X
    Categories: Views

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങള്‍

ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണാ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. ജയിലിന്റെ ശക്തമായ അഴികള്‍ അഴിക്കാന്‍ ഇവര്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു ജയില്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും മറ്റു രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിവെപ്പിനു മുമ്പ് ഒരു കുന്നിന്മേല്‍ പൊലീസുമായി സംസാരിക്കാന്‍ നില്‍ക്കുന്നുവെന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിഡിയോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഏറ്റുമുട്ടലില്‍ രാജ്യവ്യാപകമായി മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷികളും സംശയമുന്നയിക്കുകയുമാണ്. ഇതുമായി ബന്ധപ്പെട്ട് ദ ക്വിന്റ് ഡോട്ട് കോം ഉയര്‍ത്തിയ ചില സംശങ്ങയങ്ങളിതാ:

1. കൊല്ലപ്പെട്ട അംജദ്ഖാന്‍, സാക്കിര്‍ഖാന്‍, മുഹമ്മദ് സലീഖ്, മെഹ്ബൂബ് ഖാന്‍ എന്നിവര്‍ ഇതിനു മുമ്പ് 2011ല്‍ ഖന്ത്വാര ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഇവരെ എന്ത്‌കൊണ്ട് ഒരേ സെല്ലില്‍ തന്നെ പാര്‍പ്പിച്ചു?

2. ജയിലിലെ ബ്ലോക്ക് ബിയില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ ജയില്‍ ബാരക്ക് തകര്‍ത്ത് ഹെഡ് കോണ്‍സ്റ്റബിള്‍ രമേശ് ശങ്കറിനെ കൊലപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇതിനു ശേഷം അവര്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചാണത്രെ ജയില്‍ ചാടിയത്. ഇതിനു മാത്രം ബെഡ്ഷീറ്റുകള്‍ അവര്‍ക്ക് എവിടെ നിന്നു ലഭിച്ചു?

3. രക്ഷപ്പെട്ട് 90 മിനിറ്റ് കഴിഞ്ഞാണ് അധികൃതര്‍ തടവുചാട്ടം പൊലീസിനെ അറിയിച്ചത്. വന്‍ സുരക്ഷാ സന്നാഹമുള്ള ജയിലില്‍ എന്ത്‌കൊണ്ട് പൊലീസിനെ അറിയിക്കാന്‍ ഇത്രയും വൈകി?

4. രമേശ് ശങ്കറിനെ കൊലപ്പെടുത്തിയത് ഗ്ലാസും മൂര്‍ച്ചയുള്ള സ്പൂണുകളും ഉപയോഗിച്ചാണ്. ജയിലില്‍ ഇവ ലഭിച്ചു?

5. രാവിലെ 10 മണിയോടെയാണ് ഇവര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇവര്‍ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ ഇവര്‍ക്ക് ഇത്രപെട്ടെന്ന് എങ്ങനെ ആയുധങ്ങള്‍ ലഭിച്ചു. ഇവര്‍ നിരായുധരായിരുന്നുവെന്ന ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങിന്റെ പ്രസ്താവനയാണ് അതിലേറെ കൗതുകകരം.

6. വിചാരണാ തടവുകാരായ ഇവരെ എന്ത് കൊണ്ട് ചാനലുകള്‍ ഭീകരവാദികളെന്നോ ഭീകരരെന്ന് സംശയിക്കുന്നവരെന്നോ നിരന്തരം പ്രചരിപ്പിക്കുന്നത്.

7. പൊലീസ് പ്രത്യാക്രമണത്തില്‍ ഇവരെ കൊലപ്പെടുത്തിയതിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. വെടിവെപ്പില്‍ രണ്ട് പേരെ വെടിവെച്ച ശേഷം മറ്റുള്ളവര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയിരുന്നോ?

8. ജയില്‍ യൂണിഫോമിലായിരുന്ന ഇവര്‍ക്കെങ്ങനെ കളര്‍ വസ്ത്രങ്ങള്‍ ലഭിച്ചു?

9. തടവു ചാടിയവരായിട്ടും ഗ്രാമീണര്‍ ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയ ശേഷവും എന്ത്‌കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല.

10. ഇവരെ വെടിവെച്ച് വീഴ്ത്തിയത് ക്ലോസ് റേഞ്ചില്‍ നിന്നോ, മുന്നില്‍ നിന്നോ അതോ പിന്നില്‍ നിന്നാണോ വീഴ്ത്തിയത്?

11. തടവു രക്ഷപ്പെട്ട ഇവര്‍ എന്ത്‌കൊണ്ട് ഒരേസ്ഥലത്തേക്ക് തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചു?

Web Desk: