തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്റെ ബന്ധുവാണെന്ന് ബിജു രമേശ്. എംബസി ഉദ്യോഗസ്ഥര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് വിളിച്ചത്. എംബസിയിലെ പിആര്‍ഒ ആണ് മദ്യം വാങ്ങിക്കൊണ്ടുപോയതെന്നും ബിജു രമേശ് പറഞ്ഞു.

‘കോണ്‍സുലേറ്റിലെ വാഹനത്തിലാണ് മദ്യം കൊണ്ടുപോയത്. സ്വപ്ന തന്നെയും താന്‍ സ്വപ്നയേയും വിളിച്ചിട്ടുണ്ട്. സ്വപ്ന ബന്ധുവാണ്. മറ്റൊരു ഇടപാടും സ്വപ്നയുമായി ഇല്ല.’ ബിജു രമേശ് പറഞ്ഞു.ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ബിജു രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.

കെ.എം മാണിയും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുകളിച്ചാണ് ബാര്‍ കോഴക്കേസ് അട്ടിമറിച്ചതെന്നും ബിജു രമേശ് ആരോപിച്ചു. തന്നോട് ഉറച്ച് നില്‍ക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും കെ.എം മാണി പിണറായി വിജയനെ കണ്ടതിന് പിന്നാലെയാണ് വാക്ക് മാറ്റിയതെന്നും ബിജു രമേശ് ആരോപിച്ചു.