ന്യൂഡല്‍ഹി: മോദിക്കെതിരെ വിമര്‍ശനവുമായി ബി.ബി.സി മുന്‍ ഇന്ത്യന്‍ ബ്യൂറോ ചീഫ് മാര്‍ക്ക് ടള്ളി. നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം ആദരിച്ച നേതാവാണ് രാജീവ് ഗാന്ധി. അങ്ങനെയുള്ള നേതാവിനെതിരെ മോദി കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പ്രസ്താവന നിശ്ചയമായും തെറ്റാണ്-മാര്‍ക്ക് ടള്ളി പറഞ്ഞു.

ഗാന്ധി കുടുംബത്തെ ഏതു വിധേനയും തകര്‍ക്കുക എന്ന ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമായാണ് മോദിയുടെ രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധിയുടെ മരണാനന്തര ചടങ്ങിന് അറുപതോളം രാഷ്ട്രങ്ങളിലെ നേതാക്കളാണ് പങ്കെടുത്തത്. മോദി പറയുന്നതു പോലെ അദ്ദേഹം അഴിമതിക്കാരനായിരുന്നെങ്കില്‍ ഇത്രയധികം നേതാക്കള്‍ പങ്കെടുക്കുമായിരുന്നോ എന്നും ടള്ളി ചോദിച്ചു.

രാഹുല്‍ മികച്ച നേതാവായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന് വേണ്ടുവോളമുണ്ട്. മോദിയെ പോലെ മോശം രീതിയില്‍ പ്രസംഗിക്കുന്ന ആളല്ല രാഹുല്‍. പ്രിയങ്ക ഗാന്ധിക്ക് ഇന്ധിരയുടെ അതേ പ്രചാരണ ശൈലിയാണെന്നും അവര്‍ പക്വതയുള്ള നേതാവാണെന്നും ടള്ളി പറഞ്ഞു.