നടുവേദനയെ നിസ്സാരമായി കാണുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ നടുവേദനയെ നിസ്സാരമായി കാണരുതെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന നടുവേദന ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം.

ശ്വാസകോശാര്‍ബുദം പുകവലിശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലിക്കാത്തവര്‍ക്കും ശ്വാസകോശാര്‍ബുദം ബാധിക്കാമെങ്കിലും പുകവലിക്കുന്നവരില്‍ അഞ്ചില്‍ നാലുപേര്‍ക്കും ഈ രോഗം ഉണ്ടാകാം. മറ്റ് അര്‍ബുദങ്ങളെപ്പോലെ ഇത് തിരിച്ചറിയാന്‍ പ്രയാസമാണ്.

കാരണം ശ്വാസകോശത്തിലെ മിക്ക മുഴകളും (tumour) ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. വലിയ ട്യൂമറുകള്‍ പോലും ശ്രദ്ധിക്കപ്പെടാതെ പോകാം.
യുഎസിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ മുന്‍പു നടത്തിയ ഒരു പഠനത്തില്‍ നടുവേദന ശ്വാകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം എന്നു കണ്ടു. നിരവധി പഠനങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ശ്വാസകോശാര്‍ബുദം ബാധിച്ച 47 ശതമാനം പേരും കഠിനമായ പുറംവേദന മൂലം വിഷമിച്ചിരുന്നതായി കണ്ടു.
തീരെ ചെറിയ വേദന മുതല്‍ അതികഠിനമായ നടുവേദന വരെ ലങ് കാന്‍സറിന്റെ ലക്ഷണമാകാം. പുരുഷന്‍മാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് ശ്വാസകോശാര്‍ബുദം. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ലങ് കാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദം തന്നെയാണ്.

പുകവലിക്കാതിരിക്കുക, വായുമലിനീകരണം തടയുക എന്നീ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ രോഗസാധ്യത കുറയ്ക്കാന്‍ സാധിക്കും.