ഷാക്കിര്‍ തോട്ടിക്കല്‍

നമ്മുടെ ഹൃദയം എത്രത്തോളം ശക്തമാണോ അത്രത്തോളം മൃദുലവുമാണ്. ഒരു മുഷ്ടിയോളം വലിപ്പമുള്ള ഈ അവയവം നെഞ്ചിനകത്ത് പെരികാര്‍ഡിയം എന്ന ആവരണത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്താകമാനമുള്ള മരണ നിരക്കിന്റെ 30 ശതമാനവും ഹൃദ്രോഗം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഹൃദ്രോഗികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. അടുത്ത കാലത്തായി 40 വയസിന് താഴെയുള്ള യുവജനങ്ങളില്‍ ഹൃദ്രോഗം ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. മാനസികപിരിമുറുക്കം, അലസമായ ജീവിത ശൈലി, മാറിവരുന്ന ഭക്ഷണരീതി, അമിതമായ പുകവലി എന്നിവയാണ് കാരണങ്ങളായി പറയുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു ഇന്ത്യ. ജനിതകപരമായി നോക്കുമ്പോള്‍ യൂറോപ്യന്മാരെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയാണ്. 1990ല്‍ ഹൃദയാഘാതംമൂലം ഇന്ത്യയില്‍ മരിച്ചത് 25 ലക്ഷം പേരാണ്. ഹൃദ്രോഗത്തിന്റെ പ്രഥമ ലക്ഷണം നെഞ്ചുവേദനയാണ്. എന്നാല്‍ നെഞ്ചുവേദനയുള്ള എല്ലാവര്‍ക്കും ഹൃദ്രോഗം ഉണ്ടാകണമെന്നില്ല. എങ്കിലും നെഞ്ചുവേദന വളരെ അധികം ഉല്‍കണ്ഠ ഉണ്ടാക്കുന്ന ഒന്നാണ്. ഹൃദ്രോഗം കൊണ്ടുള്ള നെഞ്ചുവേദന നെഞ്ചിന്റെ മധ്യഭാഗത്തുനിന്ന് തുടങ്ങി ഇരുവശങ്ങളിലേക്കും വ്യാപിക്കുന്നു. തുടര്‍ന്ന് തോളുകള്‍, കൈകള്‍, താടിയെല്ല്, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പുറംഭാഗം എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാന്‍ ഇടയുണ്ട്. രോഗി വ്യായാമത്തില്‍ ഏര്‍പ്പെടുകയോ, നടക്കുകയോ മറ്റോ ചെയ്യുമ്പോള്‍ നെഞ്ചുവേദന വരുകയും നില്‍ക്കുകയോ, ഇരിക്കുകയോ ചെയ്യുമ്പോള്‍ രണ്ട് മുതല്‍ അഞ്ച് മിനിട്ടുകള്‍ കൊണ്ട് മാറുകയും ചെയ്യും. ഹാര്‍ട്ട് അറ്റാക്കിനോട് അനുബന്ധിച്ചുള്ള വേദനയോടൊപ്പം വിയര്‍പ്പ്, ഛര്‍ദ്ദി, തലചുറ്റല്‍ എന്നിവയും ഉണ്ടായേക്കാം. വേദന പെട്ടെന്ന് ശമിക്കാതിരുന്നാല്‍ വേദനാസംഹാരി കുത്തിവെക്കേണ്ടിവരും.
