പറ്റ്ന: രാജ്യം കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ഘട്ടത്തില്‍ കോവിഡിലും രാഷ്ട്രീയം കളിച്ച് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം. കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായി രാഷ്ട്രീയ മുതലെടപ്പ് നടത്തുന്ന പ്രകടന പത്രിക ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനാണ് പുറത്തിറക്കിയത്.

”കോവിഡ് -19 വാക്‌സിന്‍ വിതരണത്തതിനെത്തുമ്പോള്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്. പട്‌നയില്‍ പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ബിഹാറിലെ എല്ലാ പൗരന്‍മാരും രാഷ്ട്രീയമായി ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. പാര്‍ട്ടി നല്‍കുന്ന വാഗ്ദാനങ്ങള്‍ അവര്‍ മനസിലാക്കാനും കഴിയും. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആര് എന്തുചോദിച്ചാലും ആത്മവിശ്വാസത്തോടെ മറുപടി നല്‍കാന്‍ കഴിയുമെന്നും സീതാരാമാന്‍ പറഞ്ഞു. ബിഹാറിലെ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും സീതാരാമന്‍ പറഞ്ഞു.

സംസ്ഥാനത്തെ ആത്മനിര്‍ഭര്‍ ബിഹാറാക്കി മാറ്റുമെന്നാണ് പാഞ്ച് സൂത്ര, എക്് ലക്ഷ്യ, 11 സങ്കല്‍പ് എന്ന തലക്കെട്ടുള്ള പ്രകട പത്രികയിലെ പ്രധാന വാഗ്ദാനം. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗ്രാമ, നഗര വികസനം തുടങ്ങി ബിഹാറിന്റെ സമഗ്രവികസനമാണ് പാഞ്ച് സൂത്രയില്‍ ഉള്‍പ്പെടുന്നത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ബിഹാറിനെ ഐടി ഹബ്ബാക്കി മാറ്റുമെന്നും പ്രകടന പത്രിക വാഗ്ദാനം നല്‍കുന്നു.

അതേസമയം, കഴിഞ്ഞ തവണ ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ തന്നെ എവിടെയെന്ന ചോദ്യവുമായാണ് പ്രതിപക്ഷ മുന്നണിയായ മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവില്‍ എന്‍ഡിഎ മുന്നണി എങ്ങനെയാണെന്ന ചോദ്യം പോവും ആര്‍ജെഡി ഉയര്‍ത്തുന്നുണ്ട്. ബിജെപി ജെഡിയു സംയുക്തമായാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. എന്നാല്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും പസ്വാന്‍ മാറിനില്‍ക്കുന്നതും ജെഡിയുവിനെതിരെ മത്സരിക്കുന്നും തിരിച്ചടിയാണ്. ഒക്ടോബര്‍ 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും ഏഴിനുമാണ്. ഫലപ്രഖ്യാപനം നവംബര്‍ 10നാണ്.