മാഡ്രിഡ്: സ്പാനിഷ് ലാലി ഫുട്‌ബോളിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ ബാര്‍സലോണക്ക് വന്‍ ജയമൊരുക്കിയ ലാറ്റിനമേരിക്കന്‍ താരങ്ങളായ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും ക്ലബ്ബ്, ആഘോഷത്തിനായി കൂടുതല്‍ സമയം നല്‍കി. നിലവില്‍ ക്രിസ്മസ് അവധിയിലുള്ള കളിക്കാര്‍ ഈ മാസം 30-ന് വൈകുന്നേരത്തോടെ തിരിച്ചെത്തണമെന്ന് നിര്‍ദേശിച്ച ക്ലബ്ബ് സൂപ്പര്‍ താരങ്ങള്‍ക്ക് മൂന്നു ദിവസം അധികം അവധി അനുവദിച്ചു. മെസ്സിക്കും സുവാരസിനും പുറമെ, ക്ലബ്ബ് വിടാനൊരുങ്ങുന്ന പ്രതിരോധ താരം ഹവിയര്‍ മഷരാനോക്കും ജനുവരി 2 വരെ ലീവുണ്ട്.

‘ബാര്‍സലോണ കളിക്കാര്‍ ഇപ്പോള്‍ ക്രിസ്മസ് അവധിയിലാണ്. ബര്‍ണേബുവില്‍ 3-0ന് ജയിച്ച മത്സരത്തിലെ ഫൈനല്‍ വിസില്‍ മുതല്‍ കളിക്കാരുടെ ആഘോഷ അവധി ആരംഭിച്ചിരിക്കുന്നു. ഡിസംബര്‍ 30 ന് വൈകീട്ട് ആറു മണി വരെ എല്ലാവര്‍ക്കും അവധിയാണ്. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി, ഹവിയര്‍ മഷരാനോ എന്നിവര്‍ ജനുവരി 2-ന് ടീമിനൊപ്പം ചേര്‍ന്നാല്‍ മതി എന്ന് അനുമതി നല്‍കിയിട്ടുണ്ട്.’ ബാര്‍സലോണ പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രിസ്മസ് അവധിക്കൊപ്പം പുതുവത്സരം കൂടി കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് മെസ്സിയും സുവാരസും ക്ലബ്ബിനോട് അപേക്ഷിച്ചിരുന്നു. അടുത്ത മത്സരം ജനുവരി നാലിനേ ഉള്ളൂ എന്നതിനാലാണ് ഇരുവര്‍ക്കും കൂടുതല്‍ സമയം നല്‍കാന്‍ മാനേജ്‌മെന്റ് സന്നദ്ധരായത്.

സ്പാനിഷ് കിംഗ്സ് കപ്പ് (കോപ ഡെല്‍ റേയ്) ആണ് 2018-ലെ ബാര്‍സയുടെ ആദ്യ മത്സരം. ജനുവരി നാലിന് ഇന്ത്യന്‍ സമയം രാത്രി 11.30 ന് സെല്‍റ്റ വിഗോയെ അവരുടെ തട്ടകത്തിലാണ് ബാര്‍സ നേരിടുന്നത്.