X

ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ കാവലാളാകണം: മന്ത്രി സജി ചെറിയാന്‍

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മന്ത്രി സജി ചെറിയാന്‍. ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുയായിരുന്നു മന്ത്രി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുമ്പോള്‍ കാവലാളായി മാറണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടനാ അവഹേളനം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച മന്ത്രി വീണ്ടും മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി കാട്ടി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രി വിവാദ പരമായ പരാമര്‍ശം നടത്തിയത്.

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.’ എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.

ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി ചെറിയാന്‍ നടത്തിയില്ലെന്നും മറിച്ച് വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ജനുവരി നാലിന് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഇന്ന് നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഭരണ ഘടനാ മൂല്യങ്ങളെക്കുറച്ചായിരുന്നു സംസാരിച്ചത്. ചെറിയ ഇടവേളകളിലൊഴികെ ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ സാധിച്ചു. നമ്മുടെ അയല്‍രാജ്യങ്ങളില്‍ പലപ്പോഴും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് പട്ടാള ഭരണത്തിനുള്ള മുറവിളികളും ഉയര്‍ന്നു. എന്തെല്ലാം പോരായ്മകള്‍ എതെല്ലാം തരത്തില്‍ ഉണ്ടായിട്ടും ജനാധിപത്യം അത്യന്തികമായി ക്രൂശിക്കപ്പെടരുതെന്ന് ഭരണഘടനാ ശില്‍പികള്‍ നിഷ്‌കര്‍ഷിച്ചു.

ആ നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിക്കുകയും ചെയ്തു. എന്നാല്‍, ഇന്ന് ഭരണഘടന അട്ടിമറിക്കാന്‍ നടക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ട്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

webdesk13: