kerala

ബാലരാമപുരത്തെ കൊലപാതകം; ഹരികുമാര്‍ നേരത്തെയും കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നതായി വിവരം

By webdesk18

January 31, 2025

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഹരികുമാര്‍ നേരത്തെയും കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നതായി വിവരം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് നല്‍കുന്നതിനായി പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. തുടര്‍ന്നായിരിക്കും തെളിവെടുപ്പ് നടത്തുക. പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും കൊലപാതകം കാരണം മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

അതേസമയം, അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ ദേവേന്ദുവിനെ അമ്മാവന്‍ ഹരികുമാര്‍ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊല്ലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്.