി
-
india2 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്