ന്യൂഡല്‍ഹി: രാമജന്മ ഭൂമി തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ്് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യക്ക് മേലുള്ള അവകാശവാദങ്ങള്‍ മുസ്്‌ലിംകള്‍ ഉപേക്ഷിക്കണം. അയോധ്യ മുസ്്‌ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമല്ല. അത് മനസിലാക്കി മുസ്്‌ലിംകള്‍ പിന്‍വാങ്ങണം. ഈ പ്രശ്‌നം നല്ല രീതിയില്‍ തന്നെ പരിഹരിക്കണം. ഒരു തര്‍ക്കഭൂമിയില്‍ വച്ച് പ്രാര്‍ത്ഥിക്കാന്‍ ഇസ്്‌ലാം മതം അനുവാദം നല്‍കുന്നില്ലെന്ന് രവിശങ്കര്‍ പറഞ്ഞു.


തര്‍ക്കമേഖലയില്‍ ആസ്പത്രി പോലുള്ള സ്ഥാപനങ്ങള്‍ പണിയണമെന്ന ആവശ്യങ്ങളോടു തനിക്ക് വിയോജിപ്പാണുള്ളത്. രാമന്റെ ജന്മസ്ഥലത്ത് ആസ്പത്രി പണിയാന്‍ കഴിയുന്നതെങ്ങനെയെന്നും രവിശങ്കര്‍ ചോദിച്ചു. ശ്രീരാമനെ മറ്റൊരു സ്ഥലത്ത് ജനിപ്പിക്കാന്‍ സാധ്യമല്ലല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി.

ബാബറി മസ്ജിദ് -രാമജന്മ ഭൂമി തര്‍ക്കം സുപ്രിം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ശ്രീ ശ്രീ രവിശങ്കര്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് എട്ടാം തിയ്യതി സുപ്രീം കോടതിയില്‍ ഈ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിവാദ പരമാര്‍ശവുമായി യോഗ ഗുരു രംഗത്തു വന്നിരിക്കുന്നത്.

മുഗള്‍ ഭരണ കാലത്ത് പണിത ബാബരി മസ്ജിദ് 1992ലാണ് സംഘ്പരിവാര്‍ കര്‍സേവകര്‍ തകര്‍ത്തത്.