നെഞ്ചുവേദന പല കാരണങ്ങളാലും ഉണ്ടാകാം. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും കവചങ്ങളില്‍ നീര്‍ദോഷം, അന്നനാളത്തിലെയും ആമാശയത്തിലെയും രോഗങ്ങള്‍, ഉത്കണ്ഠ, ഈസ്‌നോഫീലിയ, മാറിലെ മാംസപേശികളുടെയും സന്ധികളുടെയും ശോഷിപ്പ് എന്നിവയും നെഞ്ചുവേദനക്ക് കാരണങ്ങളാണ്. നെഞ്ചുവേദന ഹൃദ്രോഗം മൂലമാണോ എന്നറിയണമെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. രക്ത പരിശോധന, നെഞ്ചിന്റെ എക്‌സ്-റേ, ഇ.സി.ജി എന്നിവയിലൂടെ രോഗ നിര്‍ണയം നടത്താം. ഹൃദ്രോഗമുണ്ടെങ്കില്‍ ഇ.സി.ജിയില്‍ വ്യത്യാസം കാണിക്കും. എന്നാല്‍ ചില രോഗികളുടെ ഇ.സി.ജിയില്‍ വ്യത്യാസം കാണില്ല. ഒളിഞ്ഞിരിക്കുന്ന ഈ ഹൃദ്രോഗം വെളിപ്പെടുത്താന്‍ ട്രെഡ്മിന്‍ എക്‌സര്‍സൈസ് ടെസ്റ്റ് ചെയ്യേണ്ടിവരും. 40 വയസ് കഴിഞ്ഞവര്‍ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ആവശ്യമായ പരിശോധന നടത്തി ഹൃദ്രോഗമില്ലെന്ന് ഉറുപ്പുവരുത്തണം.
മറ്റു പല രോഗങ്ങള്‍ കൊണ്ടുമെന്നപോലെ ഹൃദയസ്തംഭനം കൊണ്ടും ബോധക്ഷയം സംഭവിക്കാം. ബോധക്ഷയം സാധാരണമായി മസ്തിഷ്‌കത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നൊരു രോഗാവസ്ഥയാണ്. രക്ത സഞ്ചാരത്തിന് തടസ്സം നേരിടാത്തത്‌കൊണ്ട് തല്‍ക്ഷണം മരണം സംഭവിക്കുന്നില്ലെന്നുമാത്രം. തലച്ചോറിലെ ആഘാതം നിയന്ത്രണത്തിനുമപ്പുറമാകുമ്പോഴാണ് മരണം സംഭവിക്കുന്നത്. ബോധക്ഷയം സംഭവിച്ച വ്യക്തിക്ക് വൈദ്യ സഹായം ലഭിക്കുന്നതുവരെ എന്തെങ്കിലും പ്രഥമ ശുശ്രൂഷ നല്‍കിയാല്‍ ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. രോഗി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നെഞ്ചിന്റെ ചലനവും നാസാദ്വാരങ്ങളിലൂടെയുള്ള വായു പ്രവാഹവും അതിസൂക്ഷ്മമായി ശ്രദ്ധിക്കണം. ഇതിനായി രോഗിയുടെ തലക്ക് അടിയില്‍ ഒന്നും വെക്കാതെ കഴുത്ത് നേരെയാക്കി താടി കഴിയുന്നത്ര പൊക്കിപ്പിടിച്ച് മലര്‍ത്തി കിടത്തുക. ശരീരത്തിന്റെ ഈ കിടപ്പ് വായുവിനെ തടസ്സം കൂടാതെ ശ്വാസകോശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്നു. ഇനി രോഗിയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇതിന് ഹൃദയമിടിപ്പ് പരിശോധിക്കേണ്ടതുണ്ട്. കഴുത്തിലെ രക്തക്കുഴല്‍ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സശ്രദ്ധം പിടിച്ചുനോക്കിയാല്‍ ഹൃദയ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്നറിയാന്‍ കഴിയും. ശരീരത്തിലെ വലിയ ധമനികള്‍ പിടിച്ചുനോക്കാന്‍ പറ്റുന്നിടത്തെല്ലാം ഇപ്രകാരം ചെയ്തു നോക്കാം. പള്‍സ് കിട്ടുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായെന്ന് തീരുമാനിക്കാം. ഹൃദയസ്തംഭനം സ്ഥിരീകരിച്ച ശേഷം താമസംവിനാ പ്രാഥമിക ശുശ്രൂഷാ നടപടികള്‍ ആരംഭിക്കണം. വൈദ്യസഹായം ലഭിക്കുന്നത് വരെ രോഗിയുടെ മസ്തിഷ്‌കത്തിലേക്കും ഹൃദയപേശികളിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കുമുള്ള രക്ത ചംക്രമണം കൃത്രിമമായി കഴിയുന്നത്ര നിലനിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആസ്പത്രിയില്‍ രോഗിയെ എത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകളും ഇതിനകം ചെയ്യേണ്ടതാണ്. ആദ്യമായി ചെയ്ത് നോക്കേണ്ടത് നെഞ്ചില്‍ മുഷ്ടി ചുരുട്ടി ഇടിച്ചുനോക്കുകയാണ്. ഒരു വൈദ്യുതാഘാതത്തിന്റെ പ്രതീതി സൃഷ്ടിക്കുകവഴി പതറിയ ഹൃദയസ്തംഭനം സാധാരണ ഗതിയിലാകാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ട് ഫലമില്ലെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസ രീതി ശ്രമിച്ചുനോക്കാം. ശുശ്രൂഷകന്‍ രോഗിയുടെ വായയോട് തന്റെ വായ ചേര്‍ത്ത്പിടിക്കുക. ഇതോടൊപ്പം രോഗിയുടെ മൂക്ക് അടച്ച്പിടിച്ച് ശക്തിപൂര്‍വം രോഗിയിലേക്ക് വായു ഊതുക. ശുശ്രൂഷകന്റെ ഉച്ഛ്വാസ വായുവില്‍ അടങ്ങിയിരിക്കുന്ന പ്രാണവായു രോഗിക്ക് ഉപയോഗപ്രദമായേക്കാം എന്നതാണ് ഈ നടപടിയുടെ പ്രയോജനം.
ഇതോടൊപ്പം രോഗിയുടെ നെഞ്ചില്‍ ശുശ്രൂഷകന്റെ ഇരുകൈകളും ഒന്നിനു മുകളിലായി വെച്ചുകൊണ്ട് ശക്തിയോടെ അകത്തേക്ക് തള്ളുക. ഹൃദയത്തെ അമര്‍ത്തി രക്തധമനികളിലൂടെ പ്രവഹിക്കുന്നതിന് വഴിയൊരുക്കുകയാണ് ഈ നടപടിയുടെ ഉദ്ദേശ്യം. നെഞ്ചില്‍നിന്ന് കൈകള്‍ മാറ്റുമ്പോള്‍ ഹൃദയ അറകളില്‍ രക്തം നിറയുന്നു. നെഞ്ചില്‍ വീണ്ടും അമര്‍ത്തുമ്പോള്‍ രക്തം പുറത്തേക്ക് പ്രവഹിക്കുന്നു. ഇപ്രകാരം ഹൃദയമെന്ന പമ്പിന്റെ പ്രവര്‍ത്തനം കൃത്രിമമായി നടക്കുന്നു. ഇതിന്റെ ഫലമായി പ്രധാന അവയവങ്ങളിലെല്ലാം രക്തം ഒഴുകിയെത്തുന്നു. കോശ സമൂഹങ്ങള്‍ നിര്‍ജീവമായി പോകാതിരിക്കാന്‍ ഇത് സഹായകമാണ്. നെഞ്ചില്‍ അമര്‍ത്തല്‍ ഒരു മിനുട്ടില്‍ ഏതാണ്ട് 80 തവണയെങ്കിലും ചെയ്യണം. അതായത് കൃത്രിമ ശ്വാസോച്ഛ്വാസവും നെഞ്ചിലമര്‍ത്തലും ഇടവിട്ട് ചെയ്യണം. എന്നാലേ ഉദ്ദേശിച്ച പ്രയോജനം ലഭിക്കുകയുള്ളു. ഒരു ശുശ്രൂഷകനെ ഉള്ളൂവെങ്കില്‍ അയാള്‍ 15 തവണ തുടര്‍ച്ചയായി നെഞ്ചമര്‍ത്തുക. പിന്നീട് രണ്ട് തവണ കൃത്രിമ ശ്വാസോച്ഛ്വാസം ചെയ്യുക. ഇത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുക. ശുശ്രൂഷകരായി രണ്ട് പേരുണ്ടെങ്കില്‍ ആദ്യത്തെ ആള്‍ അഞ്ച് തവണ തുടര്‍ച്ചയായി നെഞ്ചമര്‍ത്തുക. രണ്ടാമത്തെയാള്‍ ഒരു തവണ കൃത്രിമ ശ്വാസോച്ഛ്വാസം നടത്തുക. ഇത് ആവര്‍ത്തിച്ച് കൊണ്ടിരിക്കണം. ഓരോ മൂന്ന് മിനിട്ട് കൂടുമ്പോഴും രോഗി സ്വന്തം നിലയില്‍ ശ്വാസോച്ഛ്വാസം ചെയ്ത് തുടങ്ങുന്നുണ്ടോയെന്നും പള്‍സ് ഉണ്ടോ എന്നും പരിശോധിച്ച് കൊണ്ടിരിക്കേണ്ടതാണ്. രോഗിയെ ആസ്പത്രിയില്‍ എത്തിക്കുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടിരിക്കണം.
