തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആസ്പത്രി അധികൃതര്‍. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുമെന്നും ഇപ്പോള്‍ മുറിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസമാണ് ബാലഭാസ്‌ക്കറിനോടൊപ്പം യാത്ര ചെയ്തിരുന്ന ലക്ഷ്മി അപകടത്തില്‍ പെടുന്നത്. സംഭവസ്ഥലത്തുവെച്ച് മകള്‍ തേജസ്വിനി ബാലയും ഒരാഴ്ച്ചക്കു ശേഷം ബാലഭാസ്‌ക്കറും മരണത്തിന് കീഴടങ്ങി.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയെ മുറിയിലേക്ക് മാറ്റി. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. പരിക്കുകള്‍ ഭേദപ്പെട്ട് വരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ലക്ഷ്മി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം, സന്ദര്‍ശകരുടെ ബഹളം ലക്ഷ്മിയെ ബാധിക്കുന്നുണ്ടെന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആരെയെങ്കിലും കാണാന്‍ ലക്ഷ്മി ആവശ്യപ്പെട്ടാല്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

അപകടത്തിന് ശേഷം ലക്ഷ്മി അബോധാവസ്ഥയിലായിരുന്നു. ബാലഭാസ്‌ക്കറിന്റേയും മകളുടേയും മരണം ദിവസങ്ങള്‍ക്കു ശേഷമാണ് ലക്ഷ്മിയെ അറിയിച്ചത്. ഇത് ലക്ഷ്മി ഉള്‍ക്കൊണ്ട് വരുന്നതേയുള്ളൂവെന്നാണ് വിവരം.