ധാക്ക: യുവജനങ്ങളുടെ പ്രതിഷേധത്തില്‍ സ്തംഭിച്ച് ബംഗ്ലാദേശ് തലസ്ഥാനം. തെരുവുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് യുവാക്കളും യുവതികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. അഞ്ച് ദിവസമായി നടന്ന പ്രതിഷേധത്തില്‍ ധാക്ക സ്തംഭിച്ചു. കഴിഞ്ഞ ദിവസം ബസുകളുടെ മത്സരയോട്ടത്തിനിടെ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം അണയാതെ കിടക്കുകയാണ്. കഴിഞ്ഞ ദിവസം നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവാക്കളും കൗമാരക്കാരും പ്രതിഷേധവുമായി തെരുവിലിറങ്ങി. മണിക്കൂറുകളോളമാണ് തെരുവ് നിശ്ചലമായത്.

ദിയ ഖാന്‍, അബ്ദുല്‍ കരിം എന്നിവരാണ് കഴിഞ്ഞ ദിവസം അപടകത്തില്‍ മരിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ സമരക്കാര്‍ക്കൊപ്പം അണിചേരുകയായിരുന്നു. ബംഗ്ലാദേശ് കണ്ടതില്‍ വച്ച് വ്യത്യസ്ഥമായ സമരമാണ് ധാക്കയില്‍ നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേതാക്കന്മാര്‍ ആരും ഇല്ലാതിരുന്നതും സമരത്തെ വ്യത്യസ്ഥമാക്കുന്നു.

വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി ഷെക്ക് ഹസീന പറഞ്ഞു. മാതാപിതാക്കളുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നതായും സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.