വലന്‍സിയ: സ്പാനിഷ് ലീഗിലെ വാശിപ്പോരില്‍ ബാര്‍സലോണക്ക് 2-3ന്റെ ത്രസിപ്പിക്കുന്ന വിജയം. മിന്നും ഫോമില്‍ നില്‍ക്കുന്ന ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ പ്രകടനമാണ് വൈകാരിക മത്സരത്തില്‍ ബാര്‍സക്ക് വിജയം സമ്മാനിച്ചത്.
ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ പെനാല്‍ട്ടി ഗോളിലൂടെ വലകുലുക്കിയാണ് മെസ്സി കാറ്റാലന്മാര്‍ക്ക് ജയം സമ്മാനിച്ചത്. ഗോളടിച്ച ശേഷം വലന്‍സിയ കാണികളെ നോക്കി നിശബ്ദരാകാന്‍ ആംഗ്യംകാണിച്ചും വന്യമായി ആഘോഷിച്ചും മെസ്സിയും വികാരാധീനനായി.
പ്രകോപിതരായ കാണികള്‍ കുപ്പികളും മറ്റുമെടുത്ത് താരങ്ങളെ എറിഞ്ഞതോടെ ലൂയിസ് സുവാരസും നെയ്മറും മൈതാനത്ത് കിടന്നു. സുവാരസിന്റെ വകയായിരുന്നു ബാര്‍സയുടെ ശേഷിക്കുന്ന ഗോള്‍. ജയത്തോടെ ഒമ്പതു കളികളില്‍ 19 പോയിന്റുമായി ബാര്‍സ ഒന്നാമതെത്തി. എട്ടു കളികളില്‍ പതിനെട്ട് പോയിന്റ് വീതം നേടി അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തൊട്ടരികെയുണ്ട്.
17 പോയിന്റുള്ള സെവിയയും വെല്ലുവിളിയാണ്.
22-ാം മിനുട്ടില്‍ മെസ്സിയുടെ ഗോളില്‍ ലീഡെടുത്ത ബാര്‍സയെ 52-ാം മിനുട്ടില്‍ വലന്‍സിയ തളച്ചു. ബാര്‍സലോണയുടെ അക്കാദമിയില്‍ വളര്‍ന്ന മുന്‍ ബാര്‍സ താരം മുനീര്‍ ഹദ്ദാദിയായിരുന്നു സ്‌കോറര്‍. 56-ാം മിനുട്ടില്‍ റോഡ്രിഗോയിലൂടെ അവര്‍ ലീഡെടുത്തു. 62-ാം മിനുട്ടില്‍ സുവാരസിലൂടെ സമനില പിടിച്ച ബാര്‍സ നിര്‍ണായക നിമിഷത്തിലെ പെനാല്‍ട്ടി ഗോളിലൂടെ വിജയം പിടിച്ചുവാങ്ങി.
Be the first to write a comment.