ന്യൂഡല്‍ഹി: റഫാല്‍ അഴിമതിക്കേസില്‍ വീണ്ടും മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. രേഖകളുടെ ഫോട്ടോകോപ്പി മോഷണം പോയി എന്നാണ് കോടതിയില്‍ പറഞ്ഞത്. സര്‍ക്കാര്‍ രഹസ്യ രേഖകള്‍ ആയി കണക്കാക്കുന്നവയുടെ പകര്‍പ്പുകള്‍ ഉപയോഗിച്ചുവെന്നാണ് കോടതിയെ അറിയിച്ചതെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ മോഷണം പോയെന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഇത് വന്‍ വിവാദത്തിന് കാരണമായിരുന്നു. അഴിമതി പിടിക്കപ്പെടുമെന്നായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കളവ് പറയുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. രേഖകള്‍ മോഷണം പോയെന്ന നിലപാട് വിവാദമായ സാഹചര്യത്തിലാണ് അറ്റോര്‍ണി ജനറല്‍ നിലപാട് തിരുത്തിയത്.