സ്ത്രീകള്‍ക്ക് ഹൃദയാഘാതമുണ്ടാകില്ലെന്ന തെറ്റായ ഒരു ധാരണയുണ്ട്. പുരുഷന്മാരെ മാത്രം അടിസ്ഥാനമാക്കി ഹൃദയസംബന്ധമായ പഠനങ്ങള്‍ നടത്തിയതുകൊണ്ടാണ് ഇത്തരമൊരു അബദ്ധധാരണ ജനങ്ങളില്‍ ഉടലെടുത്തത്. ഏറെ ശ്രദ്ധേയമായൊരു കാര്യം സ്ത്രീകളുടെ ഹൃദ്രോഗം പുരുഷന്മാര്‍ക്കുണ്ടാവുന്നതിനേക്കാള്‍ വളരെയേറെ മാരകമാവാറുണ്ടെന്നതാണ്. ഒരു അറ്റാക്കുണ്ടായതിനു ശേഷം മറ്റൊന്നുണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍. സ്തനാര്‍ബുദംമൂലം ധാരാളം സ്ത്രീകള്‍ മരണത്തിന് അടിമപ്പെടാറുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ സ്ത്രീകളും മരിക്കുന്നത് ഹൃദ്രോഗം മൂലമാണ്. ഹൃദ്രോഗികളായ സ്ത്രീകളില്‍ 34 ശതമാനം പേര്‍ പ്രസ്തുത രോഗം കൊണ്ട് മരിക്കുമ്പോള്‍ മറ്റു രോഗങ്ങളുടെ ഫലമായി മരിക്കുന്ന നിരക്ക് 29 ശതമാനമാണ്. സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാകുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. അതുകൊണ്ട് തന്നെ ചികിത്സിക്കാന്‍ താമസിക്കുന്നു. അത് മരണ വേഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണല്ലോ. എന്നാല്‍ ഇത് സ്ത്രീകളില്‍ എപ്പോഴും അനുഭവപ്പെട്ടെന്നു വരില്ല. നെഞ്ചുവേദനക്കുപകരം നെഞ്ചെരിച്ചില്‍, ശ്വാസതടസം, ഗ്യാസ്ട്രബിള്‍, തലകറക്കം, ഏമ്പക്കം, മനം പുരട്ടല്‍ തുടങ്ങി മറ്റു ചില ലക്ഷണങ്ങളാണ് സ്ത്രീകളില്‍ കാണുക. ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതല്ലെന്നു കരുതി സാധാരണ വൈദ്യസഹായം തേടാറില്ല. നെഞ്ചുവേദന ഉണ്ടായാല്‍ പോലും സ്ത്രീകളാണെങ്കില്‍ അതിനെ സാരമാക്കാറില്ല. സ്ത്രീകള്‍ മറ്റൊരു കാര്യത്തില്‍ കൂടി നിര്‍ഭാഗ്യവതികളാണ്. ഹൃദ്രോഗനിര്‍ണയത്തിനുപയോഗിക്കുന്ന പല പരിശോധനാ മാര്‍ഗങ്ങളും അവരുടെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നതാണത്. അഭിപ്രായം ഖണ്ഡിതമായി പറയാന്‍ കഴിയാത്ത തരത്തില്‍ ഇ.സി.ജി ടെസ്റ്റിന്റെ ഫലം സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്.
