കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്നാണ് ജീവനക്കാരുടെ വാദം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപയാണ് പ്രവര്‍ത്തന ലാഭമുണ്ടാക്കിയത്. എന്നാല്‍ ലാഭവിഹിതം മുഴുവന്‍ കിട്ടാക്കടത്തിന്റെ നീക്കിയിരുപ്പിനാണ് ഉപയോഗിച്ചത്. കിട്ടാക്കടങ്ങളില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റുകളുടേതാണ്. ഇത് തിരിച്ചുപിടിക്കാന്‍ സര്‍ക്കാറും റിസര്‍വ് ബാങ്കും നടപടി സ്വീകരിക്കുന്നില്ല. സാമ്പത്തിക രംഗത്തെ യഥാര്‍ത്ഥ പ്രശ്‌നമായ കിട്ടാക്കടത്തില്‍ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ബാങ്കുകളുടെ ലയനമെന്നും ബാങ്ക് ജീവനക്കാര്‍ ആരോപിക്കുന്നു.