X

ഇനിയെങ്കിലും ഭരിക്കാന്‍ സമയം കണ്ടെത്തണം-എഡിറ്റോറിയല്‍

പിന്‍വാതില്‍ നിയമനവും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലുമൊക്കെ പിണറായി വിജയന്‍ ഭരണകാലത്ത് വാര്‍ത്ത അല്ലാതായിട്ട് നാളുകളായി. അഭ്യസ്ഥ വിദ്യരായ യുവാക്കള്‍ തൊഴിലിനു വേണ്ടി അലയുമ്പോഴാണ് സ്വന്തക്കാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും നിര്‍ബാധം പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്നത്. ഭരണ സ്വാധീനത്തിലാണ് ഈ സ്വജനപക്ഷപാതം. സ്വന്തക്കാര്‍ക്ക് ജോലി ലഭിക്കാന്‍ തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന്റേതെന്ന പേരില്‍ പുറത്തുവന്ന കത്ത് വന്‍ വിവാദമായിരുന്നു. പിന്നീട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്ത് പുറത്തായി. ഇതെല്ലാം വെള്ള പൂശാനെന്നോണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്ത് സര്‍ക്കാര്‍ തന്നെ ഇന്നലെ പുറത്തുവിട്ടിരിക്കുകയാണ്. രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ 2020 ഡിസംബര്‍ 29ന് അയച്ചത്. രാജ്ഭവനില്‍ 45 താല്‍ക്കാലിക ജീവനക്കാരാണുള്ളതെന്ന് കത്തില്‍ പറയുന്നുണ്ട്. ഇതില്‍ 20 പേര്‍ നാലു മുതല്‍ ഒന്‍പതുവര്‍ഷം വരെ രാജ്ഭവനില്‍ സേവനം അനുഷ്ഠിച്ചു വരികയാണ്.

രണ്ട് വര്‍ഷം മുമ്പ് ഗവര്‍ണര്‍ അയച്ച കത്ത് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടതിനുപിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. സര്‍ക്കാറിന്റെ ഭരണ പരാജയം മറച്ചുവെക്കുക എന്നതാണ് അതിലൊന്ന്. പിന്‍വാതില്‍ നിയമനമുള്‍പെടെ മേയറുടേതടക്കമുള്ള കത്തുകള്‍ പാര്‍ട്ടിക്കു വരുത്തിവെച്ച കോട്ടം മറച്ചുപിടിക്കുക എന്നതാണ് മറ്റൊന്ന്. എന്നാല്‍ ഇത്തരം വേലകള്‍കൊണ്ടൊന്നും മായ്ക്കാനാവുന്നതല്ല ഭരണ പരാജയം. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ജീവിക്കുക എന്നതു തന്നെ ഈ ഭരണത്തില്‍ ദുസ്സഹമായിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ട് നാളുകളേറെയായി. അരി ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ അനങ്ങാതിരിക്കുകയാണ്. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്തവിധത്തില്‍ ക്രമാതീതമായ വിലക്കയറ്റമാണ് എല്ലാ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിത്യോപയോഗ വസ്തുക്കള്‍ക്കു മാത്രമല്ല, നിര്‍മാണ സാമഗ്രികള്‍ക്കും വില വന്‍തോതിലാണ് കൂടിയത്. ഇതുമൂലം നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതായി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ സായാഹ്ന പ്രതിഷേധ പരിപാടി സംഘടിപ്പു. ഇതുകൊണ്ടും സര്‍ക്കാര്‍ ഉണരുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുമുണ്ട്.

സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് വാര്‍ത്തകളില്‍ ഇടംപിടിച്ചാല്‍ ഭരണ പരാജയം മറച്ചുവെക്കാമെന്നത് സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണ്. സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നം മറന്നാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന ഓര്‍മ ഭരണകര്‍ത്താക്കള്‍ക്കുവേണം. ഗവര്‍ണര്‍ അയച്ച കത്തില്‍ പൊതിഞ്ഞ് മറയ്ക്കാനാവുന്നതല്ല ജനങ്ങളുടെ പ്രശ്‌നങ്ങള്‍. തൊഴില്‍ ചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്തുന്നവരാണ് മഹാഭൂരിപക്ഷവും. ഒരു നേരത്തെ ആഹാരത്തിനുപോലും അവര്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇതെല്ലാം മറന്ന് എത്ര നാള്‍ ഈ കളി തുടരാനാകും. അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കളെ വഞ്ചിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍പിന്നെ പിന്‍വാതില്‍ നിയമന ഉത്സവമാണ് അരങ്ങേറിയത്. പാര്‍ട്ടിക്കൂറും ശുപാര്‍ശക്ക് കത്തുമൊന്നുമില്ലാത്തവരുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ ഒരിക്കലും പൂവണിയില്ല എന്ന അവസ്ഥയാണ്. അവരെത്ര കഴിവുള്ളവരാണെങ്കിലും. ഇതിനൊക്കെ ഇടയിലാണ് പൊലീസിന്റെ നായാട്ടും. പൊലീസിനെ കയറൂരി വിട്ട അവസ്ഥയിലാണ്. ആഭ്യന്തര വകുപ്പിന് പൊലീസിനുമേല്‍ യാതൊരു നിയന്ത്രണവുമില്ല. പരാതി നല്‍കാന്‍ പോലും സ്റ്റേഷനില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നേരെ ഞായറാഴ്ച രാത്രി മദ്യപാനിയില്‍നിന്നുണ്ടായ ആക്രമണം ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സാമ്പത്തിക അച്ചടക്കമില്ലായ്മ സംസ്ഥാനത്തിന്റെ കടം വര്‍ധിപ്പിക്കുകയാണ്. നിത്യനിദാന ചെലവുകള്‍ക്ക് കടം വാങ്ങേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ ഭരണപരാജയം ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നെങ്കിലും ഭരണക്കാര്‍ മനസിലാക്കണം. ശത്രു ചമഞ്ഞ് നടക്കുന്ന ഗവര്‍ണറും സര്‍ക്കാറും അടുത്ത നിമിഷം ഭായി ഭായി പറയുന്ന കാഴ്ചയാണ് ജനങ്ങള്‍ കാണുന്നത്. രണ്ടു പേരും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളാണ്. അതിനാല്‍ ഇനിയെങ്കിലും ഇത്തരം കിഞ്ചന വര്‍ത്തമാനം നിര്‍ത്തി ഭരിക്കാന്‍ നേരം കണ്ടെത്തണമെന്നേ പറയാനുള്ളൂ.

web desk 3: