സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ബെഹ്‌റക്ക് ചുമതല നല്‍കിയത്. കേഡര്‍ തസ്തികയില്‍ ആറ് മാസത്തിനുള്ളില്‍ കൂടുതലുളള താത്ക്കാലിക നിയമനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ചട്ടമാണ് ബെഹ്‌റയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടത്. ഐ.പി.എസ് കേഡര്‍ റൂള്‍ പ്രകാരം രണ്ട് കേഡര്‍ തസ്തികകളാണ് കേരളത്തിലുള്ളത്. വിജിലന്‍സ് ഡയറക്ടറുടെയും പൊലീസ്് മേധാവിയുടെയും. നിലവില്‍ രണ്ട് ചുമതലയും ബെഹ്‌റയാണ് വഹിക്കുന്നത്. 2017 മാര്‍ച്ച് 31നാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്നു നീക്കിയത്. തുടര്‍ന്ന് ബെഹ്‌റക്ക് അധിക ചുമതല നല്‍കി. കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം കേഡര്‍ തസ്തികകളില്‍ ഉദ്യോഗസ്ഥനെ നിയമിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കണം. എന്നാല്‍ ബെഹ്‌റയുടെ നിയമനം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചില്ല. മാത്രമല്ല മറ്റൊരാള്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ അധിക ചുമതല നല്‍കാനും പാടില്ല. ഇതും ലംഘിച്ചാണ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. കേഡര്‍ തസ്തികയില്‍ യോഗ്യരായവരുള്ളപ്പോള്‍ ഒരാളെ തന്നെ എന്തിന് നിയമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചോദ്യമുണ്ടാകുമെന്ന് മുന്നില്‍ കണ്ടാണ് ബെഹ്റയുടെ നിയമനം കേന്ദ്രത്തില്‍ നിന്നും മറച്ചു വച്ചത്.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ച് തടി രക്ഷിക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ബെഹ്റയുടെ നിയമനം ചട്ടലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്ന്, ലോക്നാഥ് ബെഹ്റ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാതി സൂചനകളുണ്ട്. ഇതിനകം ‘വേണ്ടപ്പെട്ടവരെല്ലാം’ കുറ്റമിമുക്തരാക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഡയരക്ടറെ നിയമിക്കാന്‍ ഇടത് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
വിജിലന്‍സ് അഡീഷണല്‍ ഡി.ജി.പി ഷേക് ദര്‍വേഷ് സാഹിബിന് ഡയറക്ടറുടെ പൂര്‍ണ ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ താല്‍പര്യവും അതാണ്. എന്നാല്‍ കേഡര്‍ തസ്തികയായതിനാല്‍ ഡി.ജി.പിമാരെ ആരെയെങ്കിലും നിയമിച്ചാല്‍ മതിയെന്ന തീരുമാനം നടപ്പാക്കുകയാണെങ്കില്‍ ജിയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖക്കായിരിക്കും നറുക്ക്. പുതിയ വിജിലന്‍സ് ഡയറകടറെ നിയമിച്ചതിനു ശേഷം ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെ നീക്കം. കൂടാതെ ഫയര്‍ഫോഴ്സ് മേധാവിയുടെ പദവി കേഡര്‍ തസ്തിക ആക്കണമെന്നും കേരളം ആവശ്യപ്പെടും.