ആദ്യ അറ്റാക്കുണ്ടായവരില്‍ ഒരു കൊല്ലത്തിനുള്ളില്‍ മരിക്കുന്നവരുടെ കണക്കെടുത്താല്‍ സ്ത്രീകളുടെ മരണസംഖ്യ പുരുഷന്മാരേക്കാള്‍ 25 ശതമാനം കൂടുതലാണ്. ഹൃദ്രോഗത്തിലേക്കുള്ള രക്തസഞ്ചാരം പുന:സ്ഥാപിക്കാനുള്ള വിവിധ ചികിത്സാ മാര്‍ഗങ്ങളും സ്ത്രീകളില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല. ബൈപാസ് സര്‍ജറിക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ അപകട സാധ്യത കൂടുതലാണ്. ഇത്തരം ചികിത്സക്ക് വിധേയരാകുന്ന സ്ത്രീകളില്‍ തുടര്‍ന്നുള്ള അതിജീവന സാധ്യതയും പുരുഷന്മാരേക്കാള്‍ പത്തിരട്ടി കുറവാണ്. സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന റിസ്‌ക് ഫാക്ടറുകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ദുര്‍വിനിയോഗം കൂടി ഉള്‍പ്പെടുന്നു. അതേസമയം ആര്‍ത്തവമുള്ള സ്ത്രീകളില്‍ കാണുന്ന ‘ഈസ്‌ട്രോജന്‍’ എന്ന ഹോര്‍മോണ്‍ സ്ത്രീകളെ ഹൃദ്രോഗത്തില്‍നിന്ന് ഒരുപരിധി വരെ രക്ഷിക്കുന്നു. ഈസ്‌ട്രോജന്‍ നല്ല എച്ച്.സി.എല്‍ കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ധിപ്പിക്കുകയും അമിതരക്ത സമ്മര്‍ദ്ദം ക്രമീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ത്തവ വിരാമത്തോടെ ഈസ്‌ട്രോജന്റെ പരിരക്ഷണം നഷ്ടമാവുമ്പോള്‍ സ്ത്രീകള്‍ സാവധാനം ഹൃദ്രോഗത്തിലേക്ക് വഴുതി വീഴുന്നു. ആര്‍ത്തവം നിലച്ച സ്ത്രീകളെ ഹൃദ്രോഗ സാധ്യതയില്‍നിന്ന് പരിരക്ഷിക്കാനുള്ളതാണ് ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ. ആര്‍ത്തവം നിലക്കുന്നതിന് മുമ്പ് സ്ത്രീകള്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന അതേ അളവിലുള്ള ഹോര്‍മോണ്‍ സ്ഥിരമായി സ്ത്രീകള്‍ക്ക് നല്‍കുക എന്നതാണ് ആ ചികിത്സയില്‍ അടങ്ങിയിട്ടുള്ളത്. ഈസ്‌ട്രോജന്‍ തെറാപ്പിയെടുത്ത സ്ത്രീകളില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് 53 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈസ്‌ട്രോജന്‍ തെറാപ്പിക്ക് ചില പാര്‍ശ്വഫലങ്ങളുണ്ട്. ഈ ചികിത്സക്ക് വിധേയരായവരില്‍ സ്താനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരും റിസക് ഫാക്ടറുകള്‍ ഉള്ളവരും ഈസ്‌ട്രോജന്‍ ഹോര്‍മോണ്‍ തെറാപ്പി വിദഗ്ധ നിര്‍ദ്ദേശ പ്രകാരം മാത്രമേ കൈകൊള്ളാന്‍ പാടുള്ളൂ.