ഭുവനേശ്വര്‍: രാജ്യത്ത് ഇതുവരെ അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാര്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ കളവ് മോദി ഒറ്റക്ക് പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന് മുമ്പുള്ള ഏത് പ്രധാനമന്ത്രിമാരെക്കാളും ഏറെ ഇന്ത്യയെ കുഴപ്പങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനമന്ത്രിയും മോദിയാണെന്ന് രാഹുല്‍ പറഞ്ഞു. ഒഡീഷ്യയിലെ കൊരാപുതില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാഥാര്‍ത്ഥ്യത്തെ ഒരിക്കലും അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു. തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ മദ്യ ഉപയോഗവും അതിക്രമങ്ങളും സംഘര്‍ഷവും വര്‍ധിക്കുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.