തിരുവനന്തപുരം: പഴയ 500, 1000 നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിവാങ്ങാമെന്ന നിര്‍ദ്ദേശത്തുടര്‍ന്ന് ബാങ്കുകളില്‍ വന്‍ തിക്കും തിരക്കും. പലയിടത്തും ക്യൂ റോഡിലേക്ക് നീണ്ടു. ഇത് ഗതാഗതത്തേയും നേരിയ നിലയില്‍ ബാധിച്ചു.

അടുത്ത മാസം 31 വരെ നോട്ടുകള്‍ മാറ്റിവാങ്ങാവുന്നതാണ്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ സഹകരണ ബാങ്കുകളില്‍ തല്‍ക്കാലം നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സൗകര്യമുണ്ടാവില്ല. രാവിലെ ഇവ തുറക്കുന്ന മുറക്ക് തന്നെ നോട്ടുകള്‍ മാറ്റിക്കൊടുക്കുമെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം എടിഎമ്മുകളുടെ പ്രവര്‍ത്തനം ഇന്ന് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകില്ല. വെള്ളിയാഴ്ചത്തോടെയാണ് ഇവയെ പൂര്‍ണമായും ഉപയോഗിക്കാനാവുക.

ഇന്നലെത്തന്നെ പലരുടെയും കയ്യില്‍ ചില്ലറയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ഉറപ്പാണ്. പുതിയ നോട്ടുകള്‍ എളുപ്പത്തില്‍ സ്വന്തമാക്കുന്നതിന് വേണ്ടി അടുത്ത ശനിയും ഞായറും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.