ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം അക്രമ പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ട ബജ്‌റങ്ദളിനെ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ബഹുസ്വര ഇന്ത്യയെന്ന, രാജ്യത്തിന്റെ മഹത്തായ മൂല്യത്തിന് നിരന്തരം നാണക്കേട് വരുത്തിവെക്കുകയാണ് ഈ ഗുണ്ടകളെന്നും ‘എക്‌സി’ല്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം യു.പിയിലെ ബറേലിയില്‍ നടത്തിയ മറ്റൊരു അതിക്രമത്തിന്റെ വിഡിയോ പങ്കുവെച്ചാണ് രാജ്ദീപ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ബറേലിയില്‍ ഒരു റെസ്റ്ററന്റില്‍ ഹിന്ദു മതസ്ഥയായ കൂട്ടുകാരിയുടെ ബര്‍ത്ത് ഡേ വിരുന്നില്‍ പങ്കെടുക്കാനെത്തിയ രണ്ട് മുസ്‌ലിം സഹപാഠികളെ ഒരു കൂട്ടം ബജ്‌റങ്ദളുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. അക്രമത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുറ്റക്കാരായ ചിലര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഈ ഗുരുതര കുറ്റങ്ങള്‍ക്ക് അക്രമികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുകയും ഇവരെ നിരോധിക്കുകയും വേണം’ -തന്റെ എക്‌സ് പോസ്റ്റില്‍ രാജ്ദീപ് തുറന്നടിച്ചു.